കോൺഗ്രസിലെ ഒറ്റയാൻ; പി.ടി.തോമസ് എംഎൽഎ അന്തരിച്ചു
- Posted on December 22, 2021
- News
- By Deepa Shaji Pulpally
- 410 Views
കോൺഗ്രസിലെ ഒറ്റയാനായി പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്ന പിടി എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു
തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമായ പിടി തോമസ് അന്തരിച്ചു. അർബുദരോഗബാധിതനായി തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 71 വയസ്സായിരുന്നു.
ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേർത്തു പിടിച്ചത്. താഴെത്തട്ടിലെ പ്രവർത്തകരുമായും സാധാരണക്കാരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന പിടി തൊടുപുഴയിൽ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്.
അവിടെ നിന്നും കോൺഗ്രസിലെ ഒറ്റയാനായി പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്ന പിടി എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു. തൊടുപുഴ മണ്ഡലത്തിൽനിന്ന് രണ്ട് തവണ എംഎൽഎയായി. ഇടുക്കി എം.പിയും ആയിരുന്നു.
പരിസ്ഥിതി വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവായിരുന്നു അദ്ദേഹം. 41 വർഷത്തിലേറെയായി കോണ്ഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും.