നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി വൈകിട്ട് മൂന്നരയ്ക്ക്; ജഡ്ജിക്കു മുന്നിൽ പൊട്ടിക്കരഞ്ഞും ദയ യാചിച്ചും പ്രതികൾ.
- Posted on December 12, 2025
- News
- By Goutham prakash
- 46 Views
സി.ഡി. സുനീഷ്.
കൊച്ചി.
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്നുതന്നെ വിധിക്കും. ഇന്നു വൈകിട്ട് മൂന്നരയ്ക്ക് പ്രതികളുടെ ശിക്ഷ വിധിക്കുമെന്ന് എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് വ്യക്തമാക്കി. ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായുള്ള വാദം ഇന്ന് ഉച്ചയോടെ പൂർത്തിയായിരുന്നു. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരാണ് കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
നേരത്തെ, കേസ് പരിഗണിച്ചെങ്കിലും മറ്റ് കേസുകൾ പരിഗണിച്ചശേഷം ശിക്ഷയിൽ വാദം കേൾക്കാമെന്ന നിലപാടാണ് കോടതി കൈക്കൊണ്ടത്. പതിനൊന്നരയോടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു.
ജുഡീഷ്യൽ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേൾക്കൽ ആരംഭിച്ചത്. അഭിഭാഷകരുടെയും മാധ്യമപ്രവർത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവർത്തികൾ ഉണ്ടാകരുത് എന്നാണ് ജഡ്ജി ഹണി എം. വർഗീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാൻ പാടില്ലെന്ന് ജഡ്ജി കർശനമായി പറഞ്ഞു.
കൂട്ടബലാത്സംഗം അടക്കം തെളിയിക്കപ്പെട്ടിട്ടുള്ള കേസിൽ ശിക്ഷാവിധിയിന്മേലുള്ള വാദമാണ് നടക്കുന്നത്. പ്രതികൾക്ക് പരാമധി ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷന്റെ വാദം. ശിക്ഷയിൽ ഇളവ് നൽകണം എന്നതരത്തിലാവും പ്രതിഭാഗത്തിന്റെ വാദം. ഇരുപക്ഷത്തിന്റെയും വാദം കേട്ടശേഷമായിരിക്കും കോടതി ശിക്ഷാവിധി സംബന്ധിച്ച വിധി പറയുക.
