നവ എഴുത്തുകാരും എം ടി യും
- Posted on August 15, 2022
- Literature
- By Fazna
- 303 Views
പുതിയ മലയാളം പുസ്തകങ്ങള്‍ വായിക്കാറില്ലെന്ന എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ പരാമര്‍ശങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് നോവലിസ്റ്റ് ബെന്യാമിന്‍.
പുതിയ മലയാളം പുസ്തകങ്ങള്‍ വായിക്കാറില്ലെന്ന എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ പരാമര്‍ശങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് നോവലിസ്റ്റ് ബെന്യാമിന്‍.
ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അല്ല, വായനക്കാരന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞത്. എം ടി ക്ക് പുതിയ എഴുത്തില്‍ വലിയ മഹത്വം ഒന്നും കാണാന്‍ കഴിയാത്തത് അദ്ദേഹം അതുക്കും മേലെ ഉള്ളത് വായിച്ചു എന്നതുകൊണ്ടാണ് എന്നും ബെന്യാമിന്‍ തന്‍്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചു. (benyamin supports mt vasudevan)
ബെന്യാമിന്‍്റെ ഫേസ്ബുക്ക് പോസ്റ്റ്:
എം.ടി.യുടെ അഭിമുഖമാണല്ലോ പുതിയ സാഹിത്യചര്‍ച്ച.
വായനയിലെ ആസ്വാദനത്തെ സംബന്ധിച്ച് എം. കൃഷ്ണന്‍ നായര്‍ ഒരു ഉദാഹരണം പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ വീട്ടിലെ പൂപാത്രത്തില്‍ ഇരിക്കുന്ന പൂവ് കണ്ടിട്ട് ഒരാള്‍ തനിക്ക് അത് അത്ര ഇഷ്ടം ആയില്ല എന്നുപറഞ്ഞാല്‍ അയാള്‍ അതിനേക്കാള്‍ മനോഹരങ്ങളായ പൂക്കള്‍ കണ്ടിട്ടുണ്ട് എന്ന് അര്‍ത്ഥം എന്ന്. അതുപോലെ തന്നെയാണ് വായനയും.
ഓരോ വായനക്കാരനും തന്റെ അന്നോളമുള്ള വായനാനുഭവത്തില്‍ നിന്നുകൊണ്ടാണ് പുതിയ ഒരു രചനയെ വിലയിരുത്തുന്നത്. അതിനു ഭാഷാ ഭേദമൊന്നുമില്ല. വായനാഭിരുചി ദീര്‍ഘാകാലം കൊണ്ട് പരുവപ്പെട്ടു വരുന്ന ഒന്നാണ്. ഒരു വായനക്കാരനും ഒരു എഴുത്തുകാരന് സൗജന്യം ഒന്നും നല്‍കാറില്ല. അത് പ്രതീക്ഷിക്കുകയും അരുത്. അവരെ തൃപ്തിപ്പെടുത്തുക എന്നത് എഴുത്തുകാരന്റെ മാത്രം ഉത്തരവാദിത്തമാണ്. അത് മലയാളി, ഇംഗ്ലീഷ്, പുതിയത്, പഴയത്, സ്പാനിഷ്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യാസം ഒന്നുമില്ല. വായനക്കാരന് മുന്നില്‍ പുസ്തകം മാത്രമേയുള്ളു. അങ്ങനെ ഒരു വായനക്കാരന്‍ താന്‍ അതുവരെ വായിച്ചതിന്റെ മുകളില്‍ ഒന്ന് പ്രതീക്ഷിക്കുക തന്നെ ചെയ്യും. ഇനി അതുക്കും മേലെ, അതുക്കും മേലെ എന്നൊരു പ്രതീക്ഷ അയാള്‍ ഓരോ കൃതിയോടും വച്ചുപുലര്‍ത്തും. നിരന്തര വായന ഉണ്ടാക്കുന്ന ഒരു വലിയ പ്രതിസന്ധിയാണത്. അതിനെ മറികടക്കാന്‍ കെല്‍പ്പ് ഇല്ലാത്ത രചനകള്‍ ആരെയും തൃപ്തിപ്പെടുത്തില്ല.
ഈ ഒരു കാര്യം മനസിലാക്കിയാല്‍ എം. ടി. പറഞ്ഞതിന്റെ അര്‍ത്ഥം നമ്മുക്ക് വേഗം പിടി കിട്ടും. മലയാളത്തിലെ ഏതാണ്ട് എല്ലാ വായനക്കാര്‍ക്കും പലവിധത്തില്‍ ലോകസാഹിത്യത്തോട് നല്ല ബന്ധം ഉണ്ട്. അത്തരത്തില്‍ വായന ശീലിച്ച ഒരു സാമൂഹത്തിലേക്കാണ് നമ്മള്‍ നമ്മുടെ പുസ്തകവുമായി കടന്നു ചെല്ലുന്നത് എന്നൊരു ബോധം എഴുത്തുകാര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. അല്ലാതെ എന്നെ മനസിലാക്കാന്‍ കഴിയാത്ത വിധം അയാള്‍ പഴഞ്ചന്‍ ആയിപ്പോയി എന്ന അഹങ്കാരം അല്ല. എം ടി ക്ക് പുതിയ എഴുത്തില്‍ വലിയ മഹത്വം ഒന്നും കാണാന്‍ കഴിയാത്തത് അദ്ദേഹം അതുക്കും മേലെ ഉള്ളത് വായിച്ചു എന്നതുകൊണ്ടാണ്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അല്ല, വായനക്കാരന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞത്. അതിനുള്ള സ്വാതന്ത്ര്യം എങ്കിലും അഹങ്കാരം കൊണ്ട് കണ്ണുകണാതായിപ്പോയ യുവ എഴുത്തുകാര്‍ ആ മനുഷ്യന് കൊടുക്കണം.
നൊബേല്‍ സമ്മാന ജേതാവ് റൊമയ്ന്‍ റോളണ്ട് പറഞ്ഞത് : 'യുവാക്കളെ ഇന്നിന്റെ യുവാക്കളെ, നിങ്ങള്‍ ഞങ്ങളുടെ മുകളിലൂടെ നടക്കു, ഞങ്ങളെക്കാള്‍ മഹത്തുക്കള്‍ ആണെന്ന് തെളിയിക്കു ' എന്നാണ്. അതിനു പുലഭ്യം പറച്ചില്‍ കൊണ്ട് സാധ്യമാവുകയില്ല. മികച്ച രചനകള്‍ ലോകത്തിനു സമ്മാനിക്കാന്‍ ശ്രമിക്കൂ.