വനിത സമ്പന്നരുടെ പട്ടികയില്‍ റോഷ്നി നാടാർ.
- Posted on April 01, 2025
- News
- By Goutham prakash
- 285 Views
വനിത സമ്പന്നരുടെ പട്ടികയില്‍ ചരിത്രത്തിലാദ്യമായി ആദ്യ പത്തില്‍ ഇടംപിടിച്ച് ഇന്ത്യയില്‍ നിന്നുള്ള വനിത. എച്ച്.സി.എല്‍ ടെക്നോളജീസ് ചെയര്‍പേഴ്സണ്‍ റോഷ്നി നാടാറാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യന്‍ വനിത. ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിലാണ് റോഷ്ണി നാടാര്‍ ഇടംപിടിച്ചത്. 3.5 ലക്ഷം കോടിയാണ് ഇവരുടെ ആകെ ആസ്തി. എച്ച്.സി.എല്ലുമായി ബന്ധപ്പെട്ട 47 ശതമാനം ഓഹരികള്‍ ശിവ് നാടാര്‍ മകള്‍ക്ക് കൈമാറിയതോടെയാണ് റോഷ്നിയുടെ വരുമാനം ഉയര്‍ന്നത്. വാമ സുന്ദരി ഇന്‍വെസ്റ്റ്മെന്റ്(വാമ ഡല്‍ഹി), എച്ച്.സി.എല്‍ കോര്പറേഷന് എന്നിവയുടെ ഓഹരികളാണ് റോഷ്നിക്ക് കൈമാറിയത്. ഇതോടെ 12 ബില്യണ്‍ മൂല്യം വരുന്ന ടെക്നോളജി കമ്പനിയുടെ പൂര്‍ണ നിയന്ത്രണം റോഷ്നിക്ക് കൈവന്നു. ഇതോടെ വാമ ഡല്‍ഹിയിലെ 44.17 ശതമാനം ഓഹരിയുടേയും എച്ച്.സി.എല്‍ ടെക്നോളജിയിലെ 0.17 ശതമാനം ഓഹരിയുടേയും വോട്ടിങ് അവകാശം റോഷ്നിക്ക് ലഭിച്ചു. 51 ശതമാനം ഓഹരികള്‍ ശിവ്നാടാര്‍ കൈമാറുന്നതിന് മുമ്പ് വാമ ഡല്‍ഹിയിലും എച്ച്.സി.എല്‍ കോര്‍പറേഷനിലും കൂടി 10.33 ശതമാനം ഓഹരിയാണ് രോഷ്നി നാടാര്‍ക്ക് ഉണ്ടായിരുന്നത്. 2020 ജൂലൈയിലാണ് റോഷ്നി എച്ച്.സി.എല്‍ ടെക്നോളജീസിന്റെ ചെയര്‍പേഴ്സണായി ചുമതലയേറ്റെടുത്ത്. ശിവ് നാടാര്‍ ഫൗണ്ടേഷനില്‍ ട്രസ്റ്റിയായും അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്
