ഈ സംരക്ഷണം വിഡ്ഢിത്തം; വന്യമൃഗങ്ങളെ വേട്ടയാടാന്‍ ലൈസന്‍സ് നല്‍കണം: മാധവ് ഗാഡ്ഗില്‍

തിരുവനന്തപുരം: വയനാട്ടില്‍ കടുവകളെ കൊന്നൊടുക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന വനംമന്ത്രി എകെ ശശീന്ദ്രന്റെ നിലപാടിനെ പിന്തുണച്ച് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. ദേശീയ ഉദ്യാനങ്ങള്‍ക്കു പുറത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് ലൈസന്‍സ് നല്‍കണമെന്ന് ഗാഡ്ഗില്‍ ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനു നിയമം നിര്‍മിച്ചിട്ടുള്ള ഏക രാജ്യമാണ് ഇന്ത്യ. അതു യാതൊരു യുക്തിയില്ലാത്തതും വിഡ്ഢിത്തവുമാണ്. അതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല.ലോകത്ത് ഒരു രാജ്യവും ദേശീയ ഉദ്യാനങ്ങള്‍ക്കു പുറത്ത് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നില്ല- ഗാഡ്ഗില്‍ പറഞ്ഞു.
വേട്ടയാടാന്‍ ലൈസന്‍സ് കൊടുക്കുന്നതു വന്യമൃഗങ്ങളുടെ എണ്ണം കാര്യമായി കുറയ്ക്കില്ല. വന്യമൃഗങ്ങളുടെ മാംസം, മൃഗശല്യം മൂലം പ്രയാസമനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്കു നല്‍കണം. അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലുമെല്ലാം വന്യമൃഗങ്ങളെ വേട്ടയാടാം. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പോലും അത് അനുവദിക്കപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ എങ്ങനെ കൊന്നൊടുക്കും, എങ്ങനെ ലൈസന്‍സ് അനുവദിക്കാം തുടങ്ങിയ കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ ജനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.
ഒരു മനുഷ്യന്‍ ഭീഷണിയായി മാറുമ്പോള്‍ അതു നേരിടാന്‍ ഐപിസി അനുസരിച്ച് നടപടികള്‍ എടുക്കുന്നില്ലേ? അപ്പോള്‍ പിന്നെ മൃഗങ്ങള്‍ ഭീഷണിയാവുമ്പോള്‍ കൊന്നൊടുക്കിയാലെന്താണ്? നിലവിലെ വന്യജീവി സംരക്ഷണ നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവരണമെന്ന് ഗാഡ്ഗില്‍ നിര്‍ദേശിച്ചു. കടുവകളെ കൊന്നൊടുക്കാനുള്ള നിര്‍ദേശത്തെ എതിര്‍ക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ മനുഷ്യവിരുദ്ധരാണെന്ന് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.
സുപ്രീം കോടതിയുടെ അനുമതി തേടും വയനാട്ടിലെ കടുവകളെ കൊന്നൊടുക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. കടുവകളുടെ എണ്ണം പെരുകിയതു മൂലം ജനങ്ങള്‍ക്കുള്ള ഭീഷണിക്കു പരിഹാരമെന്ന നിലയിലാണ് ഇതെന്നും ശശീന്ദ്രന്‍ പറഞ്ഞു.
വന്ധ്യംകരണത്തിലൂടെ കടുവകളുടെ എണ്ണം കുറയ്ക്കാനാണ് സര്‍ക്കാര്‍ ആദ്യം ആലോചിച്ചതെന്നു മന്ത്രി പറഞ്ഞു. എന്നാല്‍ അതു പ്രായോഗികമല്ലെന്നാണ് വിദഗ്ധര്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് കൊന്നൊടുക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുന്നതെന്നു ശശീന്ദ്രന്‍ പറഞ്ഞു.
വയനാട്ടില്‍നിന്നു കടവകളെ തേക്കടി പെരിയാര്‍ കടുവ സങ്കേതത്തില്‍ എത്തിക്കാനും വനംവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. പറമ്പിക്കുളത്ത് എത്തിക്കാനും പദ്ധതിയുണ്ടെന്ന് വനംമന്ത്രി അറിയിച്ചു. ഉന്നത തല യോഗത്തിലാണ് കടുവകളെ കൊന്നൊടുക്കുന്ന കാര്യം പരിഗണിക്കണമെന്ന നിര്‍ദേശം വന്നത്. പശ്ചിമ ബംഗാള്‍ ഇതുമായി ബന്ധപ്പെട്ട് 2012ല്‍ നിയമ നിര്‍മാണം നടത്തിയിട്ടുണ്ട്. സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയില്‍ 2014ല്‍ നിയമം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേരളം കൂടി കക്ഷിയായ ഈ കേസില്‍ സ്‌റ്റേ നീക്കാന്‍ ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നാം പട്ടികയിലുള്ള കടുവയെ കൊന്നൊടുക്കല്‍ അനുവദനീയമായ കാര്യമല്ലെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ദേശീയ മൃഗമായ കടുവയെ, അക്രമകാരിയാവുന്ന പക്ഷം അവസാന മാര്‍ഗം എന്ന നിലയില്‍ മാത്രമാണ് കൊല്ലാനാവുകയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
നരഭോജി കടുവകളെ അവസാന മാര്‍ഗം എന്ന നിലയില്‍ കൊല്ലാം, എന്നാല്‍ എണ്ണപ്പെരുപ്പം തടയാന്‍ കൊന്നൊടുക്കുന്നതു തികച്ചും വ്യത്യസ്തമായ കാര്യമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.