നവ എഴുത്തുകാരും എം ടി യും

എം ടി വാസുദേവൻ നായരുടെ ഒരു അഭിമുഖം മുൻ നിർത്തിയാണ് ഇപ്പോൾ സാഹിത്യ ലോകത്തെ ചർച്ച


എം ടി വാസുദേവൻ നായരുടെ ഒരു അഭിമുഖം മുൻ നിർത്തിയാണ് ഇപ്പോൾ സാഹിത്യ ലോകത്തെ ചർച്ച


"ഇപ്പോൾ ഇംഗ്ലീഷ് പുസ്തകങ്ങളാണ് വായിക്കാൻ എടുക്കുന്നത് എന്നും അതിനു കാരണം മലയാള ഭാഷാ പുസ്തകങ്ങൾ വായിക്കാനുള്ള മടുപ്പാണെന്നും പൂർത്തിയാക്കാതെ മടക്കി വെക്കേണ്ടി വരുന്ന സ്ഥിതി വിശേഷങ്ങളാണ് ഇപ്പോൾ മലയാള പുസ്തകം തനിക്ക് നൽകുന്നത് എന്നും പുതിയ കാലത്തെ അനുഭവ കുറവ് മലയാള സാഹിത്യത്തിൽ ഭാഷ വികലമാക്കുന്നതിനു കാരണമാവുന്നു എന്നും പറഞ്ഞു കൊണ്ടുള്ള ഒരു അഭിമുഖത്തിന്റെ ചില ഭാഗങ്ങളാണ് ഇപ്പോൾ വിവാദ ചർച്ചക്ക് ഇടയായിട്ടുള്ളത്.

ശ്രീ ബെന്യാമിൻ ശ്രീപാർവതി തുടങ്ങിയ പ്രശസ്ത എഴുത്തുകാരെല്ലാം ചർച്ച ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുന്നു.

 അതിനോടനുബന്ധിച്ച ശ്രീപാർവതിയുടെ പോസ്റ്റിനു കീഴിൽ വലിയൊരു ചർച്ച തന്നെ നടക്കുന്നുണ്ട്.

 പ്രശസ്ത സാഹിത്യകാരി ശ്രീ പാർവതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം.

എം ടി പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ടു സംസാരിക്കാൻ ആഗ്രഹിക്കുന്നു. പുതിയ എഴുത്തുകാർ, പുസ്തകങ്ങൾ എന്നിവ വായനക്ഷമമല്ല, അതിലും ഭേദം ഇംഗ്ലീഷ് വായനയാണ്.

പുതിയ എഴുത്തുകാർ വായനക്കാരെ ഭാഷാ പരമായി അകറ്റി നിർത്തുന്നു. ഇത് എം ടിയുടെ മാത്രം അഭിപ്രായമല്ലെന്നും ഒരുപാടു പേരുടെ കാഴ്ചപ്പാടാണെന്നും മനസിലാക്കുന്നു. 

ഇതിൽ ഞാൻ നിരീക്ഷിച്ച കാര്യം പറയാം. 

എം റ്റിയുടേതോ, മാധവിക്കുട്ടിയുടേതോ, അത് കഴിഞ്ഞെത്തിയ പുനത്തിലിന്റേതോ ആരുടേതുമാകട്ടെ, അവരുടെ അനുഭവ പരിസരം, അന്നത്തെ രാഷ്ട്രീയം, സാംസ്‌കാരിക ഇടപെടീലുകൾ, ആളുകളുടെ ജീവിതം, സ്വാധീനം, വായന എന്നിങ്ങനെ പല അടരുകൾ അതിനുണ്ട്. അതേപോലെയുള്ള ഒരു പരിസരത്തു നിന്ന്കൊണ്ടുള്ള എഴുത്തുകൾക്ക് ആ താളം ഉണ്ടാകുന്നത് സ്വാഭാവികവുമാണ്. പക്ഷെ അതിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് പുതിയ കാലത്തിലേക്ക് നോക്കുന്നത് എത്രത്തോളം ശരിയാണ്?

സത്യമാണ് വായനക്കാർ പുതിയ മനുഷ്യരാണ്. പക്ഷെ അവരുടെ വായനയുടെ ഗൃഹാതുരത്വം എം റ്റിയിലും പുനത്തിലും ഒക്കെത്തന്നെയാണ് ചുറ്റിത്തിരിയുന്നത്. അതുകൊണ്ടായിരിക്കുമല്ലോ എസ് ഹരീഷിനെയോ പി എഫ് മാത്യൂസിനെയോ ബി മുരളിയേയോ, ടി ഡി രാമകൃഷ്ണനെയോ വിനോയ് തോമസിനെയോ ഒന്നും കാണാത്തതും അവരുടെതൊന്നും മികച്ച സാഹിത്യമാണെന്നു തോന്നാത്തതും. 

എനിക്ക് തോന്നുന്നു, ഒരുപക്ഷെ ഞാൻ ആ പോസ്റ്റ് ഇട്ടതുകൊണ്ടാവാം ഒരുപാടു പേരുടെ അഭിപ്രായം അങ്ങനെ ആയതെന്നു. സത്യത്തിൽ ആ പോസ്റ്റ് എന്നെപ്പോലെ എഴുത്ത് ജീവിത മാർഗ്ഗമായി കാണുന്നവരെ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. എഴുത്ത് സാഹിത്യത്തിന് വേണ്ടി മാത്രമെന്ന നിലയിൽ എഴുതുന്നവരെ ഉദ്ദേശിച്ചുള്ളതായിരുന്നു, പക്ഷെ തെറ്റിദ്ധരിക്കപ്പെട്ട ഒരുപാട് പേര് ജനപ്രിയ സാഹിത്യമാണ് ഇന്നത്തെ സാഹിത്യം എന്ന രീതിയിൽ പ്രതികരിച്ചു കണ്ടു. അങ്ങനെ ഒരു തോന്നലും വായനക്കാരെപ്പോലെ ഇന്നത്തെ എഴുത്തുകാർക്കില്ല. എന്തിനെഴുതുന്നു, എന്ത് എഴുതുന്നു, അതിന്റെ നിലനിൽപ്പ് എന്താണെന്നു നല്ല ബോധ്യം എന്നെപ്പോലെ ചിലർക്കെങ്കിലുമുണ്ട്. പക്ഷെ തീർച്ചയായും മോശപ്പെടുത്താൻ അനുവദിക്കില്ല എന്ന് മാത്രം. കാരണം ഇത് പലർക്കും അതിജീവനം കൂടിയാണ്. മമ്മൂക്ക പറഞ്ഞത് പോലെ (സിനിമ സാഹിത്യമാക്കിയാൽ) സാഹിത്യത്തിന് നിലനിൽക്കാൻ എം ടിയെയോ ശ്രീപാർവ്വതിയെയോ ആവശ്യമില്ല. പക്ഷെ എഴുതുന്നവർക്കാണ് നിലനിൽപ്പ് ആവശ്യം. അതിനു കാലത്തിനു അനുസരിച്ച വിപണി വഴികൾ ആവശ്യക്കാർ സ്വീകരിച്ചെന്നു വരും. പ്രമോഷൻ അനാവശ്യമെന്നും പുസ്തകങ്ങൾ ഒന്നും സാഹിത്യത്തിന് ഒന്നും നൽകുന്നില്ലെന്നും പറയുമ്പോൾ എന്താണ് പ്രതീക്ഷിക്കുന്നത്? 

സാഹിത്യമായാലും സിനിമ ആയാലും വായനക്കാരന്റെ ആസ്വാദനമാണ് അതിന്റെ നിലനിൽപ്പ്. ഭാഷ അതിനെ നിലനിർത്തുന്ന അല്ലെങ്കിൽ വീണ്ടും വായനയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്ന് മാത്രമാണ്. 

ഒരിക്കലും ഒരു എഴുത്തുകാരന്റെയും എല്ലാ പുസ്തകങ്ങളും മികച്ചത് ആകണമെന്ന് നിര്ബന്ധമില്ല. പക്ഷെ നല്ലതിനെ നല്ലതായി തന്നെ കണക്കിൽപ്പെടുത്തണം. 


ഭാഷയെക്കുറിച്ചാണ് എം ടിയുടെ മറ്റൊരു വാചകം. അദ്ദേഹത്തിന്റെ കാലത്തുള്ള ഭാഷയുടെ ഭാവുകത്വം ഇന്നത്തെ കൃതികൾക്കൊന്നും ഇല്ലെന്നു തന്നെ. ഭാഷയെ നന്നായി തന്നെ കൈകാര്യം ചെയ്യുന്നവരാണ് ഇന്നത്തെ തലമുറ എന്ന് തന്നെയാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. പക്ഷെ കാലം മാറുമ്പോൾ ജീവിതവും രാഷ്ട്രീയവും എല്ലാം വരണ്ടു കിടക്കുന്ന ഒരു കാലത്ത് എങ്ങനെയാണ് ഭാഷയിൽ ഇപ്പോഴും ഭാവുകത്വം നിലനിൽക്കേണ്ടത്? കാലത്തിനു യോജിച്ച ഭാഷാ തെരഞ്ഞെടുക്കുമ്പോഴാണ് ആ കൃതി കാലത്തിനൊപ്പം നിൽക്കുന്നതും കാലത്തേ അടയാളപ്പെടുത്തുന്നതും. അതുകൊണ്ടാണ് ഇപ്പോഴും വള്ളുവനാടൻ കാലത്തേ എം ടി ഓർമ്മിപ്പിക്കുന്നത്. ഇപ്പോൾ വള്ളുവനാടൻ കാലത്തിലല്ല മനുഷ്യൻ ജീവിക്കുന്നത്. അത്രയും ഇടുങ്ങിയ മനോഗതിയുള്ള ഒരു കാലത്താണ്. വളഞ്ഞിരിക്കുകയാണ് അവർ പല കാരണത്താലും... 

സിമ്പിൾ ആയി പറഞ്ഞാൽ ഇപ്പോഴത്തെ പോസ്ടപോർട്ടം സിൻഡ്രോം അനുഭവിക്കുന്ന സ്ത്രീകളോട് പഴയ അമ്മാമ്മമാർ പറയുന്ന ഡയലോഗുണ്ട്, അതൊക്കെ ഞങ്ങൾ പണ്ട് പത്തു പെറ്റത, പക്ഷെ ഞങ്ങൾ ഇതൊന്നും അനുഭവിച്ചില്ല എന്ന്.... അത് തന്നെയാണ് പ്രശ്നം. പക്ഷെ എന്തുകൊണ്ട് വായനക്കാർ അതുമായി പൊരുത്തപ്പെടുന്നില്ല എന്നതിൽ അമ്പരപ്പുണ്ട്. 


പ്രശ്നം ഇവിടുത്തെ എഴുത്തുകൾ വിദേശികളെപ്പോലെ ആവുന്നില്ല, ഭാഷയ്ക്ക് ഭംഗിയില്ല, ഓർമ്മകളെ ഉണർത്തുന്നില്ല, അങ്ങനെ അങ്ങനെ...

അവനവന്റെ അനുഭവം, വായന, കാഴ്ച എന്നിവയെ വച്ച് ഓരോരുത്തരും എഴുതുമ്പോൾ അതിനെ എന്തിനു താരതമ്യം ചെയ്യുന്നു എന്നിപ്പോഴും മനസിലായിട്ടില്ല. വ്യക്തിപരമായി അത് കേൾക്കുമ്പോൾ അടുത്ത വീട്ടിലെ കുട്ടിയുമായി സ്വന്തം മക്കളെ താരതമ്യം ചെയ്യുന്ന ഓൾഡ് ജെനെറേഷൻ മാതാപിതാക്കളെയാണ് ഓർമ്മ വരിക. ഒന്നിനോടും ഒന്നും താരതമ്യം ചെയ്യേണ്ടതില്ല എന്നാണു തോന്നുന്നത്. വിദേശ എഴുത്തുകാർക്ക് കിട്ടുന്ന യാതൊരു വിധ പ്രിവിലേജുകളും അനുഭവങ്ങളും കുട്ടികാലം മുതലുള്ള കാഴ്ചപാപ്പടുകളും അല്ല ഇവിടുത്തെ ഞാനുൾപ്പെടെയുള്ള തലമുറയ്ക്ക് കിട്ടിയത് എന്ന് ദയവു ചെയ്ത വായനക്കാർ ഓർക്കേണ്ടതാണ്. പക്ഷെ പുതിയ തലമുറയിലെ കുഞ്ഞുങ്ങൾ വിദേശീയരെ അമ്പരപ്പിക്കുന്ന പുസ്തകങ്ങൾ എഴുതുന്നുണ്ട്... അത് കാലത്തിന്റെ മാറ്റമാണ്. വായനക്കാർ മാറുന്നതനുസരിച്ച് എഴുത്തുകാർക്ക് മാറാൻ അത്രയെളുപ്പമല്ല, കാരണം കൃത്യമായ  പരിസരത്തിന്റെ അഭാവം തന്നെ. 


എന്തായാലും എം ടി പോസ്റ്റ് കൊണ്ട് ഗുണമുണ്ടായി. ഞാൻ ജനപ്രിയ സാഹിത്യമാണ് ഉദാത്തം എന്ന് പറഞ്ഞതെന്ന് വിചാരിച്ചു കമന്റിട്ട പലരെയും മനസിലായി. സത്യത്തിൽ ഞാൻ സാഹിത്യത്തിന് വേണ്ടി എഴുതുന്നവരെ തന്നെയായിരുന്നു ഉദ്ദേശിച്ചത്. ഇതൊക്കെ പറഞ്ഞു മനസിലാക്കേണ്ട ഗതികേട് വല്ലാത്തതാണ്! എന്നെപ്പോലെയുള്ള ജനപ്രിയ എഴുത്തുകാർ ഒരു അവകാശ വാദവും ഉന്നയിച്ച് സാഹിത്യത്തിലെ ഒരു ലോകവും സ്വന്തമാക്കുവാൻ ആഗ്രഹിച്ചു വരുന്നില്ല എന്ന് പ്രിയപ്പെട്ടവർ മനസിലാക്കുക. ജീവിച്ചു പോയാൽ മതി, പക്ഷെ അത് അർഹിക്കുന്നവർക്കെങ്കിലും കൊടുക്കുക... അത് ഏത് എം ടി പറഞ്ഞാലും...


Author
Citizen Journalist

Fazna

No description...

You May Also Like