പ്രകൃതിഭംഗിയാൽ അതിമനോഹരിയായ ആതിരപ്പള്ളി
- Posted on August 31, 2021
- Literature
- By Deepa Shaji Pulpally
- 1208 Views
അതിമനോഹരമായ വനത്താൽ ചുറ്റപ്പെട്ട ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളിലേക്ക്
ആതിരപ്പള്ളി വെള്ളച്ചാട്ടം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ' രാവണൻ ' എന്ന സിനിമയിലെയും ബാഹുബലിയിലെയും മനോഹര രംഗങ്ങളാണ്. മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ പ്രധാന ലൊക്കേഷനായ ഇവിടം അതിമനോഹരമായ വനത്താൽ ചുറ്റപ്പെട്ടതാണ്.
24-മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായുള്ള അതിരപ്പിള്ളി പഞ്ചായത്തിലാണ്. ഇതിന്റെ ഇരു വശങ്ങളിലുമായുള്ള നിബിഢ വനങ്ങൾ അപൂർവ ജൈവ സമ്പത്തിനന്റെ കലവറയാണ്.
ഇരുൾ, ഇലവ് വെൺതേക്ക്, മരുത്, വേങ്ങ,കാഞ്ഞിരം,മരോട്ടി,തേക്ക്,വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെയുണ്ട്. ഇതിനു പുറമേ ആതിരപ്പള്ളിയുടെ മനോഹാരിത കൂട്ടാൻ വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത കാട്ടിലകിളി, ശരപ്പക്ഷി തുടങ്ങിയ നിരവധി പക്ഷികളും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ് കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും നീണ്ട ഒരു ശ്രേണിയും ഇവിടെ കാണാൻ കഴിയും.