കൊച്ചി ബിനാലെ വിപ്ലവാത്മകം: സർ ആന്റണി ഗോമ്‌ളെ

  • Posted on February 21, 2023
  • News
  • By Fazna
  • 201 Views

കൊച്ചി: അധികാര കേന്ദ്രീകരണത്തിന്റെയും ഏകാധിപത്യ പ്രവണതകളുടെയും സ്വത്വത്തിന്റെയും കൺസ്യൂമറിസത്തിന്റെയും ഗൗരവപ്പെട്ട, ഭീഷണമായ തലങ്ങൾ ചർച്ച ചെയ്യുന്ന അവതരണങ്ങൾ പ്രകാശിതമാകുന്ന കൊച്ചി ബിനാലെ തികച്ചും വിപ്ലവാത്മകമാണെന്ന് വിഖ്യാത സമകാലീന ബ്രിട്ടീഷ് ശിൽപി സർ ആന്റണി ഗോമ്‌ളെ. കാലാവസ്ഥയിലെ അരാജകത്വം ഗ്രഹത്തിന്റെ ഭൗമശാസ്ത്ര ചരിത്രം മാറ്റിയതിന് ഉത്തരവാദികളായ മനുഷ്യൻ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. തങ്ങൾ മാത്രം നിലനിന്നാൽ മതിയെന്നു ചിന്തിക്കുന്ന മനുഷ്യൻ പ്രതിക്കൂട്ടിലാണ്. 

ആഗോള അവബോധമെന്നത് കൂട്ടായ അബോധമാകരുത്. ഓരോ ആശയവും സഹജമായ ചെറുത്തുനിൽപ്പ് ഉൾക്കൊള്ളുന്നുണ്ട്. ആഗോളവത്കരണത്തെ തനത് സ്വത്വം കൊണ്ട് മറികടക്കണം. അതേസമയം തന്നെ  ആഗോളീകൃത ഏക മുഖവത്കരണത്തെ സാംസ്‌കാരിക വൈവിധ്യം കൊണ്ട് മറികടക്കേണ്ടതുണ്ട്. ഇതെല്ലം ആർട്ടിസ്റ്റുകൾ വ്യക്തിഗതമായി പരിശോധിക്കുകയും അന്വേഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. 

കുടിയൊഴിപ്പിക്കപ്പെടുന്നവരും ദുരന്തങ്ങളുമൊക്കെ വിഷയങ്ങളാണ്. അതാത് പ്രദേശത്തിന്റെ ചുറ്റുപാടിലാണവർ പറയുന്നതെങ്കിലും എല്ലാം ഒരുമിച്ചുചേരുമ്പോൾ അത് ലോകമാനവികതയുടെ സ്വരമാകുന്നു. തെക്കുകിഴക്കനേഷ്യയുടെ സാംസ്‌കാരിക സാമൂഹ്യ ശബ്ദം ആഴ്ന്നിറങ്ങുന്നതിന് പര്യപ്തമാക്കുന്നതുമാണ് ബിനാലെ. ആസ്വാദകരെ പിടിച്ചെടുക്കുന്നതും ഉള്ളിൽ അടയാളപ്പെടുത്തുന്നതുമാണ് ബിനാലെയിലെ അവതരണങ്ങൾ. 

കൊടുക്കൽ വാങ്ങലുകളുമായി, വിനിമയവുമായി ഉള്ള ബിനാലെയുടെ ബന്ധത്തെ പ്രകടിപ്പിക്കുന്നതാണ് തുറമുഖ നഗരത്തിലെ ബിനാലെ വേദിയുടെ ചുറ്റുപാടുകൾ തന്നെ. ഭൂഖണ്ഡങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന ബിനാലെ സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഗോളതല ആശയത്തിന് ഉദാരീകൃത ഏകാധിപത്യത്തെ മറികടക്കാൻ കഴിയുമെന്ന സന്ദേശം നൽകുന്നു. 

പ്രചോദനാത്മകമാണ് ഇന്ത്യ സന്ദർശനം. അര നൂറ്റാണ്ടോളം മുമ്പ് വന്നശേഷം ഇപ്പോൾ ഇന്ത്യയിലെത്തുമ്പോൾ ഇവിടെ ജനസംഖ്യ ഇരട്ടിച്ചിട്ടുണ്ടാകാമെങ്കിലും ജനങ്ങളുടെ ഉദാരവായ്‌പും തുറന്ന സമീപനവും മാറിയിട്ടില്ല. വിനിമയങ്ങളുടെയും പാരസ്പര്യത്തിന്റെയും നാടാണിത്. അതാണ് ഇന്ത്യയുടെ പ്രത്യുത്പന്നമതിത്വമായി കാണുന്നതെന്നും ഫോർട്ടുകൊച്ചി ആസ്‌പിൻവാൾ ഹൗസിൽ അവതരണങ്ങൾ സൂക്ഷ്‌മമായി വിലയിരുത്തിയശേഷം സർ ആന്റണി ഗോമ്‌ളെ പറഞ്ഞു. ഭാര്യ വിക്കെൻ പാഴ്‌സൻസും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ശൈലി അവലംബമാക്കിയോ ബൗദ്ധിക വാദങ്ങൾ കൊണ്ടോ കലാസൃഷ്ടിയുടെ മൂല്യം അളക്കാനാകില്ലെന്ന് നേരത്തെ കബ്രാൾയാർഡ് പവിലിയനിൽ നടന്ന 'ശരീരം, സ്ഥലം, കാലം' സംഭാഷണത്തിൽ ബ്രിട്ടനിലെ ഏറ്റവും സ്വാധീനശേഷിയുള്ള വ്യക്തിത്വങ്ങളിലൊരാളായ സർ ആന്റണി ഗോമ്‌ളെ പറഞ്ഞു.  തീവ്രവും ശുദ്ധവും ആയ  അനുഭവങ്ങളുടെ സമ്പന്നതയിൽ ഊന്നി വേണം മൂല്യനിർണ്ണയം. ഒരു ആവിഷ്‌കാരത്തെ കലയെന്ന് വിളിക്കാൻ ധൈര്യം തരുന്നത് അനുഭവങ്ങളാണ്. സൃഷ്ടിയുടെ മൂല്യം അനാവരണം ചെയ്യുന്ന ആശയങ്ങളുടെ കാഴ്ചകൾ സാഹസികമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിനാലെ പ്രോഗ്രാം ഡയറക്‌ടർ മാരിയോ ഡിസൂസ, ഇന്റർനാഷണൽ പാർട്ണർഷിപ്സ് ആൻഡ് പ്രോഗ്രാംസിന്റെ ഡോ ശ്വേതൽ പട്ടേൽ എന്നിവരും സംഭാഷണത്തിൽ പങ്കെടുത്തു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like