കുറുന്തോട്ടി - മഹാ ഔഷധം
- Posted on November 04, 2021
- Ayurveda
- By Deepa Shaji Pulpally
- 1168 Views
തൊടിയിലെ ശ്രദ്ധിക്കാതെ പോകുന്ന പ്രധാന ഔഷധമായ കുറുന്തോട്ടിയുടെ കൂടുതൽ വിശേഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
കേരളത്തിലെ തൊടിയിലും, പറമ്പിലും ധാരാളമായി കാണുന്ന ഔഷധമാണ് ആനക്കുറുന്തോട്ടി. ഇതിന്റെ ശാസ്ത്രീയ നാമം സിഡ റ്ഹൗമ്പിഫോലിയ ( Sida Rhombifolia)എന്നാണ്. ആന കുറുന്തോട്ടി, വെള്ളൂരം, അലട്ട, വെള്ള ഊർപ്പ ൻ, മഞ്ഞ കുറുന്തോട്ടി, ചെറുവള്ളി കുറുന്തോട്ടി, വട്ടുരം, വള്ളി കുറുന്തോട്ടി, വെളുത്ത ഊരകം, മലങ്കുറുന്തോട്ടി എന്നിങ്ങനെ പല വിഭാഗത്തിൽപ്പെട്ട കുറുന്തോട്ടികളും ഉണ്ട്. പുരാതനകാലം മുതൽ കുറുന്തോട്ടി കൊണ്ടുള്ള ചൂല് ഉണക്കിയെടുത്ത് മുറ്റം വൃത്തിയാക്കുന്നതിന് ഉപയോഗിച്ചിരുന്നു.
കുറുന്തോട്ടിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണ്?
കുറുന്തോട്ടി സമൂലമായ ഔഷധ ഗുണമുള്ളവയാണ്. ഇതിന്റെ വേരും, തണ്ടും, ഇലയും, പൂവും എല്ലാം ഔഷധമായി ഉപയോഗിക്കുന്നു. കുറുന്തോട്ടി വാതസംബന്ധമായ രോഗത്തിനും, നാഡീസംബന്ധമായ ആരോഗ്യത്തിനും, സെക്സ് പ്രശ്നങ്ങൾക്കും, വയറിളക്കം പോലുള്ള രോഗങ്ങൾക്കും ആയുർവേദം ഔഷധമായി നിർദേശിക്കുന്നു.
കൂടാതെ വിരശല്യം, സ്ത്രീകളിൽ കാണുന്ന അസ്ഥിസ്രാവം, ഓർമ്മക്കുറവ്, ഹൃദയാരോഗ്യം എന്നിവയ്ക്കും മരുന്നായി ഇത് ഉപയോഗിക്കുന്നു. ശരീരത്തിലെ രോഗ പ്രതിരോധ ശേഷി നിലനിർത്താനും, ക്ഷയ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിനും കുറുന്തോട്ടി ഔഷധ മായി ഉപയോഗിക്കുന്നു. ഔഷധഗുണങ്ങൾ ഏറെയുള്ള കുറുന്തോട്ടിയുടെ ഇലകൊണ്ട് തോരനായി ഭക്ഷണത്തിൽ ഉപയോഗിക്കുന്നു.
ആയുർവേദത്തിൽ കുറുന്തോട്ടി അരിഷ്ട്ടത്തിലും, കഷായത്തിലും പ്രധാന ചേരുവയാണ്. കേശസംരക്ഷണത്തിന് ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് താളിയായി ഉപയോഗിക്കാറുണ്ട്. കാലു പുകച്ചിലിനും, തലവേദനക്കും കുറുന്തോട്ടി വേരിട്ടു തിളപ്പിച്ച വെള്ളത്തിൽ ധാര കോരുന്നത് ഫലപ്രദമാണ്. ആയുർവേദ വിധി പ്രകാരം നിർമിക്കുന്ന ക്ഷീര ബല , ധന്വന്തരം, ബലാരിഷ്ടം, ബലാതൈലം, ബലാഗുളുച്യാദി എണ്ണ, ബലശ്വഗന്ധാദി എണ്ണ, കാർപ്പസാസ്ഥ്യതി തൈ ലം , പ്രഭഞനം കുഴമ്പ് എന്നിവയിലെല്ലാം കുറുന്തോട്ടി ഉപയോഗിക്കുന്നു. മൈഗ്രൈൻ മാറാനും, ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും കുറുന്തോട്ടി നല്ലതാണ്. അനാൾജിക്ക് ഗുണമുള്ളതിനാൽ ഇതിന്റെ വേരുകൾ ചവയ്ക്കുന്നത് പല്ലുകൾക്ക് വേദന കുറയ്ക്കുന്നു. തൊടിയിലെ ശ്രദ്ധിക്കാതെ പോകുന്ന പ്രധാന ഔഷധമായ കുറുന്തോട്ടിയുടെ കൂടുതൽ വിശേഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.