സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുത്: മന്ത്രി ഡോ. ആർ.ബിന്ദു.
- Posted on January 01, 2026
- News
- By Goutham prakash
- 54 Views
സാമ്പത്തിക ബുദ്ധിമുട്ടിൻ്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാരിന്റെ നിർബന്ധമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 'സി.എം. റിസർച്ചർ സ്കോളർഷിപ്പ് പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് സ്കോളർഷിപ്പുകളോ ഫെലോഷിപ്പുകളോ ലഭിക്കാത്ത, സംസ്ഥാനത്തെ സർവ്വകലാശാലകളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 10,000 രൂപ നിരക്കിൽ (പ്രതിവർഷം 1,20,000 രൂപ) 3 വർഷം വരെ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച മുന്നേറ്റങ്ങൾക്ക് ഗതിവേഗം പകരുന്നതിനൊപ്പം സംസ്ഥാനത്തെ ഒരു നവവൈജ്ഞാനിക സമൂഹമായി രൂപപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഒരു വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുത്തുകൊണ്ട് കേരളത്തിന്റെ സാമ്പത്തിക അടിത്തറ വിപുലീകരിക്കുന്നതിനും ജനജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിനും സർവ്വകലാശാലകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന പുത്തൻ അറിവുകളെ ഫലപ്രദമായി വിനിയോഗിക്കണമെന്നും ആ ദൗത്യത്തിൽ ഗവേഷകർക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ വലിയ
മുൻഗണനയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത്
ഉന്നതവിദ്യാഭ്യാസത്തിന് മാത്രമായി പ്രത്യേക വകുപ്പ്
രൂപീകരിച്ചതോടെ ഈ മേഖലയിൽ കൂടുതൽ
ശ്രദ്ധയും ജാഗ്രതയും പുലർത്താൻ സാധിച്ചു.
കഴിഞ്ഞ നാലുവർഷത്തിനിടെ 6,000 കോടി
രൂപയാണ് ഈ മേഖലയിൽ സർക്കാർ വിന്യസിച്ചത്.
ചരിത്രത്തിലാദ്യമായി സമഗ്രമായ കരിക്കുലം
ഫ്രെയിംവർക്ക് തയ്യാറാക്കാനും നാല്-വർഷ ബിരുദ
പ്രോഗ്രാമുകൾ ആരംഭിക്കാനും സാധിച്ചു.
പഠനകാലത്ത് തന്നെ വിദ്യാർത്ഥികളിലെ തൊഴിൽ
നൈപുണ്യവും സംരംഭകത്വ താല്പര്യങ്ങളും
വികസിപ്പിക്കുന്നതിനൊപ്പം പ്രാരംഭഘട്ടം മുതൽ
ഗവേഷണാത്മക പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ
പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
