ഗർ വാലി പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാന നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

ചിപ്കോ പ്രസ്ഥാനത്തെ ജനങ്ങളുടെ പ്രസ്ഥാനം ആക്കിയ പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണക്ക് ആദരാഞ്ജലികൾ.

കോവിഡിനെ തുടർന്ന് അഖിലേന്ത്യ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന പ്രശസ്ത ഗർ വാലി പരിസ്ഥിതി പ്രവർത്തകനും,  ചിപ്കോപ്രസ്ഥാന നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ (94)  അന്തരിച്ചു. ഹിമാലയത്തിലെ വനസംരക്ഷണത്തിനായി ബഹുഗുണ വര്‍ഷങ്ങളായി പോരാടുകയായിരുന്നു. 1970 കളില്‍ ചിപ്‌കോ പ്രസ്ഥാനത്തിനും 1980 കളില്‍ തെഹ്രി അണക്കെട്ട് പ്രസ്ഥാനത്തിനും നേതൃത്വം നല്‍കിയ ഇദ്ദേഹത്തിന് 1981 ല്‍ പത്മശ്രീ, 2009 ല്‍ പദ്മവിഭൂഷന്‍ എന്നിവ ലഭിച്ചു. 

ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്ത മറോദ ഗ്രാമത്തില്‍ 1927 ജനുവരി 9 നാണ് ബഹുഗുണ ജനിച്ചത്. ആദ്യഘട്ടത്തില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടിയ അദ്ദേഹം പിന്നീട്  മദ്യവിരുദ്ധ സമരങ്ങള്‍ സംഘടിപ്പിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയിരുന്ന ബഹുഗുണ, ഹിമാലയന്‍ കാടുകളില്‍ കൂടി ഏതാണ്ട് 4,700 കി.മീ കാല്‍നടയായി സഞ്ചരിച്ച് വന്‍കിട പദ്ധതികള്‍ മൂലമുണ്ടായ വനനശീകരണത്തെക്കുറിച്ചും ജനജീവിതത്തെക്കുറിച്ചും പഠിച്ചു. ഹിന്ദിയില്‍ 'ചേര്‍ന്നുനില്‍ക്കുക' എന്നര്‍ഥം വരുന്ന ചിപ്‌കോ പ്രസ്ഥാനം 1974 മാര്‍ച്ച് 26ന് ഉത്തര്‍പ്രദേശിലാണ് ആരംഭിച്ചത്. മരങ്ങള്‍ മുറിക്കുമ്പോള്‍ ആളുകള്‍ അതില്‍ കെട്ടിപ്പിടിച്ചുനിന്നു പ്രതിഷേധിക്കുകയായിരുന്നു രീതി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതോടെ മരങ്ങള്‍ വെട്ടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം നൂറ്റാണ്ടുകൾ പഴക്കമുള്ള ധാർമികത പ്രകടമാക്കിയിരുന്നു. ഉത്തരാഖണ്ഡിനും, ഇന്ത്യക്കും മാത്രമല്ല ലോകമെമ്പാടും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണം. 

എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണ്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like