കേരളത്തിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് അട്ടപ്പാടി-മഞ്ചൂർ-ഊട്ടി പാതയിൽ വിലക്ക് ഏർപ്പെടുത്തി തമിഴ്‌നാട്

മേട്ടുപ്പാളയം വഴിയല്ലാതെ ഊട്ടിയിലേക്കും കൂനൂരിലേക്കുമുള്ള എളുപ്പവഴിയാണ് അടച്ചത് 

പാലക്കാട്:  അട്ടപ്പാടിയിൽ നിന്ന് ഊട്ടിയിലേക്കുള്ള മുള്ളി-മഞ്ചൂർ മലമ്പാതയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്കു തമിഴ്നാട് വനംവകുപ്പ് വിലക്കേർപ്പെടുത്തി. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ മാത്രമാണു തടയുന്നതെന്നു പറയുന്നുണ്ടെങ്കിലും രാവിലെ മുതൽ അട്ടപ്പാടിയിൽ നിന്നെത്തിയ ഒരു വാഹനവും കടത്തിവിട്ടില്ല. തമിഴ്നാട് വനം ചെക് പോസ്റ്റിൽ അട്ടപ്പാടി റോഡ് ബാരിക്കേഡ് വച്ച് അടച്ചു.കാട്ടാനകളുടെ സ്വൈരവിഹാരത്തിനു ഭംഗം വരാതിരിക്കാനാണു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. റീ ബിൽഡ് കേരള പദ്ധതിയിൽ 133 കോടി രൂപ മുടക്കി നവീകരിക്കുന്ന 28 കിലോമീറ്റർ താവളം - മുള്ളി റോഡിന്റെ തുടർപാതയിലാണു ഗതാഗത നിരോധനം. യാത്രാനിരോധന വിവരം ഒരാഴ്ച മുൻപു മുള്ളിയിലെ കേരള പൊലീസ് ഔട്ട്പോസ്റ്റിൽ അറിയിച്ചിരുന്നതായി തമിഴ്നാട് വനം ജീവനക്കാർ പറഞ്ഞു. 

അന്തർ സംസ്ഥാന വിഷയമായതിനാൽ കൃത്യമായ സർക്കാർ നിർദേശമില്ലാതെ സഞ്ചാരികളെ തടയാനാവില്ലെന്നായിരുന്നു കേരള പൊലീസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ വാഹനങ്ങളെ മേലിൽ വരരുതെന്ന നിർദേശം നൽകി അയച്ചിരുന്നു. ഇന്നലെയാണു നടപടി കർശനമാക്കിയത്. മേട്ടുപ്പാളയം വഴിയല്ലാതെ ഊട്ടിയിലേക്കും കൂനൂരിലേക്കുമുള്ള എളുപ്പവഴിയാണ് ഇത്. ഒട്ടേറെ ചുരങ്ങളുള്ള വീതി കുറഞ്ഞ വനപാതയിലൂടെയുള്ള യാത്രയിലെ സാഹസികതയും മനോഹാരിതയും തേടിയാണു സഞ്ചാരികളെത്തുന്നത്. മണ്ണാർക്കാട്, പെരിന്തൽമണ്ണ, മലപ്പുറം തുടങ്ങിയ പ്രദേശത്തു നിന്നുള്ള സഞ്ചാരികളാണ് ഈ വഴി തിരഞ്ഞെടുക്കുന്നത്.

കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പെരുകിയതും പ്രദേശത്തെ വനമേഖലയിലും ഭവാനിപ്പുഴയിലും അണക്കെട്ടുകളിലും വെള്ളത്തിനുള്ള ഇവയുടെ സഞ്ചാരം വർധിച്ചതുമാണു നിലവിലുണ്ടായിരുന്ന രാത്രിയാത്രാ നിരോധനം പകലും ബാധകമാക്കാൻ കാരണമെന്നു കോയമ്പത്തൂർ ഡിഎഫ്ഒ അശോക് കുമാർ പറഞ്ഞു. പ്രദേശവാസികൾക്കും ഔദ്യോഗികാവശ്യങ്ങൾക്കുള്ള യാത്രയ്ക്കും തടസ്സമില്ലെന്നും അറിയിച്ചിട്ടുണ്ട്.അട്ടപ്പാടിയുടെ ഭാഗമായ ഊരടം, കിണ്ണക്കര എന്നിവിടങ്ങളിലേക്കുള്ള ഏക മാർഗമാണിത്. അട്ടപ്പാടിക്കാർക്കു കുടുംബ ബന്ധങ്ങളുള്ള പ്രദേശവുമാണ്.

സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി, ഗ്രാമിന് 4685 രൂപ

Author
Journalist

Dency Dominic

No description...

You May Also Like