ഏഷ്യാനെറ്റിനെതിരെ വ്യാജ വാർത്താ ആരോപണം: വൈറലായി ജയലക്ഷ്മിയുടെ കത്ത്

  • Posted on March 09, 2023
  • News
  • By Fazna
  • 153 Views

തിരുവനന്തപുരം: ബഹുമാനപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ക്ക് വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പാലോട്ട് വീട്ടില്‍ പി.കെ. ജയലക്ഷ്മി നല്‍കുന്ന പരാതി.

സര്‍,

മലയാള മാധ്യമരംഗത്ത് പ്രമുഖ സ്ഥാനമാണല്ലോ ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. സത്യസന്ധമായും വിശ്വാസയോഗ്യമായതുമായ വാര്‍ത്തകളാണ് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിക്കുന്നത് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. രാഷ്ട്രീയപരമായി നിഷ്പക്ഷത പുലര്‍ത്തി പ്രതിപക്ഷ ഉത്തരവാദിത്വത്തോടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നതെന്നും ഞാന്‍ കരുതുന്നു. എന്നാല്‍ വ്യക്തിപരമായി ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ എനിക്കുണ്ടായ ചില വേദനകളും ദു: ഖങ്ങളും താങ്കളുമായി പങ്കുവയ്ക്കുന്നതിനാണ് ഈ പരാതി തയ്യാറാക്കിയിട്ടുള്ളത്. 2011 മുതല്‍ 2016 വരെ കേരളം ഭരിച്ച ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പട്ടികവര്‍ഗ്ഗ ക്ഷേമ യുവജനകാര്യ മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രിയായിരുന്നു ഞാന്‍. പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലമായ മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിജയിച്ച ഞാന്‍ അപ്രതീക്ഷിതമായാണ് മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. രാഷ്ട്രീയത്തില്‍ വലിയ മുന്‍പരിചയങ്ങള്‍ ഇല്ലാത്തതിനാലും നിയമസഭാംഗമായും മന്ത്രിസഭാ അംഗമായും പരിചയമില്ലാത്തതിനാലും ചുമതലയേറ്റതുമുതല്‍ എന്റെ ഓരോ ചുവടുവെയ്പുകളും മറ്റുള്ളവരുടെ ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും സ്വീകരിച്ചും പരമാവധി പഠിക്കാന്‍ ശ്രമിച്ചുമാണ് നടത്തിയിട്ടുള്ളത്.  2016ല്‍ യു. ഡി. എഫ്. ഭരണം അവസാനിക്കുന്നതുവരെ എന്റെ ചുമതലയിലുള്ള മൂന്ന് വകുപ്പുകളിലും ഒരു ആരോപണങ്ങളോ പിശകുകളോ കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ബഹുമാനപ്പെട്ട വി. എസ്. അച്യുതാനന്ദന്‍ സാറിന്റെ പ്രശംസയ്ക്കും എന്റെ പ്രവര്‍ത്തനം കാരണമായി. 2015 മെയ് 10നയിരുന്നു എന്റെ വിവാഹം. കേരളത്തില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 56 കുറിച്യ തറവാടുകളാണ് ഉള്ളത്. ഇതില്‍ പകുതിയോളം ബന്ധുകുലവും ബാക്കിയുള്ളത് പന്തികുലവുമാണ്. എന്റെ മുറച്ചെറുക്കനായ കമ്പളക്കാട് ചെറുവഴി തറവാട്ടിലെ ശ്രീ. സി.അനില്‍കുമാറിനെയാണ് ഞാന്‍ വിവാഹം ചെയ്തത്. വിവാഹശേഷം രാഷ്ട്രീയത്തിലെ ചില എതിര്‍കക്ഷികള്‍ എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അവയൊന്നും ഞാന്‍ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. 2016ല്‍ യു.ഡി.എഫ്. ഭരണം അവസാനിക്കുന്നതുവരെ എനിയ്‌ക്കോ എന്റെ വകുപ്പിനോ എതിരായി ഒരു മാധ്യമവാര്‍ത്തപോലും ഉണ്ടായിട്ടില്ല എന്നതും ഓര്‍മ്മപ്പെടുത്തട്ടെ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് എനിയ്‌ക്കെതിരെ വയനാട് ജില്ലയിലെ ചില ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വാര്‍ത്ത പലതവണ റിപ്പോര്‍ട്ട് ചെയ്തത് ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ ചില കാരണങ്ങളാല്‍ ഞാന്‍ പരാജയപ്പെട്ടു. ഇതോടെ രാഷ്ട്രീയത്തോടൊപ്പം പൂര്‍ണമായും കുടുംബജീവിതത്തിലേക്ക് തിരിയുകയാണുണ്ടായത്. എന്നാല്‍ ചില വ്യക്തിതാല്‍പര്യങ്ങളുടെയും രാഷ്ട്രീയ താല്‍പര്യങ്ങളുടെയും പേരില്‍ ഇതിനുശേഷം എനിയ്‌ക്കെതിരെ ചില ആരോപണങ്ങള്‍ ഉയരുകയും ഏഷ്യാനെറ്റ് ന്യൂസ് മാത്രം ഇത് തുടര്‍ച്ചയായി വാര്‍ത്തയാക്കുകയും ചെയ്തു. 2016 മാര്‍ച്ചില്‍ Falls Affidavity Case Plea Against P.K. Jayalakshmi before E.C. എന്ന തലക്കെട്ടോടെ ഉള്ള വാര്‍ത്തയായിരുന്നു ഇതിന് തുടക്കം. 2016 ഏപ്രില്‍ 27ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത Social Media Trolls Against P.K. Jayalakshmi എന്ന വാര്‍ത്തയോടെ ഇതിന് ആക്കംകൂടി. തുടര്‍ന്ന് 2016 ആഗസ്റ്റ് 30ന് ആദിവാസി ഭൂമിതട്ടിപ്പ് എന്ന പേരിലും എനിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് തുടര്‍ച്ചയായി വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തു. 2016 സെപ്തംബര്‍ 6 മുതല്‍ തോല്‍ക്കുന്ന ജനത എന്ന പേരില്‍ മറ്റൊരു വാര്‍ത്തയും ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്യുകയുണ്ടായി. 2016 നവംബര്‍ 6ന് പട്ടികവര്‍ഗ കടാശ്വാസ പദ്ധതിയില്‍ തട്ടിപ്പ് എന്ന പേരിലും,  2017 മാര്‍ച്ച് 26ന് ജയലക്ഷ്മിയുടെ അഴിമതി എന്ന പേരിലും,  2018 ഫെബ്രുവരി 15ന് Tribal Land Scam Case Enquiry Sabotised എന്ന പേരിലും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തു. ഈ വാര്‍ത്തകളത്രയും ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കെ കേരളത്തിലെ മറ്റൊരു മാധ്യമവും (പ്രിന്റ്,  വിഷ്വല്‍ മീഡിയ ഒഴികെ) വാര്‍ത്തകള്‍ നല്‍കിയില്ല എന്ന കാര്യവും സൂചിപ്പിക്കട്ടെ. രണ്ടാമത്തെ ഇലക്ഷനില്‍ തോറ്റതോടെ ഞാന്‍ കുടുംബജീവിതത്തിലേക്ക് തിരിഞ്ഞുവെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. ഞാന്‍ ഗര്‍ഭിണിയായിരിക്കെയാണ് ഈ വാര്‍ത്തകളത്രയും വന്നുകൊണ്ടിരുന്നത്. എന്റെ കുടുംബത്തിനെതിരെയും വാര്‍ത്തകളില്‍ പലതവണ പരാമര്‍ശമുണ്ടാകുകയും 250ഓളം അംഗങ്ങളുള്ള ഞങ്ങളുടെ തറവാട്ടിലെ പല കുടുംബാംഗങ്ങളെയും കുട്ടികളെയും വാര്‍ത്തയുടെ ദൃശ്യങ്ങളില്‍ കാണിക്കുകയും ചെയ്തു. മാനസികമായി തളര്‍ന്ന ഞാന്‍ ഏറെ പിരിമുറുക്കത്തിലായിരുന്നു.  ഇതിന്റെ ഫലമായി ബ്ലഡ് പ്രഷര്‍ ഉയരുകയും മാസം തികയാതെ ആറാം മാസത്തില്‍ എന്റെ മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. ഏകദേശം മൂന്നര മാസത്തോളം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് എന്റെ മകളെ എനിയ്ക്ക് തിരിച്ചുകിട്ടിയത്. പരമ്പരാഗതമായി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ധാര്‍മ്മിക മൂല്യങ്ങളും അനുസരിച്ച് ജീവിക്കുന്നവരാണ് കുറിച്യ സമുദായക്കാര്‍. വയനാട് ജില്ലയിലെ തന്നെ പ്രശസ്തമായ കുറിച്യതറവാടുകളിലൊന്നാണ് ഞങ്ങളുടെ പാലോട്ട് തറവാട്. തുടര്‍ച്ചയായ ഏഷ്യാനെറ്റ് വാര്‍ത്തകള്‍ ഞങ്ങള്‍ക്കെതിരെ വരികയും സമൂഹ മാധ്യമങ്ങളിലും മറ്റും എതിര്‍കക്ഷികള്‍ ഈ വാര്‍ത്ത പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തതോടെ ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെയായി. സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ള ഞങ്ങള്‍ക്ക് ഈ വാര്‍ത്തകള്‍ക്കെതിരെ ഒരു നിയമയുദ്ധം നടത്താനോ മറുപ്രചരണം നടത്താനോ ശേഷിയുണ്ടായിരുന്നില്ല. തന്നെയുമല്ല എന്റെയും കുഞ്ഞിന്റെയും ചികിത്സയിലും മറ്റു കാര്യങ്ങളിലുമായിരുന്നു തറവാട് ശ്രദ്ധയൂന്നിയിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തിരുന്ന വാര്‍ത്തകളെ തുടര്‍ന്ന് 2016ല്‍ ഞാന്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഒരു പരാതി നല്‍കിയിരുന്നു. വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നായിരുന്നു പരാതിയിലെ എന്റെ ആവശ്യം. ഈ പരാതിയിലാണ് മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് വിശദമായ അന്വേഷണം നടക്കുകയും വിജിലന്‍സിന് സമയനഷ്ടം വരുത്തുന്നതിനാല്‍ ഈ കേസ് അവസാനിപ്പിക്കുകയാണെന്നും അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. ജേക്കബ് തോമസ് ഫയലില്‍ കുറിച്ച് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെയും ഏഷ്യാനെറ്റ് ന്യൂസ് തുടരെ വാര്‍ത്തകള്‍ ചെയ്തു. ഓരോ തവണ എനിക്കെതിരെ വാര്‍ത്തകള്‍ വരുമ്പോഴും വയനാട്ടിലെ ചില തല്‍പര കക്ഷികള്‍ സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും എനിക്കെതിരെ ആക്ഷേപങ്ങളുമായി രംഗത്തുവരുന്നതും പതിവായി. എനിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് ആരോപിച്ച ചില ആരോപണങ്ങളില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം എനിക്കുണ്ടെന്ന് അറിയാം. ഒന്നാമതായി കടാശ്വാസ പദ്ധതിയില്‍ 250 അംഗങ്ങളുള്ള എന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് പോലും അനര്‍ഹമായി കടാശ്വാസം ലഭിച്ചിട്ടില്ല.  250 പേരും പാലോട്ട് എന്ന തറവാട്ട് പേര് ഉപയോഗിക്കുന്നുണ്ട്. തറവാട്ടിലെ ഒരാള്‍ക്കുപോലും പട്ടികവര്‍ഗ വകുപ്പില്‍ നിന്നും ഒരാനുകൂല്യവും അര്‍ഹമായി ലഭിച്ചിട്ടില്ല. എന്നാല്‍ വീട്ടുപേര് ഒന്നായതിനാല്‍ പലര്‍ക്കും ആനുകൂല്യം നിഷേധിക്കപ്പെട്ടിട്ടുണ്ട്.  രണ്ടാമതായി ഭൂമി വിതരണത്തെക്കുറിച്ചായിരുന്നു ആക്ഷേപം ഉയര്‍ന്നത്. യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ ഏറ്റവും മികച്ച പദ്ധതികളിലൊന്നായിരുന്നു ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്കായി കൊണ്ടുവന്ന ആശിക്കുന്ന ഭൂമി ആദിവാസിക്ക് സ്വന്തം എന്ന പദ്ധതി. ജില്ലാ കലക്ടര്‍മാര്‍ ചെയര്‍മാനായ ഒരു സമിതി ജില്ലാതലത്തില്‍ മോണിറ്റര്‍ ചെയ്യുകയും താലൂക്ക് തലത്തില്‍ റവന്യൂ, കൃഷി, പട്ടികവര്‍ഗക്ഷേമം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ ഒരു സമിതിയുമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നത്. നാല് തട്ടുകളിലൂടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രമാണ് ഒരാള്‍ ഈ പദ്ധതിയില്‍ ഭൂമി ലഭിയ്ക്കുകയുള്ളൂ. കൃത്യതയോടെയും സുതാര്യതയോടെയും ഈ പദ്ധതി നടപ്പിലാക്കിയപ്പോള്‍ ചില ദല്ലാളന്മാരും ഭൂമി കച്ചവടക്കാരും പദ്ധതിയില്‍ അവരുടെ ഭൂമി വില്‍ക്കാനായി രംഗത്തുവന്നിരുന്നു. എന്നാല്‍ അവരില്‍ പലര്‍ക്കും ഉദ്ദേശിച്ച വിധത്തില്‍ ഭൂമിക്കച്ചവടം നടക്കാതായപ്പോള്‍ വ്യാജപരാതികളുമായി രംഗത്തുവന്നു. ഈ പരാതിയാണ് പിന്നീട് വാര്‍ത്തയ്ക്ക് ആധാരമായത്. വാര്‍ത്തകള്‍ നിരന്തരം സംപ്രേഷണം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഒരു തവണപോലും എന്റെ ഭാഗം കേള്‍ക്കാനോ യഥാര്‍ത്ഥ വസ്തുത സംപ്രേഷണം ചെയ്യാനോ അന്നത്തെ റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറായിരുന്നില്ല. നിയമപരമായി നേരിടാന്‍ പലരും ഉപദേശിച്ചിരുന്നെങ്കിലും വന്‍ തുക മുടക്കിയുള്ള കേസ് നടത്തിപ്പിനോ മറ്റും ഞങ്ങള്‍ക്ക് സാമ്പത്തികഭദ്രത ഉണ്ടായിരുന്നില്ല. ഇപ്പോഴും ഈ വാര്‍ത്തകളുടെ പേരില്‍ ഞാനും എന്റെ കുടുംബാംഗങ്ങളും പാലോട്ട് തറവാട്ടിലെ ഓരോ അംഗങ്ങളും വലിയ മാനസിക സംഘര്‍ഷത്തിലും പിരിമുറുക്കത്തിലുമാണ്. അടുത്തിടെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായി ഞാന്‍ നിയോഗിതയായപ്പോഴും ഏഷ്യാനെറ്റിന്റെ പഴയ വാര്‍ത്തകളാണ് ഇപ്പോഴും എനിയ്‌ക്കെതിരെ ഒരുവിഭാഗം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആയതിനാല്‍ സത്യാവസ്ഥ അന്വേഷിച്ച് മനസ്സിലാക്കി ഓണ്‍ലൈനുകളിലും യൂട്യൂബിലും ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പിന്‍വലിക്കണമെന്നും ഞങ്ങളോട് ദയ കാണിക്കണമെന്നും വിനയത്തോടെ ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു.  പകപോക്കലും പ്രതികാരവും  കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തിച്ച ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ജെയ്‌സണ്‍ ചെയ്ത തെറ്റായ വാര്‍ത്തകളെക്കുറിച്ച് നല്ല ധാരണയുണ്ട്. ആയതിനാല്‍ അവര്‍ പലരോടും വ്യക്തിപരമായ അവരുടെ ഖേദം പ്രകടിപ്പിച്ചെങ്കിലും ഇവര്‍ സ്ഥലം മാറിയതിന് ശേഷം തിരികെയെത്തിയ ജയ്‌സണ്‍ മണിയങ്ങാട് പകപോക്കലും പ്രതികാരവും വീണ്ടും ആരംഭിച്ചിരിക്കുകയാണ്. മുന്‍പ് ഏഷ്യാനെറ്റില്‍ ചെയ്ത തോല്‍ക്കുന്ന ജനത എന്ന പരമ്പരയിലെ കടാശ്വാസം സംബന്ധിച്ച വാര്‍ത്തയുടെ ക്ലിപ്പിംഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ്. ജനങ്ങളുടെ പലരുടേയും ധാരണ ഇത് പുതിയ വാര്‍ത്തയെന്നാണ്. ഇത് തെറ്റായ വാര്‍ത്തയാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടുമാണ് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ എന്നെയും എന്റെ കുടുംബത്തെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നവിധത്തില്‍ കമന്റുകളോടെ ഇത് പ്രചരിക്കുന്നുണ്ട്. പോക്‌സോ നിയമം , പട്ടികജാതിപട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമം, വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ മറ്റ് നിയമങ്ങള്‍ എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന കാര്യം ചൂണ്ടിക്കാണിക്കട്ടെ. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്തതയോടെ,

പി.കെ.ജയലക്ഷ്മി

പാലോട്ട് ഹൗസ്

കാട്ടിമൂല പി.ഒ.

മാനന്തവാടി .

ഇതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ജയലക്ഷ്മിയുടെ കത്ത്

Author
Citizen Journalist

Fazna

No description...

You May Also Like