ഉച്ചഭക്ഷണ പദ്ധതിയിൽപ്പെട്ട പാചക തൊഴിലാളികൾക്കുള്ള ഓണറേറിയം രണ്ടാഴ്ചക്കകം വിതരണം ചെയ്യും : മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽപ്പെട്ട പാചക തൊഴിലാളികൾക്കുള്ള ഓണറേറിയം രണ്ടാഴ്ചക്കകം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണം പാചകം ചെയ്യാനായി നിയോഗിച്ചിരിക്കുന്നത് 13,611 തൊഴിലാളികളെയാണ്. സ്‌കൂൾ പ്രവൃത്തി ദിനം 600/- രൂപ മുതൽ 675/ രൂപ വരെ എന്ന കണക്കിലാണ് തൊഴിലാളികൾക്ക് ഓണറേറിയം നൽകുന്നത്. ഇതുപ്രകാരം ശരാശരി 20 പ്രവൃത്തി ദിനങ്ങൾ വരുന്ന ഒരു മാസത്തിൽ 12,000/- രൂപ മുതൽ 13,500/- രൂപ വരെ ഓണറേറിയമായി ഒരു തൊഴിലാളിക്ക് ലഭിക്കുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും സ്‌കൂൾ പാചക തൊഴിലാളികൾക്ക് ഇത്ര ഉയർന്ന നിരക്കിൽ ഓണറേറിയം നൽകുന്നില്ല. കേവലം 1000/- രൂപയാണ് ഓണറേറിയമായി നൽകാൻ കേന്ദ്ര സർക്കാർ നിഷ്‌കർഷിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി ആയതിനാൽ കേന്ദ്ര വിഹിതവും കൂടി ചേർത്താണ് തൊഴിലാളികൾക്ക് ഓണറേറിയം നൽകുന്നത്. എന്നാൽ രണ്ടാം ഗഡു കേന്ദ്ര വിഹിതം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ വരുത്തുന്ന കാലതാമസം തൊഴിലാളികൾക്ക് അർഹതപ്പെട്ട കൂലി നിഷേധിക്കുന്ന സ്ഥിതി ഉണ്ടാക്കുന്നു.
നടപ്പു വർഷം ഉച്ചഭക്ഷണ പദ്ധതിയ്ക്ക് ആകെ 292.54 കോടി രൂപയാണ് കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത്. എന്നാൽ ഇതുവരെ ലഭിച്ചത് 167.38 കോടി രൂപ മാത്രമാണ്. സാമ്പത്തിക വർഷം അനുവദിക്കാൻ ഇനി കുറച്ചു ദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ സംസ്ഥാനത്തിന് അർഹതപ്പെട്ട 125.16 കോടി രൂപ അനുവദിക്കാതെ പദ്ധതി നടത്തിപ്പിനെ പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. തുക റിലീസ് ചെയ്യുന്നതിന് ഡിസംബർ 27 ന് സമർപ്പിച്ച പ്രൊപ്പോസലിൻമേൽ അഞ്ചു വട്ടമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആഭ്യന്തര ധനകാര്യ വിഭാഗം തടസ്സ വാദങ്ങൾ ഉന്നയിച്ച് ഫയൽ മടക്കിയത്. ഓരോ ഘട്ടത്തിലും കൃത്യമായ മറുപടി നൽകിക്കൊണ്ട് തുക അടിയന്തിരമായി അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
കേന്ദ്ര വിഹിതം വൈകിപ്പിക്കുന്ന അസാധാരണ സാഹചര്യത്തിലും ഉച്ചഭക്ഷണ തൊഴിലാളികൾക്ക് നവംബർ വരെ പൂർണ്ണമായും ഡിസംബറിൽ ഭാഗികമായും ഓണറേറിയം നൽകാൻ സംസ്ഥാന സർക്കാരിനായി. ഇതിനായി മാത്രം ഇതുവരെ ചെലവഴിച്ചത് 106 കോടി രൂപയാണ്. കൂടാതെ 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ 2000/- രൂപ വീതം സമാശ്വാസമായി നൽകുകയും ചെയ്തു. ഇതിനായി 5.5 കോടി രൂപ അധികമായി അനുവദിച്ചു.
ഇതോടൊപ്പം ഡിസംബറിൽ കുടിശ്ശികയുള്ള ഭാഗിക വേതനവും ജനുവരിയിലെ വേതനവും നൽകുന്നതിനായി ഇപ്പോൾ 55.05 കോടി രൂപ കൂടി സംസ്ഥാന വിഹിതത്തിൽ നിന്നും അനുവദിച്ചിട്ടുണ്ട്. രണ്ടാം ഗഡു കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ സംസ്ഥാന സർക്കാർ നടത്തുകയാണ്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് ഫെബ്രുവരിയിലെ ഓണറേറിയം വിതരണം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സ്വന്തം ലേഖകൻ