സോറിയാസിസ് രോഗം എങ്ങനെ തിരിച്ചറിയാം? ഇത് പൂർണമായും മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ സോറിയാസിന്റെ ആരംഭമാകാം..തുടക്കത്തിലേ കണ്ടെത്തി ചികിൽസിച്ചാൽ പെട്ടെന്നുതന്നെ പൂർണമായി ഇതു സുഖപ്പെടുത്താൻ സാധിക്കും. എല്ലാ സംശയങ്ങൾക്കും ഡോക്ടർ അരുന്ധതി മറുപടി നൽകുന്നു


രോഗകാരണങ്ങളില്‍ ഏറ്റവും പ്രധാനം പാരമ്പര്യഘടകമാണ്. സോറിയാസിസ് മൂന്നിലൊരാള്‍ക്ക് പാരമ്പര്യമായുണ്ടാകുന്നതായി കണ്ടുവരുന്നു.

'സോറ'യെന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് സോറിയാസിസ് എന്ന പദത്തിന്റെ ഉദയം. സോറ എന്ന വാക്കിനര്‍ത്ഥംതന്നെ ചൊറിച്ചില്‍ എന്നാണ്. അതുകൊണ്ട് ഇതൊരു ചൊറിച്ചില്‍രോഗമാണ്. എന്നാല്‍ തുടക്കത്തില്‍ ചൊറിച്ചില്‍ ഉണ്ടാവണമെന്നില്ല. രോഗത്തിന്റെ കാഠിന്യം കൂടുമ്പോഴാണ് ചൊറിച്ചില്‍ അനുഭവപ്പെടുന്നത്.

ലക്ഷണങ്ങള്‍

ചര്‍മം തടിച്ച് വീര്‍ത്ത് ചുവന്നിരിക്കുക, തൊലി ചെതുമ്പല്‍പോലെ ഇളകിപ്പോകുക. ത്വക്കില്‍ വിള്ളല്‍ വീഴുക, തൊലിപ്പുറത്ത് ചെറിയ പാടുകള്‍ ഉണ്ടാവുക. പാടുകള്‍ ചെറിയ കുരുക്കള്‍ ആവുക, കുരുക്കളില്‍ നീറ്റല്‍, വേദന, ചൊറിച്ചില്‍, ചിലപ്പോള്‍ ഇതില്‍നിന്ന് പഴുപ്പോ ചോരയോ പൊടിയുക, തുടങ്ങിയവയാണ് സോറിയാസിസിന്റെ ലക്ഷണങ്ങള്‍. സന്ധിവേദന, സന്ധികള്‍ മുറുകുന്നപോലെയുള്ള അവസ്ഥ എന്നീ ലക്ഷണങ്ങളും സോറിയാസിസിന്റെ ഭാഗമാണ്.

ഏതു പ്രായക്കാരിലും എപ്പോള്‍ വേണമെങ്കിലും സോറിയാസിസ് ഉണ്ടാകും. 15 മുതല്‍ 25 വരെ പ്രായമുള്ളവരിലാണ് കൂടുതല്‍ സാധ്യത. പാരമ്പര്യമായി ഈ രോഗം കണ്ടുവരാറുണ്ട്. ഈ രോഗാവസ്ഥയില്‍ ചിലര്‍ക്ക് സന്ധിവേദന ഉണ്ടാകാറുണ്ട്. 6 ശതമാനം പേര്‍ക്ക് സന്ധി വേദനയോടുകൂടിയ 'സോറിയാറ്റിക് ആര്‍ത്രൈറ്റിസ്' എന്ന സന്ധിവാതം ഉണ്ടാകാനും സാധ്യതയുണ്ട്.

രോഗകാരണം

ഈ രോഗത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചുള്ള വാദ പ്രതിവാദങ്ങളിലാണ് ശാസ്ത്രലോകം. ത്വക്കിലെ കോശങ്ങള്‍ വിഭജിക്കപ്പെടുന്നത് സാധാരണയിലും വേഗത്തില്‍ ക്രമാതീതമായി തുടരുന്നതാണ് ഈ രോഗത്തിന് കാരണമായി പറയപ്പെടുന്നത്. 28 മുതല്‍ 30 വരെ ദിവസങ്ങള്‍കൊണ്ട് വിഭജിക്കേണ്ട കോശങ്ങള്‍ 3 മുതല്‍ 7 വരെ ദിവസങ്ങള്‍കൊണ്ട് വിഭജിക്കുന്നു.ഇത് ആ ഭാഗത്തെ ത്വക്കിന് കട്ടികൂടി തൊലി ശല്കങ്ങളായി ഉരിഞ്ഞുപോകുന്നതിനു കാരണമാകുന്നു.

രോഗകാരണങ്ങളില്‍ ഏറ്റവും പ്രധാനം പാരമ്പര്യഘടകമാണ്. സോറിയാസിസ് മൂന്നിലൊരാള്‍ക്ക് പാരമ്പര്യമായുണ്ടാകുന്നതായി കണ്ടുവരുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്ക് ഈ രോഗമുണ്ടെങ്കില്‍ കുട്ടിക്കുണ്ടാകാനുള്ള സാധ്യത 10 ശതമാനമാണ്. എന്നാല്‍ മാതാവിനും പിതാവിനുമുണ്ടെങ്കില്‍ രോഗസാധ്യത കുട്ടിക്ക് 50% മാണ്. ജനിതക കാരണമാണെങ്കില്‍പോലും രോഗത്തെ പുറത്തോട്ട് നയിക്കുന്നത് അണുബാധയോ ചില മരുന്നുകളോ ടെന്‍ഷനോ ആണ്.

തൊലിപ്പുറത്തുണ്ടാകുന്ന പോറലുകളിലെ അണുബാധ, തൊണ്ടവേദന, പനി എന്നിവയിലൂടെ ഈ രോഗം ആഗമനമറിയിക്കുന്നു. ഇതോടൊപ്പം മറ്റു കാരണങ്ങളായ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍, വിഷാദം, ചില രോഗങ്ങള്‍ക്ക് (ബി പി) നല്‍കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, വേദനസംഹാരികള്‍ അമിതമായി കഴിക്കുമ്പോള്‍, അവ കുത്തിവയ്ക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം രോഗം ഉണ്ടാകാം. പുകവലി, മദ്യപാനം എന്നീ ശീലങ്ങളുള്ളവരില്‍ സോറിയാസിസ് കൂടാനാണ് സാധ്യത. അതിനാല്‍ ഈ ശീലം ഉപേക്ഷിച്ചില്ലെങ്കില്‍ ചികിത്‌സ വളരെ ദുസഹമാവും.

കാലാവസ്ഥ മുഖ്യ ഘടകം

സോറിയാസിസിന് കാലാവസ്ഥ പ്രധാന ഘടകമാണ്. മഞ്ഞുകാലത്താണ് രോഗം കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിന് വെയില്‍ക്കൊള്ളിക്കുന്നത് രോഗത്തിന് നല്ല പ്രതിവിധിയാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ടുള്ള ചികിത്‌സാരീതിയായ ഫോട്ടോതെറാപ്പി സോറിയാസിസിന് അനുയോജ്യമാണ് എന്നാല്‍ 5 ശതമാനത്തില്‍ താഴെ രോഗികളില്‍ വെയിലേറ്റാല്‍ രോഗം കൂടുന്നതായും കണ്ടുവരുന്നു. ഇക്കൂട്ടര്‍ വെയിലേല്‍ക്കാതിരിക്കുന്നതാണ് ഉത്തമം. അവരുടെ ശാരീരിക ഘടകങ്ങളിലെ വ്യതിയാനമാകാം ഇതിനു കാരണം. രോഗലക്ഷണങ്ങള്‍, കാഠിന്യം, ബാധിക്കുന്ന ശരീരഭാഗങ്ങള്‍ എന്നിവയനുസരിച്ച് സോറിയാസിസ് പലതരത്തിലും പല പേരുകളിലും കാണപ്പെടുന്നു.

പ്ലാക് സോറിയാസിസ്

80 ശതമാനം മുതല്‍ 90 ശതമാനംവരെ സോറിയാസിസ് രോഗികളില്‍ പൊതുവേ കാണപ്പെടുന്ന ഒന്നാണ് പ്ലാക് സോറിയാസിസ്. ചുവന്നു തടിച്ച പാടിനെ ആവരണം ചെയ്തുള്ള വെള്ള ശല്കങ്ങള്‍ ഇതിന്റെ പ്രത്യേകതയാണ്. സോറിയാസിസിലെ സാധാരണ രൂപമാണിത്. ഈ അവസ്ഥയിലാണ് തൊലി ശല്കങ്ങളായി ഇളകിപ്പോകുന്നത്. തൊലിപ്പുറത്തെവിടെയും കൈകാല്‍ മുട്ടുകള്‍, തലയോട്ടി, ശരീരത്തിന്റെ പുറംഭാഗം (നടുവി ന്റെ മധ്യഭാഗം) എന്നിവിടങ്ങളിലും പ്ലാക് സോറിയാസിസ് കാണപ്പെടുന്നു.

ഗട്ടേറ്റ് സോറിയാസിസ്

വട്ടത്തിലുള്ള ചെറിയ കുത്തുകള്‍പോലെയോ ഓവല്‍ ആകൃതിയില്‍ ശരീരത്താകമാനം ചാറ്റല്‍മഴ പെയ്തപോലെയോ ഒരു പ്രത്യേകഭാഗം കേന്ദ്രീകരിച്ചോ ഗട്ടേറ്റ് സോറിയാസിസ് വരാം. ചിലപ്പോള്‍ തലയോട്ടിയിലാവാം. താരനെന്നു സംശയിക്കപ്പെടുമെങ്കിലും താരനല്ല. ഗട്ടേറ്റ് സോറിയാസിസിന്റെ പാടുകള്‍ തലയില്‍ വേര്‍തിരിച്ചു കാണാന്‍ സാധിക്കും. പെട്ടെന്നുണ്ടാകുന്ന ഈ രോഗാവസ്ഥയ്ക്കു കാരണം അണുബാധയോ വൈറസ്ബാധയോ ചില ഡ്രഗ്‌സിന്റെ ഉപയോഗമോ ഒക്കെയാവാം. തൊണ്ടവേദനയും പനിയും ഇതിന്റെ ലക്ഷണമായി കണ്ടുവരുന്നു.

ഫ്‌ളെക്‌സറല്‍ സോറിയാസിസ്

ശരീരത്തിലെ മടക്കുകളിലാണിത് കാണപ്പെടുന്നത്. കൈകാല്‍ മടക്കുകള്‍, കക്ഷം, അരയ്ക്കും തുടയ്ക്കുമിടയ്ക്ക്, സ്തനങ്ങളുടെ അടിഭാഗം എന്നിവിടങ്ങളിലാണ് കൂടുതലായും ഉണ്ടാകുന്നത്. കുടവയറുള്ളവരിലാണെങ്കില്‍ വയറിന്റെ അടിഭാഗത്തായും കണ്ടുവരുന്നു. വിയര്‍പ്പും ചെളിയുമിരുന്ന് മടക്കുകളില്‍ അണുബാധയും ഫംഗസ് ബാധയും ഉണ്ടാകുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം. ചുവന്ന ചെറിയ പാടുകളില്‍ ശല്കങ്ങളിളകാത്തരീതിയില്‍ സോറിയാസിസായി മാറുന്നു. ഈ ഭാഗങ്ങളില്‍ ഉരസലും വിയര്‍പ്പും വീണ്ടുമുണ്ടായാല്‍ രോഗിക്ക് കൂടുതല്‍ അലോസരമുണ്ടാക്കും.

പസ്റ്റുലര്‍ സോറിയാസിസ്

കൈകാല്‍ മുട്ടുകളിലും പത്തികളിലും ചുവന്ന കുരുക്കള്‍പോലെ വന്ന് വ്യാപിച്ച് അതില്‍നിന്നും പഴുപ്പ് കുമിളകളായി വ്യാപിക്കുന്ന അവസ്ഥ. കാല്പാദങ്ങള്‍ വിണ്ടുകീറി വികൃതമാകാം. പസ്റ്റുലര്‍ സോറിയാസിസ് ശരീരത്തില്‍ മുഴുവനായോ ചില ഭാഗങ്ങളില്‍ മാത്രമായോ കാണപ്പെടാം. ശരീരത്തു മുഴുവനായി വരുന്ന അവസ്ഥ വളരെ അപകടകരമാണ്. വിദഗ്ധ ചികിത്‌സ കൃത്യസമയത്തു നല്‍കാതിരുന്നാല്‍ രോഗിയുടെ ജീവനുതന്നെ ഭീഷണിയാകാം.

പസ്റ്റുലര്‍ സോറിയാസിസ് പാടുകളിലെ പഴുപ്പില്‍നിന്നും ഈ രോഗം മറ്റുള്ളവരിലേക്ക് പകരുമെന്ന ഭയം വേണ്ട. പഴുപ്പ് തൊലിപ്പുറത്തു മാത്രമേ കാണപ്പെടുന്നുള്ളൂ. ഉള്ളിലേക്ക് കാണപ്പെടുന്നില്ല.

നെയില്‍ സോറിയാസിസ്

കൈകാല്‍ നഖങ്ങളില്‍ കുത്തുകള്‍പോലെ വന്ന് നഖത്തിനടിയിലെ തൊലിക്ക് കട്ടിവച്ചിരിക്കും. നഖം പൊളിഞ്ഞിരിക്കുകയും കുഴിനഖംപോലെയും തോന്നാം. നഖത്തിന്റെ അഗ്രങ്ങളില്‍ നിറവ്യത്യാസമുണ്ടാകും. മഞ്ഞനിറത്തില്‍ കാണപ്പെടുമെങ്കിലും ക്രമേണ സോറിയാസിസ് ബാധിച്ച നഖം ചുവന്ന് നശിച്ചുപോകുന്നു.

എറിത്രോഡെര്‍മിക് സോറിയാസിസ്

കടുത്ത ചൊറിച്ചിലും നീരും വേദനയുമായി തൊലി ചുവന്ന് ശല്കങ്ങളായി മുഴുവനായി ഉരിഞ്ഞുപോകുന്നതായി കാണുന്നു. ഇത്തരം സോറിയാസിസ് വളരെ മാരകമാണ്. ഏതു സോറിയാസിസും വഷളാകുന്ന അവസ്ഥയാണ് എറിത്രോഡെര്‍മിക്. എത്രയും പെട്ടെന്നുള്ള ചികിത്‌സ അത്യാവശ്യമാണ്.

പരിശോധന

സ്‌കിന്‍ ബയോപ്‌സി പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കുന്നു. മറ്റൊരു സ്വതന്ത്രരീതി പ്ലാക്കുകള്‍ ഉരസുമ്പോള്‍ രക്തം വരുന്നുണ്ടെങ്കില്‍ സോറിയാസിസാണെന്ന് അനുമാനിക്കാം. സന്ധിവാതമുള്ളവരാണെങ്കില്‍ സന്ധികള്‍ക്കുവേണ്ടി പ്രത്യേക പരിശോധനകളും ടെസ്റ്റുകളും നടത്തേണ്ടിവരും.

ചികിത്സാരീതികള്‍

രോഗിക്കും ഡോക്ടര്‍ക്കും ക്ഷമയുണ്ടെങ്കില്‍ മാത്രമേ സോറിയാസിസ് ചികിത്സ സുഖകരമാകുകയുള്ളൂ. ബാഹ്യരോഗമായതുകൊണ്ടുലേപനങ്ങള്‍ക്കാണ് പ്രാമുഖ്യം. എങ്കിലും ഉള്ളിലോട്ടു കഴിക്കേണ്ട മരുന്നുകളും നല്‍കാറുണ്ട്. ഈ മരുന്നുകള്‍ അണുനാശകങ്ങളും പാരമ്പര്യേതര ഘടകങ്ങളെ നിയന്ത്രിക്കുന്നവയുമാകയാല്‍ രക്തശുദ്ധിയും കരള്‍ പ്രവര്‍ത്തനവും പുര്‍ണമാണെന്നുറപ്പുവരുത്തേണ്ടതാണ്. ഓരോ രോഗിക്കും അനുയോജ്യമായ അവസ്ഥയ്ക്കനുസരിച്ച് രോഗിയുടെ പ്രായം, ലിംഗം, ജീവിതരീതി, രോഗത്തിന്റെ വ്യാപ്തി, കാഠിന്യം എന്നിവ അടിസ്ഥാനപ്പടുത്തിയാണ് ചികിത്സ.

  1. സാധാരണരീതിയില്‍തന്നെ ഭക്ഷണം കഴിക്കാം. എന്നാല്‍ അമിതമായ ഭക്ഷണശീലം ഒഴിവാക്കണം. 
  2. മാട്ടിറച്ചി കഴിക്കുന്നതും നല്ലതല്ല. കോഴിയോ മറ്റെന്തിങ്കിലുമോ ആവാം. മദ്യപാനം, പുകവലി ശീലങ്ങള്‍ ചികിത്‌സാകാലഘട്ടത്തിലെങ്കിലും കഴിവതും ഒഴിവാക്കുക. മീന്‍ കഴിക്കാം. 
  3. മുറിവേറ്റ ഭാഗങ്ങളില്‍ അണുബാധയുണ്ടാകാതെയും തട്ടിയോ മുട്ടിയോ മുറിവ് വലുതാവാതെയും സൂക്ഷിക്കുക. സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാവും നല്ലത് (പ്രത്യേകിച്ച് അധികം കെമിക്കലുകള്‍ അടങ്ങിയതരത്തിലുള്ളത്). സോഫ്റ്റ് സോപ്പുകള്‍ ഒരു പരിധിവരെ ഫലം ചെയ്യും. 
  4. തൊലി പൊളിയുന്ന ഭാഗങ്ങളില്‍ എണ്ണ പുരട്ടുന്നത് ഉപകാരപ്രദമാണ്. 
  5. അള്‍ട്രാവയലറ്റ് ചികിത്‌സാരീതി ഫലപ്രദമായതിനാല്‍ ഈ രോഗികള്‍ വെയിലേല്‍ക്കുന്നത് നല്ലതാണ്്.- 
  6. പാടുകള്‍ (രോഗമേറ്റഭാഗം) ഉപ്പുവെള്ളത്തില്‍ കഴുകുന്നത് ഫലം ചെയ്യും. ശരീരം എപ്പോഴും ശുചിത്വമായിരിക്കണം.

കടപ്പാട്: ഡോ. കെ. ശോഭനകുമാരി

Author
ChiefEditor

enmalayalam

No description...

You May Also Like