ദിവസവും പാരസറ്റമോൾ കഴിച്ചാൽ ബിപി കൂടുന്നതിനും ഹൃദയാഘാതത്തിനും സാധ്യത
- Posted on February 08, 2022
- Ask A Doctor
- By Dency Dominic
- 579 Views
സ്ട്രോക്ക്, ഹൃദയാഘാത സാധ്യതയുള്ള രോഗികൾക്ക് പാരസറ്റമോൾ നിർദേശിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഗവേഷകർ ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകുന്നു.
ചെറിയൊരു പനി വന്നാൽ പാരസറ്റമോൾ (paracetamol ) കഴിക്കുന്നവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്. അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നതു പോലെ പാരസറ്റമോൾ അധികമായാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.
ദിവസേന പാരസറ്റമോൾ കഴിക്കുന്നത് രക്ത സമ്മർദ്ദം വർധിപ്പിക്കാനും ഹൃദയാഘാതത്തിന്റെ സാധ്യത കൂട്ടുമെന്നുമാണ് ഗവേഷകർ പറയുന്നത്. സ്ട്രോക്ക്, ഹൃദയാഘാത സാധ്യതയുള്ള രോഗികൾക്ക് പാരസറ്റമോൾ നിർദേശിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഗവേഷകർ ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകുന്നു
എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഉയർന്ന രക്തസമ്മർദ്ദമുള്ള 110 രോഗികളിലാണ് ഗവേഷകർ പഠനം നടത്തിയത്. ഒരു ദിവസം നാല് നേരം ഒരു ഗ്രാം പാരസറ്റമോൾ വീതം നൽകിയായിരുന്നു പഠനം. നാല് ദിവസത്തിനുള്ളിൽ, പാരസെറ്റമോൾ ഉപയോഗിച്ച ഗ്രൂപ്പിൽ രക്തസമ്മർദ്ദം ഗണ്യമായി വർദ്ധിച്ചു, ഇത് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി.
യുകെയിൽ പത്തിൽ ഒരാൾക്ക് വീതം ദിവസവും പാരസറ്റമോൾ നിർദേശിക്കുന്നുണ്ട്. ഞെട്ടിക്കുന്ന വസ്തുതയെന്തെന്നാൽ മൂന്ന് മുതിർന്ന ആളുകളിൽ ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നതാണ്. രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്ന ഇബുപ്രോഫെൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നത് നിർത്താൻ രോഗികളെ ഉപദേശിക്കാൻ ശ്രമിക്കുകയാണെങ്കിൽ പാരസെറ്റമോൾ സുരക്ഷിതമായ ബദലാണെന്ന് തങ്ങൾ കരുതിയിരുന്നതായി എഡിൻബർഗ് സർവകലാശാലയിലെ തെറാപ്പിറ്റിക്സ് ആൻഡ് ക്ലിനിക്കൽ ഫാർമക്കോളജി ചെയർ പ്രൊഫസർ ഡേവിഡ് വെബ്ബ് പറയുന്നു. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാൻ സാധ്യതയുള്ള രോഗികളിൽ പാരസെറ്റമോൾ ഉപയോഗിക്കുന്നത് നിർത്തുന്നത് പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
പാരസറ്റമോൾ കഴിക്കുന്ന രോഗികൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പ്രത്യേകം മരുന്ന് കഴിക്കണമെന്നാണ് ഗവേഷകർ ആവശ്യപ്പെടുന്നത്.
എൻഡോസൾഫാൻ ദുരിത ബാധിതർക്കായ് എയിംസ് വേണം