ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; സ്‌ഫോടനങ്ങള്‍, ലക്ഷ്യം ഹമാസ് നേതാക്കളെന്ന് റിപ്പോര്‍ട്ട്

സി.ഡി. സുനീഷ്


ടെൽ അവീവ്: ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി വിവരം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഉണ്ടായ സ്‌ഫോടനം ഹമാസ് നേതാക്കള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ ഫലമാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന പ്രധാന രാജ്യമായിരുന്നു ഖത്തര്‍. ഗാസയ്ക്ക് പുറത്തുള്ള തങ്ങളുടെ ആസ്ഥാനമായി ഹമാസ് നേതാക്കള്‍ ഖത്തര്‍ തലസ്ഥാനം ഉപയോഗിച്ചുവരുന്നുവെന്നാണ് ഇസ്രയേലിന്റെ ആരോപണം.  ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ടെങ്കിലും എവിടെയാണ് നടത്തിയതെന്ന് പറഞ്ഞിട്ടില്ല. ഗാസയ്ക്ക് പുറത്താണ് ആക്രമണം നടത്തിയതെന്ന് സൂചനയാണ് നല്‍കിയിട്ടുള്ളത്.


'ഐ.ഡി.എഫും ഐ.എസ്.എയും ഹമാസ് ഭീകര സംഘടനയുടെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തി. വര്‍ഷങ്ങളായി, ഹമാസ് നേതൃത്വത്തിലെ ഈ അംഗങ്ങള്‍ ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നയിച്ചുവരികയും ക്രൂരമായ ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളാവുകയും ഇസ്രയേല്‍ രാഷ്ട്രത്തിനെതിരായ യുദ്ധം ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ആക്രമണത്തിന് മുമ്പ്, കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതും കൂടുതല്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുന്നതും ഉള്‍പ്പെടെ, സാധാരണക്കാര്‍ക്ക് സംഭവിക്കാവുന്ന നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ഹമാസിനെ പരാജയപ്പെടുത്തുന്നതിനായി ഐ.ഡി.എഫും ഐ.എസ്.എയും ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തനം തുടരും.' ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like