ജൈവ പരിപാലന ദിനങ്ങൾ മാത്രം മതിയോ.....?

നമ്മുടെ നാട്ടിൽ ദിനാഘോഷങ്ങൾ എന്ന കെട്ടു കാഴ്ചകൾക്ക് യാതൊരു പഞ്ഞവുമില്ല. കേവലം യാന്ത്രികമായ ആചാരങ്ങളായി ഇവ മാറുന്നു. ഇന്ന് അന്തരാഷ്ട ജൈവ വൈവിധ്യ ദിനമാണ്. ഓരോ ഗ്രാമ പഞ്ചായത്തിലും നമുക്ക് ബി. എം. സി.(ജൈവ പരിപാലന സമിതികൾ) ഉണ്ട്. ഇതിന്റെ പ്രാധാന്യം പോലും ശരിക്കറിയാത്തവർ നയിക്കുകയും നിർബന്ധന കൊണ്ട് മാത്രം നില നിർത്തുന്ന ഒട്ടും ഊർജ്ജസ്വലമാകാത്ത സമിതികളാണവ. ഓരോ പ്രദേശത്തിന്റേയും ജൈവ പരിപാലനവും സംരംക്ഷണവും നമ്മുടെ നില നില്പിന് പോലും അനിവാര്യമായ ഇക്കാലത്ത് നാം ഇത്തരം കാര്യങ്ങൾ അവഗണിച്ചും നശിപ്പിച്ചും യഥാർത്ഥത്തിൽ നമ്മുടെ ശവക്കുഴി തന്നെ തോണ്ടുകയാണ്. ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൗമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവജാലങ്ങളുടെ വൈവിദ്ധ്യവും സംരംക്ഷിക്കപ്പെടുക എന്നാണ് അർത്ഥമാക്കപ്പെടുന്നത്. സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും, അവയുടെ ആവാസ വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ സമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. ഒരു കണക്ക് കാണിക്കുന്നത്, ഭൂമിയിൽ മുൻപുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നതാണ്. താപ നില കൂടി കാലാവസ്ഥ വ്യതിയാനങ്ങൾ സംഭവിച്ച് നമ്മുടെ നില നില്പ് തന്നെ അസാധ്യമാകുന്ന ഈ ഇരുൾ കാലത്ത് നമ്മുടെ നിലനില്‌പിനായെങ്കിലും ജൈവ പരിപാലനവും സംരംക്ഷണവും വ്യക്തികളും സമൂഹവും സർക്കാരുകളും ഏറ്റെടുക്കണം. ഒരു ദിനം കൊണ്ട് സംരംക്ഷിക്കാവുന്ന നമ്മുടെ അനിവാര്യമായ ജൈവ വിധ്യം.
സി.ഡി. സുനീഷ്