പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്: ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്.


 പ്രത്യേക ലേഖകൻ.



 വയനാട്, പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ 2016-17ൽ വായ്പ വിതരണത്തിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജനകീയ സമര സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുകയും ജീവിതം വഴിമുട്ടിയ ഇരകളെ അവഗണിക്കുകയും ചെയ്യുന്ന അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭമെന്ന് ജനകീയ സമര സമിതി പ്രവർത്തകരായ ഡാനിയേൽ പറമ്പേക്കാട്ടിൽ, സാറാക്കുട്ടി പറമ്പേക്കാട്ടിൽ, അജയകുമാർ പൊയ്ക്കാട്ടിൽ, സി.ജി. ജയപ്രകാശ്, ജലജ രാജേന്ദ്രൻ, രാംജിത്ത് രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബർ മൂന്നിന് ബാങ്കിനും 13ന് ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയത്തിനും മുമ്പിൽ രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ സൂചനാസത്യഗ്രഹം നടത്തും. പിന്നീട് ബഹുജന കൺവൻഷൻ, പ്രചാരണജാഥ തുടങ്ങിയവ സംഘടിപ്പിക്കും. കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കും.

ക്രമക്കേടുകൾ മൂലം ബാങ്കിനുണ്ടായ 8.33 കോടി രൂപയുടെ നഷ്ടം ഈടാക്കുന്നതിന് സഹകരണനിയമം വകുപ്പ് 68(2) പ്രകാരം സഹകരണ ജോയിന്റ് രജിസ്ട്രാർ(ജനറൽ) 2022 ഓഗസ്റ്റ് 17ന് പുറപ്പെടുവിച്ച സർചാർജ് ഉത്തരവിൽ നടപടി വൈകുകയാണ്. ക്രമക്കേട് നടന്ന കാലത്തെ ബാങ്ക് പ്രസിഡന്റ്, ഡയറക്ടർമാരിൽ ഏഴു പേർ, സെക്രട്ടറി, ഇന്റേണൽ ഓഡിറ്റർ എന്നിവർക്കാണ് സർചാർജ് ബാധകമാക്കിയത്.

ബാങ്ക് പരിധിയിൽ താമസിക്കുന്ന പറമ്പേക്കാട്ട് ഡാനിയേൽ-സാറാക്കുട്ടി ദമ്പതികളുടെ 62 സെന്റ് സ്ഥലത്തിന് 36 ലക്ഷം രൂപ വായ്പ അനുവദിച്ചും ക്രമക്കേട് നടത്തിയതായി സഹകരണ വകുപ്പ് പിന്നീട് കണ്ടെത്തിയിരുന്നു. ഇക്കാര്യവും ഉൾപ്പെടുത്തി സഹകരണ നിയമത്തിലെ വകുപ്പ് 66(1) പ്രകാരം അന്വേഷണം നടത്തി പുതിയ സർചാർജ് ഉത്തരവ് പുറപ്പെടുവിക്കാമെന്ന് 2023 ജൂലൈ നാലിന് സഹകരണ വകുപ്പ് ജില്ലാ മേധാവി പരാതിക്കാരായ ഡാനിയേൽ-സാറാക്കുട്ടി ദമ്പതികളെ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായില്ല. ഡാനിയേൽ-സാറാക്കുട്ടി ദമ്പതികൾക്ക് നിലവിൽ സഹകരണ ബാങ്കിൽ 74.84 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്.

പരാതിക്കാരെ ഉൾപ്പെടുത്താതെ പുതിയ സർചാർജ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് സഹകരണ വകുപ്പ് നോട്ടീസ് അയച്ചിരിക്കയാണ്. നേരത്തേ പുറപ്പെടുവിച്ച സർചാർജ് ഉത്തരവിൽ ഇല്ലാതിരുന്നതിൽ ഫിലോമിന, മുകുന്ദൻ, ഉലഹന്നാൻ എന്നീ മുൻ ഡയറക്ടർമാരെയും ഉൾപ്പെടുത്തിയാണ് നോട്ടീസ്.

കടക്കെണിയിൽപ്പെട്ട് ജീവനൊടുക്കിയ കർഷകൻ രാജേന്ദ്രൻ നായരുടെ കുടുംബം വലിയ പ്രതിസന്ധിയിലാണ്. 60 ലക്ഷം രൂപയ്ക്കു മുകളിലാണ് ബാങ്കിൽ രാജേന്ദ്രൻ നായരുടെ പേരിലുള്ള ബാധ്യത. ബാങ്ക് രാജന്ദ്രൻ നായരുടെ പേരിൽ അനുവദിച്ച വായ്പ കൊല്ലപ്പള്ളി സജീവൻ എന്നയാളുടെ അക്കൗണ്ടിലേക്കാ ണെന്നും, ദാനിയേലിന്റെ  ക്യാഷ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ വി. എം പൗലോസിന്റെ സഹോദരൻ വി.എം മത്തായിയുടെ അക്കൗണ്ടിലേക്കാ ണെന്നും ഇ. ഡി യും  സഹകരണ വകുപ്പും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

 കെ കെ അബ്രഹാം,  വി എം പൗലോസ്, രമാദേവി, കൊല്ലപ്പള്ളി സജീവൻ എന്നിവർ ജയിൽവാസം അനുഭവിച്ചു എങ്കിലും

 ബാധ്യത എഴുതിത്തള്ളാനും കുടുംബത്തിന് പണയ വസ്തുവിന്റെ രേഖകൾ തിരികെ നൽകാനും നടപടിയില്ല. രാജേന്ദ്രൻ നായരുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ നീക്കം മന്ദഗതിയിലാണെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like