പാവനാടകത്തിലെ കൗതുകങ്ങളും സാധ്യതകളുമായി ബിനാലെയിലെ പാവനാടക ശില്‍പ്പശാല.
- Posted on January 06, 2026
- News
- By Goutham prakash
- 54 Views
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയില്‍ (കെഎംബി) പാവകളിയിലെ കൗതുകങ്ങളും സാധ്യതകളും പരിചയപ്പെടുത്തി പ്രശസ്ത പാവക്കൂത്ത് കലാകാരി അനുരൂപ റോയ്. ബിനാലെയുടെ ആറാം പതിപ്പിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി ബാസ്റ്റിന്‍ ബംഗ്ലാവിലെ പവലിയന്‍ ആര്‍ട്ട് റൂമിലാണ് പാവക്കൂത്ത് ശില്‍പ്പശാല നടന്നത്.
സമൂഹത്തിലെ വ്യത്യസ്ത തുറകളില്‍ നിന്നുള്ളവരും വിവിധ പ്രായത്തിലുള്ളവരുമായ 26 പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. പാവകള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലും ആനിമേറ്റ് ചെയ്യുന്നതിലും പരിശീലനം നേടിയ അവര്‍ ബിനാലെയിലെ അവതണത്തിന്റെ ഭാഗമാകുകയും ചെയ്തു.
പ്രണയം, സൗഹൃദം, പങ്കിടല്‍, കരുതല്‍, സ്വാതന്ത്ര്യം, നിയന്ത്രണങ്ങള്‍, പരദൂഷണം, പ്രകോപനം, പ്രകൃതി സ്‌നേഹം തുടങ്ങിയ ലളിതവും ചിന്തോദ്ദീപകവുമായ വിഷയങ്ങള്‍ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു. പാവയുടെ മുഖഭാവം, ശരീര ഭാഷ, പുരികങ്ങളുടെയോ മീശയുടെയോ വിറയല്‍, പുഞ്ചിരി തുടങ്ങിയവ വിരലുകളുടെ ചലനത്തിലൂടെ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി.
ന്യൂഡല്‍ഹി സ്വദേശിയായ അനുരൂപയ്ക്ക് ആറ് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് പാവകളോടുള്ള ഇഷ്ടം. മുത്തശ്ശി ഒരു പാവ നിര്‍മ്മാതാവായിരുന്നു. നൂല്‍ നൂല്‍ക്കുന്നതിലുള്ള വൈദഗ്ദ്ധ്യം 1998 ല്‍ കട്കത പപ്പറ്റ് ആര്‍ട്‌സ് ട്രസ്റ്റ് സ്ഥാപിക്കുന്നതിലേക്ക് നയിച്ചു.
ഗ്ലൗ പപ്പെട്രി അത്ര എളുപ്പമല്ലെന്നും ശില്‍പ്പശാല മികച്ച അനുഭവമായിരുന്നുവെന്നും അനുരൂപ പറഞ്ഞു. കട്കത പപ്പറ്റ് ആര്‍ട്‌സ് ഒരു ടൂറിംഗ് പാവനാടക കമ്പനിയാണ്. മുഴുവന്‍ സമയ പാവകളിക്കാരായ എട്ടു പേരുള്‍പ്പെടെയുള്ള സംഘമാണിത്. ചിലര്‍ കുട്ടികളുടെയും മറ്റുള്ളവര്‍ മുതിര്‍ന്നവരുടെയും പാവനാടകത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരിശീലനമാണ് പാവകളിയിലെ പ്രധാന ഘടകം. പാവകളി സാങ്കേതിക വിദ്യകളില്‍ ആളുകളെ പരിശീലിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ഒരു മാസ്റ്റര്‍ ക്ലാസ് നടത്തുന്നു. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന റെസിഡന്‍ഷ്യല്‍ പരിശീലനം നടത്തുന്ന ഒരു ഇന്‍കുബേഷന്‍ ലാബും ഞങ്ങള്‍ക്കുണ്ട്. ഒടുവില്‍ നടന്ന പരിശീലന പരിപാടിയില്‍ തുര്‍ക്കി, വെനസ്വേല, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള പാവക്കൂത്തുകാർ ഉണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കട്കത ഒരു പാവകളി ഷോ സൃഷ്ടിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷമെടുക്കും. അഗത ക്രിസ്റ്റിയുടെ ആന്റ് ദെന്‍ ദേര്‍ വേര്‍ നോണ്‍' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള 'ഓറഞ്ച്‌സ് ജ്യൂസ്' ആണ് അവരുടെ ഏറ്റവും പുതിയ പാവനാടകം. ഈ മാസം നടക്കുന്ന ഷിക്കാഗോ ഇന്റര്‍നാഷണല്‍ പപ്പറ്റ് തിയേറ്റര്‍ ഫെസ്റ്റിവലിനും മാര്‍ച്ചില്‍ നടക്കുന്ന ക്യൂബെക്ക് ഫെസ്റ്റിവെലിനും വേണ്ടി കട്കത ഒരുങ്ങുകയാണ്. ബണ്‍റാക്കു (ജപ്പാന്റെ പരമ്പരാഗത പാവക്കൂത്ത് തിയേറ്റര്‍) പരിശീലനങ്ങള്‍ക്ക് പുറമേ റോഡ് പപ്പറ്റ്, സ്ട്രിംഗ് അല്ലെങ്കില്‍ മാരിയോനെറ്റ്, വിവിധ വലുപ്പത്തിലുള്ള ഷാഡോ പപ്പറ്റ് എന്നിവയും കട്കതയില്‍ ഉള്‍പ്പെടുന്നു.
പാവക്കൂത്ത് അവിശ്വാസത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത ഒരു തരം വിശ്വാസമാണെന്ന് ആല സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആള്‍ട്ടര്‍നേറ്റിവ് എജ്യുക്കേഷന്‍ സ്ഥാപകന്‍ മനു ജോസ് പറഞ്ഞു. ആളുകള്‍ക്ക് ഒരു നടനില്‍ വിശ്വാസമുണ്ട്. പക്ഷേ ഒരു രൂപകല്‍പന ചെയ്ത ആനിമേറ്റഡ് രൂപത്തില്‍ താത്പര്യമുണ്ടാക്കുന്നത് നിങ്ങളിലെ കുട്ടിയെ ഉണര്‍ത്തുന്നതിനുള്ള മാര്‍ഗമാണ്. അതുകൊണ്ടുതന്നെ ഈ പരിപാടിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മനു ജോസിന്റെ മകന്‍ ഇസാദ് ഔപചാരിക സ്‌കൂള്‍ വിദ്യാര്‍ത്ഥിയല്ല. ആലയില്‍ നിന്നും പ്രകൃതിയില്‍ നിന്നും ചുറ്റുമുള്ള കാര്യങ്ങളില്‍ നിന്നുമാണ് അവന്‍ എല്ലാം പഠിക്കുന്നത്. ശില്‍പ്പശാല നല്ല അനുഭവമായിരുന്നുവെന്ന് ഇസാദ് പറഞ്ഞു. പാവനിര്‍മ്മാണം എളുപ്പമായിരുന്നുവെങ്കിലും പാവകളെ അഭിനയിപ്പിക്കുമ്പോള്‍ വിരലുകളും കൈകളും നേരായ ദിശയില്‍ ചലിപ്പിക്കുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും ഇസാദ് പറഞ്ഞു.
ഔപചാരിക സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയല്ലാത്ത ബാലസരസ്വതി ഇസാദിനോട് യോജിച്ചു. തെര്‍മോക്കോളില്‍ നിന്ന് പാവകളെ ഉണ്ടാക്കുകയും അതില്‍ പേപ്പിയര്‍-മാഷെ ഉപയോഗിച്ച് പാളികള്‍ വരച്ച് നിറം നല്‍കുകയും ചെയ്തുവെന്ന് ബാലസരസ്വതി കൂട്ടിച്ചേര്‍ത്തു.
ശില്‍പ്പശാല രസകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നുവെന്ന് നാടക കലാകാരനായ അജിത്ലാല്‍ ശിവ്ലാല്‍ അഭിപ്രായപ്പെട്ടു.
ബെംഗളൂരുവില്‍ നിന്നുള്ള ജനറല്‍ ഫിസിഷ്യന്‍ പ്രിയങ്ക ഗാര്‍ഗിന് ഇത് മൂന്നാമത്തെ എബിസി വര്‍ക്ക്ഷോപ്പായിരുന്നു. പാവ നിര്‍മ്മാണത്തില്‍ ആദ്യം ധാരണയില്ലായിരുന്നുവെന്നും പരിശീലനവും ധൈര്യവും കൊണ്ട് പിന്നീട് നന്നായി ചെയ്യാനായെന്നും പ്രിയങ്ക പറഞ്ഞു.
