സന്തോഷ സന്ദേശവുമായി ബത്തേരിയിലെ 'ഹാപ്പി ഫാമിലി' ശിൽപങ്ങൾ

ബത്തേരി: 

ശുചിത്വ നഗരമെന്നറിയപ്പെടുന്ന ബത്തേരിയിൽ, ഇനി സന്തോഷത്തിന്റെ നഗരം എന്നൊരു പുതിയ തിരിച്ചറിയലാണ് ഉദയത്തിരിയുന്നത്. നഗരസഭയും ബത്തേരി ജെ.സി.ഐ. യും ചേർന്ന് സംയുക്തമായി സ്ഥാപിച്ച 'ഹാപ്പി ഫാമിലി' ശിൽപങ്ങൾ ഇതിന്റെ ഭാഗമാണ്.


ഈ മനോഹര ശിൽപങ്ങൾ രൂപകൽപ്പന ചെയ്തതും നിർമിച്ചതും പ്രശസ്ത ശിൽപി ബിനു തത്തുപാറയാണ്. അച്ഛൻ, അമ്മ, രണ്ട് കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബ മാതൃകയാണ് അദ്ദേഹം മനോഹരമായൊരു ശിൽപത്തിലാക്കി മാറ്റിയത് — സമഗ്ര സന്തോഷ സൂചികയെ പ്രതിനിധീകരിക്കുന്ന രീതി.


സ്‌ക്വയർ പൈപ്പുകൾ വെൽഡ് ചെയ്ത് ആകൃതികൾ സൃഷ്ടിച്ച ശേഷം, അതിന് മേൽ ഫൈബർ കൊണ്ട് പൊതിയുന്ന രീതിയിലാണ് ശിൽപങ്ങൾ ഒരുക്കിയത്. മുഴുവൻ ശിൽപങ്ങളും ചതുരാകൃതിയിൽ ആവിഷ്കരിച്ചിരിക്കുന്നു.


നീല, പച്ച, മഞ്ഞ, പിങ്ക്, വെള്ള, ഓറഞ്ച് എന്നീ സന്തോഷ നിറങ്ങളാണ് ഓരോ ഘടകത്തിലും പകർന്നിരിക്കുന്നത്. നഗരത്തിലെ ചുമരുകളിലും പൊതു ഇടങ്ങളിലുമുള്ള സജീവ സന്ദേശ ചിത്രങ്ങളുടെ ശൈലി തന്നെയാണ് ഈ ശിൽപങ്ങൾക്കും ബിനു നൽകിയിരിക്കുന്നത്.


ഇത് സ്ഥാപിച്ചിരിക്കുന്നത് ചുങ്കത്ത് മൈസൂരു – ഊട്ടി റോഡുകൾ ചേരുന്ന ജംക്ഷനിലാണ്. ഇന്ന് ഈ സ്ഥലം ബത്തേരിയിലെ ജനങ്ങൾ ഏറ്റവും പ്രിയപ്പെട്ട സെൽഫി സ്‌പോട്ടായി മാറിയിരിക്കുകയാണ്. സന്ദർശകർക്ക് സന്തോഷം പങ്കുവെക്കാനും ആസ്വദിക്കാനും അതുല്യമായൊരു പരിസരമാണ് ശിൽപങ്ങൾ ഒരുക്കുന്നത്.


ഈ ശിൽപം 20 ദിവസത്തിനകം, നാല് പേരടങ്ങുന്ന ടീമിന്റെ സഹായത്തോടെ ബിനു തത്തുപാറ പൂര്‍ത്തിയാക്കി. ഒരു ലക്ഷത്തിലധികം രൂപ ചെലവിട്ട് തയ്യാറാക്കിയ ഈ സംരംഭം, ബത്തേരിയിൽ നടന്നു വരുന്ന 'ഹാപ്പിനസ് ഫെസ്റ്റിന്റെ' പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.


മാവിലംതോട് പാഴശ്ശി പ്രതിമാ നിർമ്മാണത്തിലൂടെയും, കലിമൺ ശില്പങ്ങളിലൂടെയും ഇതിനുമുന്‍പ് തന്നെ പ്രാദേശികമായി ശ്രദ്ധ നേടിയിട്ടുള്ള ബിനു തത്തുപാറ, 'ഹാപ്പി ഫാമിലി' എന്ന ആശയത്തിലൂടെയും തന്റെ സൃഷ്ടിപരത്വവും ശിൽപ വൈദഗ്ധ്യവും വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Author
Citizen Journalist

Goutham Krishna

No description...

You May Also Like