യേശുദാസിന്റെ സാന്ത്വനഗീതത്തോട് ഒരുമിക്കാം... പുസ്തക സമ്മാനം നേടാം
- Posted on September 06, 2024
- News
- By Varsha Giri
- 290 Views
കേരള മീഡിയ അക്കാദമിയുടെ “കേരളമേ പോരൂ... വയനാടിനായി ലോകമേ ഒന്നിയ്ക്കാം'' എന്ന സാന്ത്വനഗീതത്തോട് ഒരുമിക്കാം.. സമ്മാനം നേടൂ...
അക്കാദമിയുടെ യുട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്ത് സാന്ത്വനഗീതം വീഡിയോയ്ക്ക് മികച്ച കമന്റിടുന്ന 50 പേർക്കാണ് പുസ്തകസമ്മാനം. ആയിരം രൂപയുടെ പുസ്തകക്കിറ്റാണ് നൽകുക. വിവിധ മാധ്യമ ശാഖകളെ പരിചയപ്പെടുത്തുന്ന അക്കാമദിയുടെ കൈപ്പുസ്തകങ്ങളുടെ സമാഹാരമാണ് നൽകുക. വിജയികൾക്ക് ഗാനഗന്ധർവ്വൻ യേശുദാസുമായി സംവദിക്കാനുള്ള അവസരവും ഒരുക്കും. അക്കാദമിയുടെ മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
വയനാടിന്റെ കണ്ണീരൊപ്പാനുള്ള സർക്കാർ യജ്ഞത്തിന് പിന്തുണയേകാനാണ് സ്വരലയയുമായി ചേർന്ന് മീഡിയ അക്കാദമി മ്യൂസിക് ആൽബം തയ്യാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മുന്‍ വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം എ ബേബിയ്ക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. കവി റഫീക്ക് അഹമ്മദ് എഴുതി സംഗീതസംവിധായകന്‍ രമേശ് നാരായണ്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന് ആശയാവിഷ്കാരം നൽകിയത് ചലച്ചിത്ര സംവിധായകൻ ടി കെ രാജീവ്കുമാറും ദൃശ്യാവിഷ്‌കാരം നടത്തിയത് ചലച്ചിത്രകാരന്‍ വി പുരുഷോത്തമനുമാണ്. നാനക് മല്‍ഹാര്‍, ചാരുകേശി എന്നീ രാഗങ്ങളുടെ സ്വരചലനങ്ങള്‍ ഉപയോഗിച്ചാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 250ലധികം ദൃശ്യങ്ങൾ അടങ്ങിയതാണ് മ്യൂസിക് ആൽബം.
വയനാടിന്റെ സങ്കടവും പുനർനിർമ്മാണത്തിന്റെ പ്രതീക്ഷയും ഉൾച്ചേർന്നതാണ് യേശൂദാസിന്റെ പാട്ട്.
https://www.youtube.com/watch?v=WwEUB4w_pkM എന്നതാണ് ചാനൽ ലിങ്ക്. കമന്റിടുന്നവർ സാന്ത്വനഗീതത്തിന്റെ വീഡിയോ ഷെയർ ചെയ്യുകയും ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വേണം. ചാനൽ സബ്സ്ക്രൈബ് ചെയ്തതിന്റെയും കമന്റിട്ടതിന്റെയും സ്ക്രീൻഷോട്ടും അയക്കുക.
