പട്ടാള പുഴുവിനെ ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ തുടങ്ങി.





കൊച്ചി.




സി.എം.എഫ്.ആർ.ഐ.യിൽ ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ  ഉദ്ഘാടനം ചെയ്തു.



 

പട്ടാള പുഴുവിനെ (ബ്ലാക് സോൾജിയർ ഫ്‌ളൈ) ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സ്വച്ഛഭാരത് കാപയിനിന്റെ ഭാഗമായി പച്ചക്കറി-മത്സ്യ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനാണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. പട്ടാള പുഴുവിന്റെ ലാർവ ഉപയോഗിച്ച് ജൈവമാലിന്യങ്ങൾ പ്രോട്ടീൻ ഉറവിടമാക്കി സംസ്‌കരിച്ചെടുക്കും. മത്സ്യത്തീറ്റ ഉൽപാദനത്തിൽ ഫിഷ് മീലിന് പകരമായി ഇവ ഉപയോഗിക്കാനാകും.


മനുഷ്യജീവിതത്തിന്റെ മുഴുവൻ തലങ്ങളെയും സ്പർശിക്കുന്ന രീതിയിലാണ് സ്വച്ഛഭാരത്  പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യ വികസനക്കുതിപ്പിലാണ്. 2047ഓടെ വികസിത രാജ്യമായി മാറും. ഇത് മുന്നിൽ കണ്ട് വികസനത്തിന്റെ ഉപോൽപ്പന്നമായ മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരമെന്ന നിലക്കാണ് സ്വച്ഛഭാരത് പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടത്.  


പ്രകൃതിവിഭവങ്ങളെ ആവശ്യാനുസരണം മാത്രം ആശ്രയിക്കുന്നതിനുള്ള ആശയമാണ് പ്രധാനമന്ത്രി വിഭാവനം ചെയ്ത ലൈഫ്‌സ്റ്റൈൽ ഫോർ എൺവയൺമെന്റ് (ലൈഫ്). കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി കാർബൺ ബഹിർഗമനം കുറക്കാൻ ഇതിലൂടെ കഴിയും. കടലിൽ കൃത്രിമപാരുകൾ (ആർട്ടിഫിഷ്യൽ റീഫ്) സ്ഥാപിക്കുന്ന പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കി വരികയാണ്. മത്സ്യോൽപാദനം കൂട്ടാൻ ഇത് സഹായിക്കും- കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.


അലങ്കാരമത്സ്യ കൃഷി, മത്സ്യ വിത്തുൽപാദനം, സംയോജിത മത്സ്യകൃഷി തുടങ്ങിയ മേഖലകളെ പ്രതിനിധീകരിച്ചെത്തിയ കർഷകരുമായും സംരംഭകരുമായും മന്ത്രി ആശയവിനിമയം നടത്തി.


സി.എം.എഫ്.ആർ.ഐ.യിലെ സയൻസ് ടെക്‌നോളജി ഇന്നൊവേഷൻ ഹബ്, ഹാച്ചറികൾ, ലബോറട്ടറികൾ, ലൈബ്രറി എന്നിവ മന്ത്രി സന്ദർശിച്ചു.


സ്വച്ഛഭാരത് സംരംഭങ്ങൾ ഫലപ്രദമാക്കാൻ ശാസ്ത്രീയ സമീപനമാണ് സിഎംഎഫ്ആർഐ സ്വീകരിച്ചുവരുന്നതെന്ന് ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. സമുദ്രമത്സ്യ മേഖലയിൽ പരിസ്ഥിതി സൗഹൃദവും കുറഞ്ഞ കാർബൺ സാങ്കേതിക വിദ്യകളും സി.എം.എഫ്.ആർ.ഐ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സ്വച്ഛഭാരതുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐയുടെ പുസ്തകവും ജൈവമാലിന്യ സംസ്‌കരണ യൂണിറ്റിനെ കുറി്ച്ചുള്ള ബ്രോഷറും മന്ത്രി പ്രകാശനം ചെയ്തു.


സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ്‌വാട്ടർ അക്വാകൾച്ചർ ഡയറക്ടർ ഡോ കുൽദീപ് കെ ലാൽ, സിഎംഎഫ്ആർഐ ഷെൽഫിഷ് ഫിഷറീസ് ഡിവിഷൻ മേധാവി ഡോ എ പി ദിനേശ്ബാബു എന്നിവർ പ്രസംഗിച്ചു.




സി.ഡി. സുനീഷ്

Author

Varsha Giri

No description...

You May Also Like