വരികൾക്കിടയിലൂടെ ഒരുമിച്ചവർ 'വൈഖരി'യിലൂടെ കണ്ടുമുട്ടി
- Posted on January 15, 2024
- Literature
- By Dency Dominic
- 226 Views
2018 ൽ 'ഗ്രന്ഥശാല' എന്ന പേരിൽ പി എം ഷൈജുവും, നാല് സുഹൃത്തുക്കളും കൂടി ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പാണ് 'എഴുത്തകം' ആയി മാറിയത്
കൊച്ചി: ഈ ലോകത്ത് എഴുത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടുന്ന ഒരുപാട് അക്ഷര പ്രേമികളുണ്ട്. എന്നാൽ എഴുത്തും വായനയും അക്ഷരങ്ങളും എന്നും കാലാതീതമാണ് എന്നതിന് തെളിവാണ് 'എഴുത്തകം' വാട്സ്ആപ്പ് കൂട്ടായ്മ. ഇത്തരം വാട്സ്ആപ്പ് കൂട്ടായ്മകളുടെ സ്ഥിരതയെ കുറിച്ച് നെറ്റി ചുളിക്കാൻ വരട്ടെ. 'എഴുത്തകം' കൂട്ടായ്മയുടെ ആറാം വാർഷികമായ 'വൈഖരി 24' ലൂടെ മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് ഈ സുഹൃത്തുക്കൾ.
2018 ൽ 'ഗ്രന്ഥശാല' എന്ന പേരിൽ പി എം ഷൈജുവും, നാല് സുഹൃത്തുക്കളും കൂടി ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പാണ് 'എഴുത്തകം' ആയി മാറിയത്. ഇ- ബുക്കുകൾ കൈമാറാനായി ആരംഭിച്ച ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഇടയ്ക്ക് കോപ്പിറൈറ്റ് പ്രശ്നങ്ങളെ തുടർന്ന് ഒന്നുലഞ്ഞെങ്കിലും, 'എഴുത്തകം' എന്ന പുതിയ പേരിൽ എഴുത്തിനെയും വായനയും വളർത്തുക എന്ന ലക്ഷ്യത്തോടെ വീണ്ടും മുന്നോട്ടു വന്നു. 2018 ൽ വയനാട് കേന്ദ്രീകരിച്ചുള്ള റേഡിയോ സ്റ്റേഷൻ ആയ 'മാറ്റൊലി'യിലൂടെ 'എഴുത്തകം' അംഗങ്ങളുടെ കൃതികൾ ഉൾപ്പെടുത്തിയ നൂറോളം എപ്പിസോഡുകളുള്ള 'എഴുത്തരങ്' എന്ന പരിപാടി സംപ്രേഷണം ചെയ്തത് ഇന്നും ഇവരെ കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ട് നയിക്കുന്ന ഒരു ഓർമ്മ കൂടിയാണ്.
മെച്ചപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ഒരു എഴുത്തുകാരന്റെ ഉത്തരവാദിത്വം എന്നും, അതിനാൽ തന്നെ എഴുത്തകം പോലെയുള്ള കൂട്ടായ്മകൾക്ക് സമൂഹത്തിൽ വലിയ സ്ഥാനം ഉണ്ടെന്നും കൂട്ടായ്മയുടെ ആറാം വാർഷികമായ 'വൈഖരി2024' ഉദ്ഘാടനം ചെയ്തുകൊണ്ട് മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. 'എഴുത്തകം'കുടുബാംഗങ്ങളുടെ കൃതികൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുക, ഇ- ബുക്കുകൾ പരമാവധി ശേഖരിച്ച് വായനാപ്രേമികളിലേക്കെത്തിക്കുക തുടങ്ങിയ ആശയങ്ങളാണ് 'വൈഖരി2024' മുന്നോട്ട് വയ്ക്കുന്നതെന്ന് പ്രസിഡന്റ് എബി ലൂക്കോസ് പറഞ്ഞു. 260 വാട്ട്സ്ആപ്പ് അംഗങ്ങളും, 8000 ത്തോളം ഫേസ്ബുക്ക് അംഗങ്ങളുമായി 'എഴുത്തകം' വളരുകയാണ്. അക്ഷരങ്ങൾ കൂടുതൽ പകരാനായി.. എഴുത്തുകാരെ കൂടുതൽ വളർത്താനായി.