കളിക്കളം - കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം

പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് സംസ്ഥാനതല കായികമേള 'കളിക്കളം - 2024 കൊടിയേറി.

സി.ഡി. സുനീഷ്

പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് സംസ്ഥാനതല കായികമേള 'കളിക്കളം - 2024 കൊടിയേറി. തിരുവനന്തപുരം കാര്യവട്ടം എല്‍ എന്‍ സി പി ഇ സ്റ്റേഡിയത്തില്‍  നടക്കുന്ന കായികമേള പട്ടികവർഗ വികസന വകുപ്പു മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ടി ഡി ഒകളിലെ കുട്ടികള്‍ വിശിഷ്ടാതിഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച മാര്‍ച്ച് പാസ്റ്റ്  ഉദ്ഘാടനചടങ്ങിന് മുന്നോടിയായി നടന്നു. തുടർന്ന് പതാക ഉയർത്തി മന്ത്രി കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 


 തദ്ദേശീയ ജനവിഭാഗത്തിലെ വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ വളർച്ചയും നമ്മുടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഏറ്റവും മെച്ചപ്പെട്ട കായിക താരങ്ങളെ തദ്ദേശീയ ജനവിഭാഗത്തിൽ നിന്ന് വളർത്തിയെടുക്കാനും ഈ കായികമേള വഴി സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ഇതിനു പുറമേ തദ്ദേശീയ ജനവിഭാഗത്തിലെ വിദ്യാർത്ഥികളിലെ കലാകായിക വാസനകൾ വർദ്ധിപ്പിക്കുന്നതിനായി സർഗോത്സവം എന്ന കലാപരിപാടിയും വകുപ്പ് നടത്താനൊരുങ്ങുകയാണ്. വയനാട് ജില്ലയിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് എല്ലാ വിദ്യാർത്ഥികളെയും മന്ത്രി സ്വാഗതം ചെയ്തു. 

ഉദ്ഘാടന ശേഷം മുന്‍ കളിക്കളം ജേതാക്കള്‍ അണിനിരന്ന ദീപശിഖാ പ്രയാണവും വിദ്യാർത്ഥികൾ അണിനിരന്ന ഫ്ലാഷ് മോബും നടന്നു. 'കളിയാണ് ലഹരി' എന്ന ആശയമാണ്  ഫ്ലാഷ് മോബിൽ അവതരിപ്പിച്ചത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കെ വി ധനേഷ് വിദ്യാര്‍ഥികള്‍ക്ക് കായിക പ്രതിജ്ഞ ചൊല്ലികൊടുത്തു.

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെയും 118 പ്രീമെട്രിക് / പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ആയിരത്തിലധികം കായിക പ്രതിഭകൾ ''കളിക്കളം 2024'' ല്‍ അണിനിരക്കും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കായികമേളയില്‍ നൂറിലധികം ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.


Author
Citizen Journalist

Goutham Krishna

No description...

You May Also Like