തൊഴിലും സംരംഭങ്ങളും ഒരുക്കി പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കും : മുഖ്യമന്ത്രി.

  • Posted on January 06, 2023
  • News
  • By Fazna
  • 50 Views

തിരുവനന്തപുരം : തൊഴിലും സംരംഭങ്ങളും പ്രാദേശികമായി സൃഷ്ടിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുൻകൈ എടുക്കണമെന്നും അതിലൂടെ കേരളത്തിന്‍റെ പ്രാദേശിക സാമ്പത്തികവികസനം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്‍റെ പൊതു വളര്‍ച്ചയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ ലഭ്യമാക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുകൂല അന്തരീക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സൃഷ്ടിക്കപ്പെടും. ഓരോ പ്രദേശത്തിന്റെയും സാമ്പത്തികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതയ്ക്ക് അനുസരിച്ച് രൂപം നല്‍കുന്ന തൊഴില്‍സഭകളില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിര്‍ണായക പങ്ക് വഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തൊഴില്‍ സഭകളുടെ പ്രവര്‍ത്തനവും അതുവഴി ലക്ഷ്യംവെക്കുന്ന പ്രാദേശിക സാമ്പത്തിക വികസനവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഓൺലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അധ്യക്ഷനായിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ആമുഖപ്രഭാഷണം നടത്തി. 

അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ ലഭിക്കുന്നില്ലായെന്ന പ്രശ്‌നത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് തൊഴില്‍ സൃഷ്ടിയ്ക്ക് ഊന്നല്‍ നല്‍കുന്ന നയങ്ങള്‍  സര്‍ക്കാര്‍ മുന്നോട്ടുവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല്‍പത് ലക്ഷം തൊഴിലവസരങ്ങളാണ് ഇതിന്റെ ഭാഗമായി വാഗ്ദാനം ചെയ്യപ്പെട്ടത്. ബഹുമുഖമായ ഇടപെടലുകളിലൂടെ ഇത്തരം ലക്ഷ്യങ്ങള്‍ സാധ്യമാക്കാനാവും എന്നുറപ്പുണ്ട്. അതിനായി നൈപുണി പരിശീലനം, വ്യവസായ പുനഃസംഘടന, കാര്‍ഷിക നവീകരണം, ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണം എന്നിങ്ങനെയുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നടത്തുന്ന ബഹുമുഖമായ ഇടപെടലുകള്‍ ഫലം കാണുന്നു എന്നുതന്നെയാണ് സംസ്ഥാനത്തെ തൊഴില്‍ വളര്‍ച്ചാനിരക്ക് സൂചിപ്പിക്കുന്നത്. 2020 ജനുവരിയില്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് 9 ശതമാനം ആയിരുന്നത് 2022 നവംബറില്‍ 4.8 ശതമാനമായി കുറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തൊഴില്‍ ലഭ്യമാക്കുന്ന കാര്യത്തിലും ഒരു വികേന്ദ്രീകൃത മാതൃക പിന്തുടരാനാണ് സര്‍ക്കാര്‍ തയ്യാറാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-ഡിസ്‌ക് ആവിഷ്‌കരിച്ചിട്ടുള്ള 'ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം - ഒരു ആശയം' എന്ന പദ്ധതി നവീനമായ സംരംഭങ്ങള്‍  ആസൂത്രണം ചെയ്യുന്നതിന് ഉപയോഗിക്കണം. ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മുഴുവന്‍ സ്ഥാപനങ്ങളും ഈ വര്‍ഷം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിക്കണം. മാറുന്ന കാലത്തിന്റെ തൊഴില്‍ സംസ്‌കാരത്തിനോടു യോജിച്ചുപോകുന്ന രീതിയില്‍ തൊഴില്‍ ചെയ്യുവാന്‍ വര്‍ക്ക് നിയര്‍ ഹോം സെന്ററുകള്‍, തൊഴിലന്വേഷകര്‍ക്കും കരിയര്‍ ബ്രേക്ക് നേരിട്ട സ്ത്രീകള്‍ക്കും വേണ്ടിയുള്ള നൈപുണ്യ പരീശിലനങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാവണം വാര്‍ഷിക പദ്ധതികളെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.


Author
Citizen Journalist

Fazna

No description...

You May Also Like