പരഖ് (പെർഫോമൻസ് അസസ്സ്‌മെന്റ് ആന്റ് അനാലിസിസ് ഫോർ ഹോളിസ്റ്റിക് ഡെവലപ്‌മെന്റ്) നടപ്പാക്കാനുള്ള കേന്ദ്ര നീക്കം അക്കാദമികമായി പൊതുവിദ്യാഭ്യാസ മേഖലയെ അപകടത്തിലാക്കും- മന്ത്രി ശിവൻകുട്ടി

  • Posted on March 01, 2023
  • News
  • By Fazna
  • 158 Views

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതിന്റെ ഭാഗമായി പരീക്ഷകൾക്ക് ഏകീകൃതമായ സ്വഭാവം നൽകുന്നതിനായി കേന്ദ്ര സർക്കാർ തീരുമാനം കൈക്കൊണ്ടു എന്ന വാർത്ത വന്നിട്ടുണ്ട്. ഇതിന്റെ ചുമതലയുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച പുതിയ നിലവാര നിർണ്ണയ ഏജൻസിയായ പരഖ് (പെർഫോമൻസ് അസസ്സ്‌മെന്റ് ആന്റ് അനാലിസിസ് ഫോർ ഹോളിസ്റ്റിക് ഡെവലപ്‌മെന്റ്) ഈ ദിശയിലുള്ള പ്രവർത്തനങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട് എന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.ഇത് പൊതു വിദ്യഭ്യാസ രീതിയെ അപകടത്തിലാക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.' ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടക്കുന്ന അക്കാദമിക കേന്ദ്രീകരണത്തിന്റെ ഭാഗമായാണ് ഇത്തരം മാറ്റങ്ങൾ എന്നു കരുതുന്നു. 

ദേശീയ വിദ്യാഭ്യാസ നയം 2020 രൂപപ്പെടുത്തുന്ന ഘട്ടത്തിൽ തന്നെ സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് കൊണ്ടു വരുന്ന കേന്ദ്രീകരണം പ്രത്യേകിച്ച് അക്കാദമിക കേന്ദ്രീകരണം വിദ്യാഭ്യാസപരമായി നീതികരിക്കാൻ കഴിയില്ല എന്നും ഇതെല്ലാം വിദ്യാഭ്യാസേതര ലക്ഷ്യങ്ങൾ കണ്ടു കൊണ്ടാണെന്നും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകൾ തന്നെ അപകടപ്പെടുത്തുന്ന കേന്ദ്രീകരണ നിർദ്ദേശങ്ങൾ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകും. വിദ്യാഭ്യാസം എന്നത് മാനവരാശി ആർജ്ജിച്ച അറിവിനെ കുട്ടിയുടെ ജീവിത പരിസ്ഥിതിയുമായി ബന്ധിപ്പിക്കലാണ്. 

കുട്ടി അതത് പ്രായഘട്ടത്തിന്റെ സവിശേഷതകൾക്ക് അനുസരിച്ചാണ് അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കുന്നത്. ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങളും ഇതനുസരിച്ചാണ് വികസിച്ചിട്ടുള്ളത്. ഭൂമിശാസ്ത്രപരമായും ജന്തു-സസ്യ വൈവിധ്യങ്ങൾ, കാലാവസ്ഥ, ആഹാരരീതി, ഭക്ഷണ രീതി, ഭക്ഷ്യ വസ്തുക്കൾ, പ്രകൃതി വിഭവങ്ങൾ,ഭാഷ, സംസ്‌കൃതി  എന്നിവയിലെല്ലാം വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു രാജ്യത്ത് ഒരേ തലത്തിലുള്ള ഉപാധി വിനിയോഗിച്ച് കുട്ടികളെ കേന്ദ്രീകരിച്ച് വിലയിരുത്തുക എന്നത് തികച്ചും അശാസ്ത്രീയവും വിദ്യാഭ്യാസ വിരുദ്ധവുമാണ്. ഒരു വലിയ സംഘം കുട്ടികളെ പൊതുധാരയിൽ നിന്ന് കൊഴിച്ചു കളയാനേ ഇത് ഇടവരുത്തൂ. അതത് ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർക്കാണ് നിരന്തര വിലയിരുത്തലിലൂടെ കുട്ടിയുടെ ശക്തി ദൗർബല്യങ്ങളെ തിരിച്ചറിയാൻ കഴിയുക. 

വിലയിരുത്തലിലൂടെ കുട്ടികളുടെ ശക്തിയെ തിരിച്ചറിഞ്ഞ് അവ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കാനും പരിമിതികൾ തിരിച്ചറിഞ്ഞ് അവയെ മറികടക്കാനുള്ള അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന പ്രക്രിയ ആയി മാറുകയാണ് വേണ്ടത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമായി മാറണം. അതിനുള്ള സവിശേഷ പരിശ്രമമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും അതിന്റെ തുടർച്ചയായുള്ള വിദ്യാകിരണം മിഷനിലൂടെയും വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. പരീക്ഷാ രീതികൾ ദേശീയതലത്തിൽ ഏകീകരിക്കുക എന്നത് വിദ്യാഭ്യാസരംഗത്ത് ദീർഘകാല തിരിച്ചടികൾക്ക് ഇടനൽകും. 

അതിനാൽ സംസ്ഥാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി ഫെഡറൽ തത്വങ്ങൾ പാലിച്ച് വിദ്യാഭ്യാസരംഗത്ത് ഗുണമേന്മ എല്ലാ കുട്ടികൾക്കും ഉറപ്പാക്കാൻ ആധുനിക പുരോഗമന വിദ്യാഭ്യാസധാര മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾക്ക് അനുസൃതമായ നടപടികൾ ദേശീയതലത്തിൽ ഉണ്ടാകണം എന്ന് മന്ത്രി ആവശ്യപ്പെട്ടു .


പ്രത്യേക ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like