രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ ആവശ്യമായ പഴങ്ങ ളും, പച്ചക്കറികളും.
കൊച്ചി: രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലമുളള ആരോഗ്യ പ്രശ്നങ്ങള്‍ ഇന്ന് സമൂഹത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുകയാണ്. ഇതുമൂലം ഉണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വിളര്‍ച്ച. വിളര്‍ച്ച മനുഷ്യന്‍റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുന്നു. വിളര്‍ച്ച (അനീമിയ) കൂടുന്നത് ശരീരത്തിന്‍റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ദോഷമായി ബാധിക്കും. ഹീമോഗ്ലോബിന്‍റെ ശരീരത്തിലെ സാധാരണ നില പുരുഷന്മാരില്‍ 13.5 - 17.5 ഗ്രാം/ഡിഎല്‍, സ്ത്രീകളില്‍ 12.0 - 15.5 ഗ്രാം/ഡിഎല്‍ ആണ്. ശരീരത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കുറയാതെ നോക്കുക എന്നത് മാത്രമാണ് ഇതിനുളള ഏക പരിഹാരം. ഇതിന് അനുയോജ്യമായ 9 ഭക്ഷണ പദാര്‍ത്ഥങ്ങളെ നമ്മള്‍ക്ക് പരിചയപ്പെടാം.
1.വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കള്‍
ഹീമോഗ്ലോബിന്‍ ഉല്‍പ്പാദനത്തിന് ഏറ്റവും അത്യാവശ്യമായ വസ്തുവാണ് ഇരുമ്പ്. ഇരുമ്പ് മനുഷ്യശരീരത്തിലേക്ക് നേരിട്ട് ആഗീരണം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്. മനുഷ്യശരീരത്തിലേക്ക് ഇരുമ്പിന്‍റെ ആഗീരണം സുഗമമാക്കുന്നത് വിറ്റമിന്‍ സിയാണ്. അതിനാല്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഏറ്റവും അത്യാവശ്യമാണ്. ഓറഞ്ച്, നാരിങ്ങ, തക്കാളി, മുന്തിരി എന്നിവ വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കളാണ്.
2.ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍
ഇരുമ്പ് കൂടിയ അളവിലുളള ഭക്ഷ്യ വസ്തുക്കള്‍ ദിവസവുമുളള ഭക്ഷണത്തില്‍ ശ്രദ്ധയോടെ ഉള്‍പ്പെടുത്തേണ്ടതാണ്. പച്ച നിറത്തിലുളള ഇലവര്‍ഗ്ഗങ്ങള്‍, കരള്‍, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ബീന്‍സ്, ഇറച്ചി, ചെറിയ മത്സ്യങ്ങള്‍, ഡ്രൈ ഫുഡ്സ്. എന്നിവ നിങ്ങളുടെ ശരീരത്തിലെ ഇരുമ്പിന്‍റെ കുറവ് പരിഹരിക്കാനുതകുന്നതാണ്.
3.ഫോളിക്ക് ആസിഡ് ഭക്ഷണങ്ങള്‍
ഫോളിക്ക് ആസിഡിന്‍റെ കുറവ് ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് അത്യാവശ്യമാണ്. ഫോളിക്ക് ആസിഡ് ബി - ക്ലോംപ്ലക്സിലെ പ്രധാന വിറ്റമിനാണ്. പച്ചയിലകള്‍, ഉണങ്ങിയ ബീന്‍സ്, നിലക്കടല, വാഴപ്പഴങ്ങള്‍, കരള്‍ എന്നിവ ഫോളിക്ക് ആസിഡ് കൂടിയ അളവിലുളള ഭക്ഷ്യ വസ്തുക്കളാണ്.
4.മാതളനാരകം
മാതളനാരകത്തില്‍ കാല്‍സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ വളരെയധികമാണ്. ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് ഭക്ഷണത്തില്‍ മാതളനാരകം (മാതളപ്പഴം) ഉള്‍പ്പെടുത്തുകയെന്നത്. ദിവസവും മാതളപ്പഴം ജൂസ് കുടിക്കുന്നത് ഇതിനുളള പരിഹാരമാണ്.
5. ഈന്തപ്പഴം
ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇരുമ്പിന്‍റെ അംശം കൂടുതലാണ് എന്നതാണ് ഈന്തപ്പഴത്തെ മറ്റുളളവയില്‍ നിന്ന് വ്യത്യസ്‍തമാക്കുന്നത്. പ്രമോഹ രോഗികള്‍ക്ക് പോലും ഈന്തപ്പഴം ദിവസവും ഉപയോഗിക്കാവുന്നതാണ്.
6. ബീറ്റ് റൂട്ട്
ഹീമോഗ്ലോബിന്‍റെ അളവ് ശരീരത്തില്‍ വർദ്ധിപ്പിക്കാന്‍ ബീറ്റ്റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പിന്‍റെ അംശം ഉണ്ടെന്നതിനൊപ്പം ഉയർന്ന അളവില്‍ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ് റൂട്ടില്‍ അടങ്ങയിരിക്കുന്നു. ബീറ്റ് റൂട്ട് ദിവസവും ജൂസിന്‍റെ രൂപത്തില്‍ കുടിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് നിങ്ങളുടെ രക്തത്തില്‍ വർദ്ധിപ്പിക്കും.
7. പയറുവർഗങ്ങള്‍
പയറുവർഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ നിങ്ങളിലെ ഹീമോഗ്ലോബിന്‍ നിരക്ക് ഉയർത്തും. ചുവന്ന രക്താണുക്കളുടെ വർദ്ധനവിന് ഇവ ഏറ്റവും അനുയേജ്യമാണ്.
8. തണ്ണിമത്തന്‍
ഇരുമ്പിന്‍റെയും അതിനെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റമിന്‍ സിയുടെയും അളവ് ഒരേ പോലെയുളള ഭക്ഷ്യവസ്തുവാണ് തണ്ണിമത്തന്‍. ഹീമോഗ്ലോബിന്‍ കുറവുളളവർ തണ്ണിമത്തന്‍ ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്.
9. മത്തങ്ങയുടെ കുരു
സലാഡിലും മറ്റുമായി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് മത്തങ്ങയുടെ കുരു. കാല്‍സ്യം, മഗ്നീഷ്യം, മാംഗ്നീസ്, എന്നിവ ഇതില്‍ വളരെ ഉയർന്ന അളവിലടങ്ങിയിട്ടുണ്ട്. ഇവ ഹീമോഗ്ലോബിന്‍ ഉല്‍പ്പാദനത്തെ ത്വരിതപ്പെടുത്തും.
പ്രത്യേക ലേഖിക.