ആര്‍ജിസിബി ശാസ്ത്രമ്യൂസിയം വയനാട്ടിലെ മേപ്പാടിയില്‍ ആരംഭിച്ചു. ജൈവസാങ്കേതികവിദ്യയിലെ സംസ്ഥാനത്തെ ആദ്യ ശാസ്ത്രമ്യൂസിയം

  • Posted on January 20, 2023
  • News
  • By Fazna
  • 111 Views

മേപ്പാടി (വയനാട്): വിദ്യാര്‍ത്ഥികളില്‍ ഗവേഷണ അവബോധം വളര്‍ത്തുന്നതിനും ചരിത്രബോധം സൃഷ്ടിക്കുന്നതിനുമായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ വികസിപ്പിച്ച സംസ്ഥാനത്തെ ആദ്യ ജൈവ സാങ്കേതിക വിദ്യാധിഷ്ഠിത ശാസ്ത്ര മ്യൂസിയം നാടിന് സമര്‍പ്പിച്ചു.

ജില്ലയിലെ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് മ്യൂസിയം സ്ഥാപിച്ചത്. ശാസ്ത്രമ്യൂസിയത്തിന്‍റെ താക്കോല്‍ മാതൃക രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പ്രിന്‍സിപ്പല്‍ മോന്‍സി ജോസഫിന് കൈമാറി.

 സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി രാജ്യത്തുടനീളം വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്ഥാപിക്കുന്ന 75 സയന്‍സ് മ്യൂസിയങ്ങളില്‍ ഒന്നാണിത്. മ്യൂസിയത്തിലൂടെ രാജ്യത്തെ ശാസ്ത്രഗവേഷണ ചരിത്രം, പുതിയ ശാസ്ത്രകണ്ടെത്തലുകള്‍, ഭാവിയിലെ ഗവേഷണ സാഹചര്യം എന്നിവ വിദ്യാര്‍ത്ഥികളിലും സാധാരണക്കാരിലുമെത്തിക്കും. ശാസ്ത്ര-സാങ്കേതിക ഗവേഷണ മേഖലയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കടന്നു വരാനും ഇത് പ്രചോദനമാകും.

മഹാമാരിയുടെ പശ്ചാത്തലം സാധാരണക്കാര്‍ക്കിടയില്‍ ബയോടെക്നോളജിയെക്കുറിച്ച് താത്പര്യം ജനിപ്പിച്ചിട്ടുണ്ടെന്ന് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത പ്രൊഫ. ചന്ദ്രഭാസ് നാരായണ ചൂണ്ടിക്കാട്ടി. കേവലം കൗതുകത്തിന്‍റെ  മ്യൂസിയമായി മാത്രമല്ല, നമ്മുടെ ശരീരത്തില്‍ എന്തെല്ലാം നടക്കുന്നുവെന്നതിന്‍റെ മാതൃക കൂടി ഇവിടെ കാണാം. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളിലും സാധാരണക്കാരിലും ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കുക, ജൈവസാങ്കേതിക വിദ്യയെക്കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കുക തുടങ്ങിയ എന്ന ലക്ഷ്യമാണ് ആര്‍ജിസിബിയും കേന്ദ്ര ജൈവസാങ്കേതിക വകുപ്പും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി പരിശീലന കളരിയും സംഘടിപ്പിച്ചിരുന്നു. ഡോ. ടി ആര്‍ സന്തോഷ് കുമാര്‍, ഡോ. സാബു തോമസ്, ഡോ. ടെസി തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജൈവസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ലബോറട്ടറി അന്തരീക്ഷമാണ് ശാസ്ത്ര മ്യൂസിയത്തിനുള്ളത്. ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന അത്യന്താധുനിക ഉപകരണങ്ങള്‍, അവയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോകള്‍, അനുബന്ധ വിവരങ്ങള്‍, ഈ മേഖലയില്‍ മികച്ച സംഭാവനകള്‍ ചെയ്ത വ്യക്തികളുടെ വിവരങ്ങള്‍, ഗവേഷണ ലബോറട്ടറികളുടെ പ്രവര്‍ത്തനം എന്നിവ നേരിട്ട് കാണുന്നതിനുള്ള അവസരവും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രാദേശിക സമൂഹത്തിനും വേണ്ടിയുള്ള  പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ശാസ്ത്ര ക്യാമ്പുകള്‍, ഔട്ട്റീച്ച് പ്രോഗ്രാമുകള്‍ എന്നിവയും മ്യൂസിയത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. പോസ്റ്റര്‍ പ്രദര്‍ശനം, ഗവേഷണ കണ്ടെത്തലുകളുടെ ഗ്രാഫിക്കല്‍ വിവരങ്ങള്‍, ആഗോള ഗവേഷണ സാഹചര്യം, സസ്യ ടിഷ്യുകള്‍ച്ചര്‍, ജിഎം വിളകള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് പങ്കുവെയ്ക്കല്‍ തുടങ്ങിയവ മ്യൂസിയത്തിന്‍റെ പ്രത്യേകതകളാണ്.




Author
Citizen Journalist

Fazna

No description...

You May Also Like