നെൽ വയൽ തണ്ണീർത്തട നിയമത്തിൽ വരാത്ത ഭൂമികൾ തീർപ്പാക്കണമെന്ന് മന്ത്രി എം. ബി. രാജേഷ്.

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്തതും പരമാവധി 4.04 ആർ വിസ്തൃതിയുള്ളതുമായ ഭൂമിയിൽ 120 ച. മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് വേണ്ടിയുള്ള മുഴുവൻ അപേക്ഷകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഫെബ്രുവരി 28ന് മുൻപ് തീർപ്പാക്കി അപേക്ഷകനെ അറിയിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. ഇത്തരം നിർമ്മാണത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്ന് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ തരംമാറ്റ അനുമതി ആവശ്യപ്പെടാൻ പാടില്ല. ഈ ഒഴിവാക്കൽ ഒരിക്കൽ മാത്രമേ അനുവദിക്കാൻ പാടുള്ളൂ. ഈ ആനുകൂല്യം കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത 2.02 ആർ വിസ്തൃതിയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന 40 ച. മീറ്റർ വരെ വിസ്തീർണമുള്ള വാണിജ്യ കെട്ടിടങ്ങൾക്കും ബാധകമാണ്. സെൽഫ് സർട്ടിഫിക്കേഷനോട് കൂടി അർഹതയുള്ള ലോ റിസ്ക് കെട്ടിടമായതിനാൽ കാലതാമസമില്ലാതെ അപേക്ഷകൾ തീർപ്പാക്കുന്നുവെന്നും, സ്ഥല പരിശോധന മുതലായവ ആവശ്യമുള്ള അപേക്ഷകളിൽ സമയബന്ധിതമായി നിർവഹിക്കുന്നുവെന്നും ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഈ ആനുകൂല്യം ലഭ്യമായ എല്ലാ അപേക്ഷകളും ഫെബ്രുവരി 28നുള്ളിൽ തീർപ്പാക്കും. കൂടുതൽ രേഖകൾ, അപേക്ഷകന്റെ സാന്നിധ്യം എന്നിവ ആവശ്യമായി വരുന്ന അപേക്ഷകളിൽ ഫെബ്രുവരി 27,28 തീയതികളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അദാലത്തുകൾ സംഘടിപ്പിച്ച് എല്ലാ അപേക്ഷകളും തീർപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന ഇടപെടലാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിയമാനുസൃതമുള്ള നിർമ്മാണങ്ങൾക്ക് തടസം നിൽക്കുന്നത് അനുവദിക്കാനാവില്ല. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കാൻ എല്ലാ ഉദ്യോഗസ്ഥരും സജീവമായി രംഗത്തിറങ്ങണമെന്നും മന്ത്രി നിർദേശിച്ചു.


ആനുകൂല്യമുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും തരംമാറ്റത്തിനുമായി അപേക്ഷകർ റവന്യൂ അധികാരികളെയും തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികളെയും ഇപ്പോഴും സമീപിക്കുന്ന സ്ഥിതിയും, തരംമാറ്റാത്ത കേസുകളിൽ പെർമ്മിറ്റ് നിഷേധിക്കുന്ന സ്ഥിതിയും പരിഗണിച്ചാണ് സർക്കാർ ഇടപെടൽ. ഈ സമീപനം മൂലം 2018ലെ നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഭേദഗതി വരുത്തിയതിന്റെ ആനുകൂല്യം ജനങ്ങൾക്ക് പലപ്പോഴും അനുഭവദ്യമായിരുന്നില്ല. അപേക്ഷകൾ സ്വീകരിക്കാതെയും വസ്തുതകൾ കൃത്യമായി മനസിലാക്കാതെയുമുള്ള ഉദ്യോഗസ്ഥ ഇടപെടൽ മൂലം ലൈഫ് ഗുണഭോക്താക്കളുൾപ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ അടിയന്തിര ഇടപെടലിന് മുഖ്യമന്ത്രി നിയമസഭയിൽ നിർദേശിച്ചിരുന്നു.  ഇതേത്തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതയോഗത്തിന്റെ തീരുമാനപ്രകാരമാണ് അപേക്ഷകൾ ഉടൻ തീർപ്പാക്കാനും, അദാലത്തുകൾ സംഘടിപ്പിക്കാനുമുള്ള നിർദേശം. 


2018ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ആക്ട് പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത നിലം ഇനത്തിൽപ്പെട്ട 4.04 ആർ വിസ്തൃതിയുള്ള ഭൂമിയിൽ 120 ച. മീ (1291.67 ച. അടി) വിസ്തീർണമുള്ള വീട് നിർമ്മിക്കുന്നതിനും പരമാവധി 2.02 ആർ വിസ്തൃതിയുള്ള ഭൂമിയിൽ 40 ച. മീ(430.56 ച. അടി) വരെ വിസ്തീർണമുള്ള വാണിജ്യ കെട്ടിടത്തിന്റെ നിർമ്മാണത്തിനും നിയമത്തിലെ 27 (എ) വകുപ്പ് പ്രകാരമുള്ള ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല. ഈ ഒഴിവാക്കൽ ഒരിക്കൽ മാത്രമേ അനുവദിക്കാൻ പാടുള്ളൂ. അപേക്ഷകരുടെ കൈവശമുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ വിസ്തീർണം എത്രതന്നെ ആയാലും പരമാവധി 4.04 ആർ വിസ്തൃതിയിലുള്ള ഭൂമിയിൽ 120 ച. മീ വിസ്തീർണമുള്ള ഒരു വീട് നിർമ്മിക്കുന്നതിന് കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 27 (എ) പ്രകാരമുള്ള യാതൊരു അനുമതിയും ആവശ്യമില്ലാത്തതാണ്. എന്നാൽ ഇത്തരം ഇളവ് ലഭിക്കുന്ന ഭൂമിക്ക് റവന്യൂ രേഖകളിൽ തരംമാറ്റം/സ്വഭാവ വ്യതിയാനം വരുത്തേണ്ടതുണ്ടെങ്കിൽ അപേക്ഷകർ ചട്ടപ്രകാരമുള്ള ഫീസ് അടയ്ക്കാൻ ബാധ്യസ്തരാണെന്നും റവന്യൂ വകുപ്പിന്റെ നിർദേശമുണ്ട്.


സി.ഡി. സുനീഷ്


Author
Citizen Journalist

Goutham prakash

No description...

You May Also Like