പ്രഥമ ദേശീയ കാര്‍ബണ്‍ ന്യൂട്രല്‍ വിശേഷ് പുസ്കാരം രാഷ്ട്രപതിയിൽ നിന്നും മീനങ്ങാടി പഞ്ചായത്ത് സ്വീകരിച്ചു

ഡൽഹി : ദേശീയ പുരസ്‌കാരനിറവിൽ  മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌. പ്രഥമ ദേശീയ കാര്‍ബണ്‍ ന്യൂട്രല്‍ വിശേഷ് പുസ്കാരം രാഷട്രപതി  ദ്രൗപതി മുര്‍മുവില്‍ നിന്നും  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍‌, സെക്രട്ടറി എ.എം ബിജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ്  ജോയിന്റ് ഡയറ്കര്‍ ജോസ്ന മോള്‍ എന്നിവര്‍ ഏറ്റുവാങ്ങി. ഒരു കോടി രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും  അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ ഏഴുവർഷമായി  പഞ്ചായത്തിൽ  കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള പുറന്തള്ളൽ കുറച്ചു കൊണ്ടും പ്രകൃതിയിലേക്കുള്ള സ്വാംശീകരണം വർദ്ധിപ്പിച്ചു കൊണ്ടും കാർബൺ തൂലിതമായി മാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  പ്രാദേശിക തലത്തിൽ  ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ഗതാഗതം, മാലിന്യം, ഊർജ്ജം, കൃഷി മറ്റു ഭൂ വിനിയോഗം എന്നീ മേഖലകളിൽ നടക്കുന്ന കാർബൺ ബഹിർഗമനവും സ്വാംശീകരണവും ശാസ്ത്രീയമായി കണക്കാക്കിയിട്ടാണ് പഞ്ചായത്ത് പഠന റിപ്പോർട്ട് പുറത്തിറക്കിയത്. അധികമുള്ള കാർബൺ ബഹിർഗമനം കുറച്ചുകൊണ്ട് കാർബൺ  തുലിതമാകുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ട്രീ ബാങ്കിംഗ് പദ്ധതി ഏറെ ശ്രദ്ധേയമാണ്. 134 കര്‍ഷകര്‍ക്ക് 313100/- രൂപ ഇതുവഴി വിതരണം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് മൂന്നര ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാന്‍ കഴിഞ്ഞു.  

കാർബൺ ബഹിർഗമനത്തിന്റെ മൂന്ന് ശതമാനം വരുന്ന  മാലിന്യങ്ങളുടെ നിര്‍മാര്‍ജ്ജനത്തിനായി ഹരിതം സുന്ദരം പദ്ധതി നടപ്പിലാക്കുകയും 180 ടണ്‍ അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തു . ഹരിത കർമ്മ സേനയുടെ നേതൃത്വത്തല്‍ 100% വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിച്ച് വരുന്നു. ജൈവമാലിന്യങ്ങൾ ഫലപ്രദമായി കമ്പോസ്റ്റ് ചെയ്യുന്നതിനായി തൊഴിലുറപ്പ് പദ്ധതിയുലുള്‍പ്പെടുത്തി സോക്പിറ്റ് , കമ്പോസ്റ്റ്പിറ്റ് എന്നിവ നര്‍മ്മിച്ച് നല്‍കിയതിലൂടെ മാലിന്യത്തില്‍ നിന്നുള്ള കാര്‍ബ‍ണ്‍ ബഹിര്‍ഗമനം 80%  കുറക്കുന്നതിന്  കഴിഞ്ഞു.

രാജ്യത്ത് ആദ്യമായി കാലാവസ്ഥ സാക്ഷരത പരിപാടിക്ക്   തുടക്കം കുറിച്ചതും മീനങ്ങാടിയിലാണ്. കാർബൺ ന്യൂട്രൽ  പ്രവർത്തനങ്ങളുടെ ഭാഗമായി കാലാവസ്ഥ വ്യതിയാനവും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെയും സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക്കുന്നതിനായി  19 വാർഡുകളിലും കാലാവസ്ഥാ ഗ്രാമസഭകൾ ചേരുകയും സാക്ഷരത പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്തു. പോസ്റ്ററുകളും വീഡിയോസും ലഘുലേഖകളും കൈപുസ്തകവും  തയ്യാറാക്കി ആദ്യഘട്ട കാലാവസ്ഥ സാക്ഷരതാ പ്രവർത്തനം വിജയകരമായി പൂര്‍ത്തിയാക്കി. 

വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തിക്കൊണ്ട് 5000 മെൻസ്ട്രൽ കപ്പുകൾ കപ്പ് ഓഫ് ഹോപ്പ് പദ്ധതിയിലൂടെ വിതരണം ചെയ്തതു വഴി 19500 കിലോ നാപ്കിൻ മാലിന്യം ഒഴിവാക്കാനും 19 ടൺ കാർബൺ എമിഷൻ കുറയ്ക്കാനും പഞ്ചായത്തിന് സാധിച്ചു. രണ്ടാംഘട്ടത്തിൽ മുഴുവൻ വനിതകൾക്കും മെൻസ്ട്രൽ കപ്പുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. 

മണ്ണിലെ ജൈവ കാർബൺ പുഷ്ടിപ്പെടുത്തുന്നതിനായി ജൈവകൃഷി വ്യാപിപ്പിക്കുന്നതിനോടൊപ്പം കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ ഇടവിളയായി പയർ അടക്കമുള്ള പച്ചക്കറികൾ കൃഷി ചെയ്തു കൊണ്ട് മണ്ണിലെ ജൈവകാർബണിന്റെ അളവ് വർദ്ധിപ്പിക്കാനും മൂലകങ്ങളുടെ സാന്നിധ്യം പുഷ്ടിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു. 

തെരുവ് വിളക്കുകള്‍ എല്‍.ഇ.ഡിയാക്കി മാറ്റിയും സി.എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് മീനങ്ങാടി എല്.പി സ്കൂള്‍ റൂഫ് ടോപ്പ് സോളാര്‍ സ്ഥാപിക്കുകയും ചെയ്തതിലൂടെ ഊര്‍ജ്ജേഖലയിലെ ബഹിര്‍‌ഗമനവും കുറക്കാന്‍ സാധിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ്, ഘടക സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍  എന്നിവിടങ്ങളില്‍ സമ്പൂര്‍ണ്ണ റൂഫ്ടോപ്പ് സോളാര്‍ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.



Author
Citizen Journalist

Fazna

No description...

You May Also Like