ട്രെയിനുകൾക്ക് സ്റ്റോപ്പില്ല യാത്രക്കാർ ദുരിതത്തിൻ്റെ ട്രാക്കിൽ.

  • Posted on March 18, 2023
  • News
  • By Fazna
  • 199 Views

• കൊല്ലം-എറണാകുളം ,എറണാകുളം-കൊല്ലം മെമു സർവീസുകളുടെ ബോഗികൾ കുറച്ചു

•മാസങ്ങളായി കേരള എകസ്പ്രസ്സ് വൈകി ഓടുന്നു

• വേണാട്, പരശുറാം, വഞ്ചിനാട് അടക്കം കൂടുതൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് എന്നത് ഇന്നും ആവശ്യമായി തുടരുന്നു.

 കടുത്തുരുത്തി: തിരക്കേറിയ റോഡ് യാത്രയിലെ ട്രാഫിക് കുരുക്കിൽ പെടാതിരിക്കാൻ ട്രെയിൻ യാത്രയെ ആശ്രയിക്കുന്ന യാത്രക്കാർക്ക് ട്രെയിൻ യാത്രയും ദുസഹമാകുന്നു. ദിവസേന നൂറുകണക്കിന് ആളുകളാണ് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള ട്രെയിൻ സർവീസുകളെ ആശ്രയിക്കുന്നത്. രാവിലെ 06:57ന് ഉള്ള മെമുവിലും 07:37 നുള്ള പാലരുവി എക്സ്പ്രസിലും തിരക്ക് കാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.ഈ ട്രെയിനുകളിലെ ബോഗികൾ കൂട്ടണമെന്നും പാലരുവിക്കും വേണാടിനും ഇടയിൽ ആയി പുതിയ മെമു സർവീസ് ആരംഭിക്കണമെന്നും  നിവേദനങ്ങൾ നൽകി കാത്തിരിക്കുമ്പോൾ ആണ് വൈക്കത്ത് നിന്ന് രാവിലെ 06:57നുള്ള കൊല്ലം എറണാകുളം മെമുവിൻ്റെയും വൈകിട്ട് 06:15ന് എറണാകുളത്ത് നിന്നുള്ള എറണാകുളം കൊല്ലം മെമുവിൻ്റെയും ബോഗികൾ  മുന്നറിയിപ്പില്ലാതെ കുറച്ചിരിക്കുന്നത്. 12 ബോഗികളുമായി സർവീസ് നടത്തിയിരുന്ന മെമുവിലെ 4 ബോഗികൾ ആണ് അറ്റകുറ്റപ്പണികൾ എന്ന പേരിൽ പകരം സംവിധാനങ്ങൾ ഏർപ്പെടുത്താതെ  വെട്ടിക്കുറച്ചിരിക്കുന്നത്. കേരളത്തിൻ്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിൽ ജോലി ചെയ്യുന്ന സർക്കാർ സ്വകാര്യ ഐടി ജീവനക്കാർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും എറണാകുളത്തെ നിരവധിയായ സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നവർക്കുമടക്കം ഏറെ ഉപകാരപ്രദമാണ് ഈ സർവീസുകൾ. കോട്ടയം പാതയിൽ  ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ജനപ്രിയ സർവീസിനോടാണ് റയിൽവേയുടെ ഈ അവഗണന.ബോഗികൾ വെട്ടിക്കുറച്ചത് അറിയാതെ പ്ലാറ്റ്ഫോമിൽ കാത്തു നിൽക്കുന്ന യാത്രക്കാർ ട്രെയിനിൽ കയറാൻ ഓടേണ്ടിവരുന്നത് ഇതോടൊപ്പം അപകട സാധ്യതയും വർദ്ധിപ്പിക്കുന്നു. ഇതോടൊപ്പം മാസങ്ങളായി ന്യൂഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസ്സ് വൈകുന്നതും വൈക്കത്തെ യാത്രക്കാരെ ദുരിതത്തിലാക്കുന്നു.വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള ഏക സർവീസ് ആണ് കേരള എക്സ്പ്രസ്സ്. അതുകൊണ്ട് തന്നെ നിരവധി യാത്രക്കാരാണ് കേരളയെ ആശ്രയിക്കുന്നത്. ദീർഘദൂര യാത്രക്കരടക്കം ട്രെയിനിൽ യാത്ര ചെയ്യുന്നവരും വൈക്കത്തുനിന്നും വർക്കല ശിവഗിരി തീർത്ഥാടകരടക്കം തിരുവനന്തപുരം ഭാഗത്തേക്ക് യാത്രചെയ്യുന്നവരും മറ്റു യാത്രാമാർഗങ്ങൾ തേടേണ്ട അവസ്ഥയാണ്. എറണാകുളത്ത് നിന്നും വൈകിട്ട് 5 ന് പുറപ്പെടുന്ന കേരള എകസ്പ്രസ്സ് വൈക്കത്തേക്കുള്ള സ്ത്രീകളും വിദ്യാർത്ഥികളും അടങ്ങുന്ന വലിയൊരു വിഭാഗം യാത്രക്കാരുടെ ഏക ആശ്രയമാണ്. നിലവിൽ കേരള എക്സ്പ്രസ്സ് കഴിഞ്ഞാൽ  06:15ന് പുറപ്പെടുന്ന മെമു ആണ് പിന്നീട് വൈക്കം റോഡ് സ്റ്റേഷനിലേക്ക് എറണാകുളത്ത് നിന്നുള്ള ഏക സർവീസ്.നിലവിൽ ദിവസവും അർധരാത്രിക്കുശേഷം എത്തുന്നതിനാൽ വൈക്കത്ത് നിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരത്തേക്ക്  ട്രെയിൻ ഇല്ലാതായിരിക്കുകയാണ്. മെമുവിന് മുന്നേ വേണാട് കടന്നു പോകുന്നതിനാൽ മെമുവിൽ മറ്റ് സ്റ്റേഷനുകളിൽ ഇറങ്ങി പോലും യാത്ര തുടരാൻ സാധിക്കുകയില്ല. നിരവധി യാത്രക്കാരാണ് ഉയർന്ന തുക നൽകി സൂപ്പർഫാസ്റ്റ് സീസൺ ടിക്കറ്റ് അടക്കം എടുത്തത് ഇവരെല്ലാം ആണ് ഇപ്പോൾ വലയുന്നത്.പരീക്ഷാകാലം ആയതിനാൽ കേരളയുടെ സമയം തെറ്റിയുള്ള വരവ്  വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കേരള എക്സ്പ്രസ്സ് വൈകി എത്തുന്ന ദിവസങ്ങളിൽ താത്ക്കാലികമായി വേണാട് എക്സ്പ്രസ് ട്രെയിനിന് വൈക്കത്ത് സ്റ്റോപ്പ് അനുവദിച്ചാൽ തൃശൂർ മുതൽ വൈക്കം വരെയും വൈക്കം മുതൽ തിരുവനന്തപുരം വരെയും ഉള്ള യാത്രക്കാർക്ക് പ്രയോജനം ചെയ്യുകയും പ്രശ്നത്തിന് താത്കാലിക പരിഹാരം ആവുകയും ചെയ്യും. കോട്ടയം എറണാകുളം സംസ്ഥാന പാതയ്ക്ക് അരികെ സ്ഥിതിചെയ്യുന്ന വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ വേണാട്, പരശുറാം, വഞ്ചിനാട് എന്നീ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം എന്നുള്ള യാത്രക്കാരുടെ ആവശ്യം ഇപ്പോളും റയിൽവേയുടെ പരിഗണനയിൽ തുടരുകയാണ്. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ അടക്കം പൂർത്തിയായിട്ടും ഐലൻഡ് പ്ലാറ്റ്ഫോമുകളോട് കൂടി സ്റ്റേഷൻ നവീകരിച്ചിട്ടും സ്റ്റോപ്പ് എന്ന ആവശ്യം ഇപ്പോളും നടപ്പായിട്ടില്ല. മെമു സർവീസുകളുടെ ബോഗികൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും കേരള എക്സ്പ്രസ്സ് സമയക്രമം പാലിക്കണമെന്നും വേണാട്, വഞ്ചിനാട്, പരശുറാം എക്സ്പ്രസ് അടക്കം കൂടുതൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മയായ വൈക്കം റോഡ് യൂസേഴ്സ് ഫോറം റയിൽവേ അധികാരികൾക്കും ജനപ്രതിനിധികൾക്കും പരാതി സമർപ്പിച്ചു.

സ്വന്തം ലേഖകൻ.


Author
Citizen Journalist

Fazna

No description...

You May Also Like