വേമ്പനാട്ട് കായൽ പകുതിയോളം നികത്തപ്പെട്ടുവെന്ന് പഠന റിപ്പോ‍ർട്ട്

  • Posted on March 20, 2023
  • News
  • By Fazna
  • 121 Views

കൊച്ചി: തണ്ണീർമുക്കം/ കൊച്ചി - വൻതോതിലുള്ള  കയ്യേറ്റവും  നശീകരണവും മൂലം വേമ്പനാട്ട് കായലിൻറെ ജലസംഭരണ ശേഷിയിൽ  120 വ‍ർഷം കൊണ്ട് 85.3 ശതമാനം കുറവ് ഉണ്ടായിട്ടുണ്ടെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) നടത്തിയ പഠനത്തിൽ കണ്ടെത്തി.

1900 ൽ 2617.5  മില്യൻ ക്യൂബിക് മീറ്ററായിരുന്ന സംഭരണണ ശേഷി 2020 ൽ 387.87 മില്യൺ ക്യൂബിക് മീറ്ററായി കുറഞ്ഞു. കേരള സ‍ർക്കാറിൻറെ നി‍‍ർദ്ദേശ പ്രകാരം കുഫോസിലെ സെൻറ‍ർ ഫോർ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെൻറ് ആൻറ് കൺസ‍ർവേഷൻ അഞ്ച് വ‍ർഷം കൊണ്ട് പൂ‍ർത്തിയാക്കിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ 120 വർഷത്തിനുള്ളിൽ  158.7 ചതുശ്രകിലോമീറ്റ‍ർ കായലാണ് നികത്തപ്പെട്ടത് ( 43.5 ശതമാനം കായൽ ഇല്ലാതായി). 1900 ൽ 365 ചതുശ്രകിലോമീറ്ററായിരുന്ന കായൽ വിസ്തൃതി 2020 ആയപ്പോഴേക്കും 206.30 ചതുശ്രകിലോമീറ്ററായി കുറഞ്ഞു. ഇതോടൊപ്പം മാലിന്യങ്ങൾ അടിഞ്ഞ് കായലിൻറെ ആഴത്തിൽ ഗണ്യമായ കുറവ് ഉണ്ടായതും സംഭരണ ശേഷി കുറയാൻ കാരണമായതായി പഠനത്തിന് നേതൃത്വം നൽകിയ ഡോ.വി.എൻ. സജ്ജീവൻ പറഞ്ഞു.  കായലിൻറെ അടിത്തട്ടിലുള്ള മാലിന്യത്തിൽ 3005 ടൺ പ്ളാസ്റ്റിക് മാലിന്യങ്ങളാണ്.

തണ്ണീ‍ർമുക്കം ബണ്ടിൻറെ തെക്ക് ഭാഗത്ത്  1930 ൽ  ശരാശരി 8 മീറ്റ‍ർ ആഴമുണ്ടായിരുന്നത് ഇപ്പോൾ 1.8 മീറ്ററായി കുറഞ്ഞു. തണ്ണീ‍ർമുക്കം ബണ്ടിൻറെ വടക്ക് ഭാഗത്ത് ശരാശരി ആഴം 8.5 മീറ്റ‍ർ ആയിരുന്നു. ഇപ്പോഴത് 2.87 മീറ്ററാണ് 

തണ്ണീർമുക്കത്ത് ഇന്ന് നടന്ന ചടങ്ങിൽ കുഫോസ് വൈസ് ചാൻസല‍ർ ഡോ.എം.റോസലിൻറ് ജോ‍ർജ്ജ് പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. എ.എം.ആരിഫ്  എം.പി,  ജോൺസൺ സി മാത്യു (എൺവയ‍ർമെൻറൽ പ്രോഗ്രാം മാനേജ‍ർ, ‍ഡയറക്ടറേറ്റ്  ഓഫ് എൺവയർമെൻറ് ആൻറ് ക്ളൈമറ്റ് ചെയിഞ്ച്), വി.ജെറോഷ് കുമാ‍ർ (ചീഫ് ഹൈഡ്രോഗ്രാഫ‍ർ, സംസ്ഥാന ഹൈഡ്രോഗ്രാഫിക് സ‍ർവ്വേ വിങ്ങ്),  കുഫോസ് ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ള, ഡോ.ബിജോയ് നന്ദൻ ( ഡീൻ, ഫാക്കൽറ്റി ഓഫ് മറൈൻ സയൻസ്, കുസാറ്റ്) , കുഫോസ് ഭരണ സമിതി അംഗം ശ്രീകുമാ‍ർ ഉണ്ണിത്താൻ എന്നിവ‍ർ പ്രസംഗിച്ചു.

അര നൂറ്റാണ്ടിന് ഇടയിൽ വേമ്പനാട്ട് കായലിൽ നിന്ന് അറുപത് ഇനം മത്സ്യങ്ങൾ അപ്രത്യക്ഷമായി എന്ന് റിപ്പോർട്ടിൽ പറയുന്നു. 1980 ൽ 150 സ്പീഷ്യസുകൾ റിപ്പോ‍ർട്ട് ചെയ്ത സ്ഥാനത്ത് ഇപ്പോൾ കായലിലുള്ളത് 90 മത്സ്യ സ്പീഷ്യസുകൾ മാത്രമാണ്.

വേമ്പനാട്ട് കായലിൽ വന്ന് ചേരുന്ന മീനച്ചൽ, പമ്പ, അച്ചൻകോവിൽ നദീത്തടങ്ങളിലും  കായലിൻറെ ഭാഗമായ കുട്ടനാടിലും പ്രളയം രൂക്ഷമാക്കിയത് കായലിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകി പോകേണ്ട ഔട്ടുലറ്റുകളും കനാലുകളും പ്രവർത്തനക്ഷമമല്ലാത്തതുകൊണ്ടാണ് എന്ന് റിപ്പോ‍‍ർട്ട് ചൂണ്ടിക്കാണിക്കുന്നു. അഴീക്കലിലും (കായംകുളം) അന്ധകാരനാഴിയിലുമായി (ആലപ്പുഴ) രണ്ട് മീഡീയം ഔട്ട്ലെറ്റുകളാണ് വേമ്പനാട്ട് കായലിന് അറബിക്കടിലേക്ക് ഉള്ളത്. രണ്ടും വർഷങ്ങളായി മണ്ണും മാലിന്യങ്ങളും മൂടിക്കിടക്കുകയാണ്. കരിമാടി കനാലിന് പടിഞ്ഞാറ് വശത്തായി ഉള്ള പുറക്കാട് തടാകത്തിലൂടെയും വെള്ളം കടലിലേക്ക് ഒഴിഞ്ഞ് പോകണ്ടതാണ്. ദേശിയപാത 66 വന്നതോടെ പുറക്കാട് തടാകവും കടലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.

ദേശിയ പാതക്ക് അടിയിലൂടെ ഒരു ടണൽ സ്ഥാപിച്ച് തടാകത്തിന് കടലുമായുള്ള ബന്ധം പുനസ്ഥാപിക്കാമെന്ന് റിപ്പോ‍ർട്ട് നി‍ർദ്ദേശിക്കുന്നു. ഇതടക്കം കായലിൻറെ ജീവനും ജൈവപരമായ പ്രത്യുൽപാദന ശേഷിയും വീണ്ടെടുക്കാൻ നിരവധി ന‍ിർദ്ദേശങ്ങളും റിപ്പോ‍ർട്ടിലുണ്ട്. തണ്ണീ‍ർമുക്കം ബണ്ടിൽ മേലുള്ള ആശ്രയത്വം പടിപിടിയായി കുറയ്ക്കാനും ദീ‍ർഘകാലടിസ്ഥാനത്തിൽ ബണ്ട് വ‍ർഷം മുഴുവൻ തുറക്കാനും റിപ്പോ‍ർട്ട് നി‍ർദ്ദേശിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിന് മുൻപ് കുടനാട് പാടശേഖരങ്ങളിലേക്ക് ഉപ്പ് വെള്ളം കയറാതെ തടയാനുള്ള ബദൽ നി‍ർദ്ദേശങ്ങളും റിപ്പോ‍ർട്ടിലുണ്ട്.

ഞായറാഴ്ച വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുയി കായൽ സംരക്ഷണ രേഖ കുഫോസിലെ ശാസ്ത്രജ്ഞർ ചർച്ച ചെയ്യും. തണ്ണീർമുക്കം കെ.ടി.ഡി.സി റിസോർട്ടിൽ നടക്കുന്ന ചർച്ചായോഗം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like