"ജീവനാംശം"
- Posted on February 05, 2021
- Literature
- By Remya Vishnu
- 662 Views
അത് കാണുമ്പോൾ അമ്മ പറയും "അമ്മമാരായാൽ ഇങ്ങനെയൊക്കെയാ കുഞ്ഞുങ്ങൾ ഒരുവിധം വലുതാവുന്നത് വരെ ഉറങ്ങാൻ പറ്റിയെന്ന് വരില്ല"
കടിഞ്ഞൂൽ പ്രസവം കഴിഞ്ഞ് അത്ര സുഖമുള്ള റോളല്ല അമ്മയുടേത് എന്ന തിരിച്ചറിവിൽ ചങ്ങലക്കിട്ട പട്ടി കുഞ്ഞിനെ പോലെ എന്തിനും ഏതിനും ബഹളം വെച്ചു കൊണ്ട് ഞാൻ ഇരുന്നു . തലയിൽ കമഴ്ത്തുന്ന ഒരു കുടം കാച്ചെണ്ണ താഴേക്ക് ഒലിച്ചിറങ്ങുന്നതും, മേത്തു തേച്ചുപിടിപ്പിക്കുന്ന കുഴമ്പിന്റെ മണവും, വേദ് കുളി എന്ന പേരിൽതിളച്ച ചൂടിൽ ദേഹത്ത് ഒഴിക്കുന്ന ചുവന്ന വെള്ളവും, ഭംഗിയിൽ കണ്ണെഴുതിയ എനിക്ക് മുഖത്തിന് പാതി ഭാഗം കണ്മഷി ആവുന്ന വിധത്തിൽ കുളിപ്പിക്കാൻ വരുന്ന വരുടെ വക കണ്ണെഴുതും കൂടി കഴിയുമ്പോൾ, ഇത് ഏതു ഞാനാണെന്ന് എന്നോട് തന്നെ ചോദിക്കേണ്ട അവസ്ഥയാകും. അതിനിടയിൽ രാവോ പകലോ ഇല്ലാതെ എപ്പോഴും മാക്കം, മാക്കം കരഞ്ഞു കൊണ്ടിരിക്കുന്ന എന്റെ കടിഞ്ഞൂൽ പുത്രനും. കുടുംബത്തിലെ ആദ്യത്തെ ആൺ സന്താനം ആയതുകൊണ്ട് അവൻ രാജാവായിരുന്നു.
മകരമാസത്തിലെ തണുപ്പിൽ മൂടിപ്പുതച്ചു ഏഴുമണിവരെ കിടന്നു സുഖനിദ്ര നടത്തിയിരുന്ന ഞാൻ. അവന്റെ കരച്ചിൽ പാല് കൊടുക്കുക എന്ന കർത്തവ്യം നിറവേറ്റാൻ മുറിച്ചിട്ട ഉറക്കവുമായി ദേഷ്യത്തോടെ എഴുന്നേൽക്കും അത് കാണുമ്പോൾ അമ്മ പറയും "അമ്മമാരായാൽ ഇങ്ങനെയൊക്കെയാ കുഞ്ഞുങ്ങൾ ഒരുവിധം വലുതാവുന്നത് വരെ ഉറങ്ങാൻ പറ്റിയെന്ന് വരില്ല" ആ പറച്ചിൽ എന്നോടുള്ള പകരം വീട്ടലല്ലേ എന്ന് എനിക്കപ്പോൾ തോന്നാറുണ്ട്.
ബാൽക്കണിയിൽ കുഞ്ഞിനെയുംകൊണ്ട് റോഡിലൂടെ പോകുന്നവരെ നോക്കി നിൽക്കുന്നതിൽ ആദ്യമെല്ലാം അമ്മയും, അമ്മമ്മയും വഴക്ക് പറഞ്ഞു കൊണ്ടിരുന്നു . പിന്നെ ഞാൻ അനുസരിക്കില്ല എന്ന് മനസ്സിലായപ്പോൾ അവരതു വിട്ടു. മോനെ വെയിലു കൊള്ളിക്കാനെന്ന ഭാവത്തിൽ രാവിലെയുള്ള ബാൽക്കണി കാഴ്ചകളിലാണ് താമര അക്കയെയും , അവരുടെ മോളെയും ഞാൻ ശ്രദ്ധിച്ചുതുടങ്ങിയത്.
എല്ലുപോലെ ഇരിക്കുന്ന താമരയക്ക. ഒരു കയ്യിൽ മകളുടെ ബാഗും, സ്വന്തം ബാഗും തൂക്കി മറ്റു കുട്ടികൾ സ്കൂളിൽ പോയി തുടങ്ങുന്നതിനു മുൻപേതന്നെ അവരുടെ എട്ടുവയസ്സുകാരി മകളെയും വലിച്ചുകൊണ്ട് ഓടുന്നത് എനിക്ക് പതിവുകാഴ്ചയായിരുന്നു. അവളെ സ്കൂളിൽ വിട്ട് വേണമായിരുന്നു താമരയ്ക്ക് ജോലിക്ക് പോകാൻ. രണ്ടു കൊമ്പിൽ ചുവന്ന റിബൺ ഇട്ട് കെട്ടിയ ചുരുണ്ട മുടിയും എപ്പോഴും ചിരിക്കുന്ന മുഖവും ഉള്ള മോളെ എനിക്ക് ഭയങ്കര ഇഷ്ടമായി. പെൺകുട്ടികളെ ഒരുക്കി നടത്താനുള്ള അവളുടെ അമ്മയുടെ അറിവില്ലായ്മ ആ കുഞ്ഞിന്റെ ഒരുക്കത്തിൽ കാണാമായിരുന്നു. എന്നും എനിക്കും മോനും അക്കയും, അവളും റ്റാറ്റ തരുമായിരുന്നു.
ഒരിക്കൽ അമ്മയോട് താമരയക്കയെ കുറിച്ച് ചോദിച്ചപ്പോൾ. അമ്മ പറഞ്ഞു അവരെ ഭർത്താവ് ഉപേക്ഷിച്ചു പോയി അമ്മയും മകളും തനിച്ചാണ് താമസം എന്ന്. കുടുംബക്കാരൊക്കെ അടുത്ത് തന്നെയുണ്ടെങ്കിലും എല്ലാവരോടും ചെറിയ കാര്യത്തിന് വരെ വലിയ ഒച്ചയിൽ വഴക്കിടുന്നത് കൊണ്ട് അവരെ ആരും അടുപ്പക്കാറില്ല . അതും കൂടി കേട്ടപ്പോൾ എനിക്ക് അവരോട് സഹതാപം തോന്നി.ഒറ്റയ്ക്കായി പോകുന്ന സ്ത്രീകൾ ഒരു തന്റെടത്തിന്റെ മൂടുപടം അണിയാതെ എങ്ങനെ ഈ സമൂഹത്തിൽ ജീവിക്കാൻ കഴിയുമെന്നു ഞാനോർത്തു. മുകളിലൂടെ പറന്നു പോകുന്ന കാക്കയ്ക്കു അവരെ കുറ്റം കണ്ടുപിടിക്കുന്ന നാട്ടുകാരാണ് ചുറ്റും.
ഒരു ദിവസം താമരയക്കയും മകളും കൂടി വീട്ടിൽ വന്നു. എപ്പോഴും ബാൽക്കണിയിൽ എന്റെ കയ്യിൽ ഇരുന്നു മാത്രം കാണുന്ന കുഞ്ഞുവാവയെ അടുത്ത് കാണണമെന്ന്മോൾ ആഗ്രഹം പറഞ്ഞപ്പോൾ വന്നതാണ്. അവളുടെ പേര് ശ്രീലക്ഷ്മി എന്നായിരുന്നു ശ്രീക്കുട്ടി എന്ന് വിളിക്കും. പിന്നെ ഒഴിവുള്ളപ്പോൾ എല്ലാം അവളും അമ്മയും വാവയെ കാണാൻ വരുമായിരുന്നു.
തൊണ്ണൂറ് കഴിഞ്ഞു ഞാൻ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങും മുൻപ് ഏട്ടനെ കൊണ്ട് വാങ്ങിപ്പിച്ച ഉടുപ്പും അതിനു ചേരുന്ന വളയും, മാലയും, പൊട്ടും എല്ലാം അവൾക്കു നൽകിയപ്പോൾ അവളുടെ കണ്ണുകളിലെ സന്തോഷം ഞാൻ ഇപ്പോഴും ഓർക്കുന്നു.
കൃത്യം രണ്ടു വർഷത്തെ ഇടവേളയിൽ അടുത്ത ട്രോഫിയുമായി ഞാൻ ബാൽക്കണിയിൽ നിൽക്കുമ്പോൾ, ഒരു അഞ്ചാം ക്ലാസുകാരിയുടെ ഗൗരവത്തോടെ അമ്മയോടൊപ്പം അവൾ പോകുന്നത് കാണാമായിരുന്നു. രണ്ടാമത്തെ കുഞ്ഞും ആൺകുഞ്ഞായതിൽ വിഷമിച്ചിരിക്കുന്ന എന്നോട് സാരമില്ല മോളെ പാവം അമ്മമാർക്കാണ് ദൈവം ആൺകുഞ്ഞുങ്ങളെ കൊടുക്കുന്നത്, എന്നെ കണ്ടില്ലേ ഞാൻ ഒരു ഭയങ്കരി ആയതുകൊണ്ടാണ് എനിക്ക് മോളായി പോയത് എന്ന് പറഞ്ഞു അവനെ ആശ്വസിപ്പിച്ചു.
കുറച്ചു നാളുകൾ കഴിഞ്ഞ് ഞാനും മക്കളും കൂടി ഭർത്താവിനോടൊപ്പം ഗൾഫിലേക്ക് പോയി. ഒരു ദിവസം അമ്മ വിളിച്ച് വളരെ സങ്കടത്തോടെ പറഞ്ഞു ശ്രീക്കുട്ടി മരിച്ചുപോയി എന്ന് എലിപ്പനി ആയിരുന്നു കണ്ടുപിടിക്കാൻ വൈകി. എനിക്ക് എന്റെ കാതുകൾ പൊള്ളുന്നത് പോലെ തോന്നി അന്ന് മുഴുവൻ ഞാൻ കരഞ്ഞു കൊണ്ടിരുന്നു.
പിറ്റേ പ്രാവശ്യം വെക്കേഷന് വന്നപ്പോൾ താമരയക്കയെ അന്വേഷിച്ച് ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു ആസ്ബറ്റോസ് ഷീറ്റിട്ടു മറച്ച വലിയ കോട്ട പോലൊരു വേലി അതിനുള്ളിൽ ഒരു ചെറിയ ഷെഡ് ആയിരുന്നു അവരുടെ വീട് അവിടെ പശുവും, ആടും, കോഴിയും, പട്ടിയും തുടങ്ങി എല്ലാ ജീവികളും ഉണ്ടായിരുന്നു. ഞാൻ ചെന്നപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നു അടുത്ത വീട്ടിലെ ചേച്ചിയോട് പറഞ്ഞിട്ട് ഞാൻ പോന്നു. പിറ്റേന്ന് അക്ക എന്നെ കാണാൻ വന്നിരുന്നു വന്നപ്പോൾ പറഞ്ഞു ഇന്നലെ കേസ് ഉണ്ടായിരുന്നു അതിനു പോയതാണെന്ന്. എന്തിന്റെ കേസാണെന്ന് ഞാൻ ചോദിച്ചു. മകൾ അസുഖമായി കിടന്നപ്പോൾ എനിക്ക് ഒരുപാട് പൈസ ചെലവായിഅതിൻെറ പാതി അവളുടെ അച്ഛൻ നൽകണം എന്നുപറഞ്ഞു ഞാൻ കൊടുത്ത കേസാണെന്ന് അക്ക പറഞ്ഞു. ജീവിച്ചിരുന്നപ്പോൾ മോളെ അയാൾ തിരിഞ്ഞു നോക്കിയിട്ടില്ല ഇതെങ്കിലും ചെയ്യട്ടെ എനിക്ക് ജീവനാംശം നൽകുന്നുണ്ട് അയാൾ. ഒന്നു നോക്കിയാൽ ഇതല്ലേ സുഖം അയാൾക്ക് വേണ്ടി വെച്ചുണ്ടാക്കി കൊടുക്കണ്ട, അലക്കി കൊടുക്കണ്ട, ചീത്ത കേൾക്കണ്ട, മാസാമാസം ചെലവിന് കിട്ടും ഇതും ഒരു സുഖമാണെന്ന് ഒട്ടും പതറാതെ സങ്കടപ്പെടാതെ പറയുന്ന അക്ക എനിക്ക് അത്ഭുതമായിരുന്നു.
കുറച്ചുകാലം കഴിഞ്ഞപ്പോൾ ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ചേട്ടന്റെ മകൻ അമ്പലക്കുളത്തിൽ വീണുമരിച്ചു. അന്ന് അവിടെ കൂടിയിരുന്നവർ പറയുന്നത് കേട്ടു ചേട്ടനും ചേച്ചിയും എല്ലാ അമ്പലങ്ങളിലും പോയി നടക്കുന്നവർ ആയിട്ടും അവർക്ക് ഈ ഗതി വന്നല്ലോ എന്ന്. അപ്പോൾ അവിടെ നിന്ന് താമരയക്ക പറഞ്ഞു "ഞാനും തികഞ്ഞ ദൈവവിശ്വാസിയാണ് ഒരു വ്രതങ്ങളും മുടക്കാറില്ല എന്നിട്ടും എനിക്ക് ആകെ ഉണ്ടായിരുന്ന എന്റെ മകളെയും ദൈവം കൊണ്ടു പോയില്ലേ എല്ലാം ദൈവനിശ്ചയം അതിനെ ചോദ്യം ചെയ്യാൻ നമ്മൾ ആരാണ്? "അതു കേട്ടപ്പോൾ എനിക്ക് അവരോട് ബഹുമാനം തോന്നി. മരണം വരെ ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അവരെ അനുഗ്രഹിക്കട്ടെ