കാടും നാടും ശത്രുക്കളല്ല; പരസ്പര സഹവര്‍ത്തിത്വം നമ്മുടെ നിലനില്പിന് അനിവാര്യമാണ്
കൽപ്പറ്റ: നമ്മുടെ നിലനില്പ് സുസ്ഥിരമാകണമെങ്കിൽ കാടും നാടും തമ്മിൽ പരസ്പ ആശ്രിതത്വം അനിവാര്യമാണ്. പരസ്പരാശ്രിത പരിസ്ഥിതി സംരക്ഷണത്തിന് കാടും നാടുമായുള്ള സഹവര്‍ത്തിത്വം അനിവാര്യമാണെന്ന് വനം-വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട മാധ്യമ ശില്‍പ്പശാല വിലയിരുത്തി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വനം വന്യജീവി വകുപ്പും വയനാട് പ്രസ് ക്ലബ്ബും ചേര്‍ന്ന് മുത്തങ്ങയില്‍ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ശില്‍പ്പശാലയാണ് കാലിക പ്രസക്തമായ വിഷയാവതരണം കൊണ്ട് ശ്രദ്ധേയമായത്.
വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മുനുഷ്യനും വന്യമൃഗങ്ങളും തമ്മിലുളള പരസ്പരാശ്രിതത്വം അനിവാര്യമാക്കുന്നു. വനം വന്യജീവി സംരക്ഷണത്തോടൊപ്പം നാട് നേരിടുന്ന വെല്ലുവിളികള്‍ കൂടി ജനകീയമായി ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവുകയാണ്. ഇതിനിടയില്‍ കാടിനെയും നാടിനെയും തമ്മിലടിപ്പിക്കാനുള്ള നീക്കങ്ങള്‍ ശുഭകരമല്ല. ആരും ശത്രുപക്ഷത്തല്ല. പ്രകൃതിയുടെയും പ്രകൃതി വിഭവങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം ഉറപ്പാക്കണം. വനനിയമങ്ങള്‍ ആര്‍ക്കും എതിരല്ല. അന്തര്‍ ദേശീയതലത്തിലുള്ള വന്യജീവി സംരക്ഷണ ദൗത്യ നിര്‍വ്വഹണത്തില്‍ നിന്നും പിന്നോട്ട് പോകാനും കഴിയില്ല. വന്യജീവികള്‍ക്ക് കാട്ടില്‍ തന്നെ അധിവസിക്കാനുള്ള ആവാസ സാഹചര്യങ്ങള്‍ പരമാവധി ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. കാലാവസ്ഥയിലെ മാറ്റങ്ങളും ആവാസ സാഹചര്യങ്ങളിലെ മാറ്റങ്ങളും വന്യജീവികളുടെ സ്വൈര്യ ജീവിതത്തിന് ഭംഗം വരുത്തുമ്പോഴാണ് ഇവ നാട്ടിലേക്ക് ഇറങ്ങാന്‍ ഇടയാകുന്നത്. കാടും നാടും തമ്മില്‍ വേര്‍തിരിച്ച് ഫലപ്രദമായുള്ള വന്യ ജീവി പ്രതിരോധ സംവിധാനമാണ് ജില്ലക്കായി തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനിലൂടെ ലക്ഷ്യമിടുന്നതെന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്ത വനം വന്യജീവി പരിപാലകര്‍ പറഞ്ഞു.
വനാതിര്‍ത്തികളില്‍ ഉള്‍പ്പെടെ ജനസമൂഹം നേരിടുന്ന, വനം വകുപ്പുമായും വന്യ ജീവികളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ശില്‍പശാലയില്‍ ചൂണ്ടിക്കാട്ടി. കാടും നാടുമായുള്ള സംഘര്‍ഷം ഭൂഷണമല്ല. കാര്യക്ഷമമായതും ഫലപ്രദമായതുമായ തീരുമാനങ്ങളാണ് വേണ്ടത്. കാടിന്റെ ആവാസ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം. കടുവ പോലുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് വന്യമൃഗത്തിനും നാടിനും ഒരു പോലെ ആപത്താണ്. വനാതിര്‍ത്തി ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വനം വകുപ്പ് തടസ്സമാകുന്നുവെന്ന പരാതികള്‍ പരിഹരിക്കപ്പെടണം. കൂടുതല്‍ ജനകീയമായി വനം വന്യജീവി പരിപാലനം നടപ്പാക്കണം. മാധ്യമങ്ങളുമായി കൃത്യമായി ആശയവിനിമയം നടത്തുന്നതിന് ജില്ലാതലത്തില്‍ പി.ആര്‍.ഒ സംവിധാനം ആവശ്യമാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ വനപാലകരുമായുള്ള മുഖാമുഖത്തില്‍ പറഞ്ഞു. മഞ്ഞക്കൊന്ന നിര്‍മാര്‍ജനം: വനം-വന്യജീവി വകുപ്പ് വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് കമ്പനിയുമായി കൈ കോര്‍ത്തേക്കും
കല്‍പറ്റ: അധിനിവേശ സസ്യഗണത്തില്‍പ്പെട്ട മഞ്ഞക്കൊന്നയെ വനത്തില്‍നിന്നു പൂര്‍ണമായും ഒഴിവാക്കുന്നതിനു വനം-വന്യജീവി വകുപ്പ് വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് കമ്പനിയുമായി കൈ കോര്‍ത്തേക്കും. പാരിസ്ഥിതിക സന്തുലനം തകര്‍ക്കുന്ന വിധത്തില്‍ മഞ്ഞക്കൊന്ന കാടുകളെ കീഴടക്കുന്ന സാഹചര്യത്തിലാണിത്. വളര്‍ച്ചയെത്തിയ മഞ്ഞക്കൊന്നകള്‍ തോല്‍ നിശ്ചിത ഉയരത്തില്‍ ചെത്തിനീക്കി ഉണക്കിയും(ബാര്‍ക്കിംഗ്) മറ്റുള്ളവ വേരോടെ പിഴുതും(അപ്‌റൂട്ടിംഗ്) ശേഖരിച്ച് നീക്കുന്നതിനു കമ്പനിയെ അനുവദിക്കാനാണ് വനം-വന്യജീവി വകുപ്പിന്റെ നീക്കം. വനത്തില്‍നിന്നു മഞ്ഞക്കൊന്ന ശേഖരിക്കുന്നതില്‍ കമ്പനി വനം വകുപ്പിനെ നേരത്തേ താത്പര്യം അറിയിച്ചിരുന്നു. ഇതിന് അനുകൂലമായി കമ്പനി അധികൃതര്‍ക്കു വനം വകുപ്പ് കത്തയച്ചതായി വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുല്‍ അസീസ്, സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്‌ന, സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ എം.ടി.ഹരിലാല്‍, മുത്തങ്ങ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് വാര്‍ഡന്‍ പി.സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.അധിനിവേശ സസ്യങ്ങളുടെ ആധിക്യം വയനാടൻ കാടുകളുടെ ആവാസ വ്യവസ്ഥകളും ജൈവ വൈവിധ്യവും തകർക്കുകയാണെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടി കാട്ടി.
വയനാടന്‍ വനങ്ങളെ സംബന്ധിച്ചിടത്തോളം കടുത്ത ഭീഷണിയായി മാറുകയാണ് മഞ്ഞക്കൊന്ന വ്യാപനം.28 മീറ്റര്‍ വരെ ഉയരത്തില്‍ കുടയുടെ ആകൃതിയില്‍ വളരുന്ന അധിനിവേശ സസ്യമാണ് മഞ്ഞക്കൊന്ന.ഇത് പ്രദേശങ്ങളില്‍ വനാവാസ വ്യവസ്ഥ തകർത്ത് കാടിനെ മരുഭൂമിയാക്കുകയാണ്. വലിയതോതിലുള്ള നിര്‍ജലീകരണത്തിനും മഞ്ഞക്കൊന്നകൾ കാരണമാകുന്നുണ്ട്.വനത്തിലെ അധിനിവേശ സസ്യ ആധിക്യമാണ് വനാതിര്‍ത്തി പ്രദേശങ്ങളിലെ വര്‍ധിച്ച വന്യജീവി ശല്യത്തിനു മുഖ്യകാരണമായി കണക്കാക്കുന്നത്.
കാടിനെ മഞ്ഞക്കൊന്ന വിമുക്തമാക്കുന്നതിന് വനം-വന്യജിവി വകുപ്പ് ഇതിനകം നടത്തിയ പരിശ്രമം ഫലപ്രാപ്തിയിലെത്തിയില്ല. ബാര്‍ക്കിംഗും പിഴുതുമാറ്റലും നടത്തിയ സ്ഥലങ്ങളിലും ചെറിയ ഇടവേളയ്ക്കുശേഷം മഞ്ഞക്കൊന്ന കരുത്തോടെ വളരുകയാണ്.
വയനാട് വന്യജീവി സങ്കേതത്തില്‍ 123 ചതുരശ്ര കിലോമീറ്ററില്‍ മഞ്ഞക്കൊന്ന വ്യാപിച്ചതായാണ് സമീപകാലത്ത് നടന്ന പഠനത്തില്‍ തെളിഞ്ഞത്. 344.4 ചതുരശ്രി കിലോമീറ്ററാണ് വന്യജീവി സങ്കേതത്തിന്റെ ആകെ വിസ്ത്രീര്‍ണം. വന്യജീവി സങ്കേതത്തില്‍ 2013ല്‍ 14.6ഉം 2019ല്‍ 78.94ഉം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് മഞ്ഞക്കൊന്ന ഉണ്ടായിരുന്നത്. വന്യജീവി സങ്കേതത്തില്‍ മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകളിലാണ് മഞ്ഞക്കൊന്ന കൂടുതലുള്ളത്. നോര്‍ത്ത് വയനാട് വനം ഡിവിഷനിലും ഹെക്ടര്‍ കണക്കിനു സ്ഥലത്ത് മഞ്ഞക്കൊന്ന വളരുന്നുണ്ട്.
23 ഇനം അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യം വന്യജീവി സങ്കേതത്തില്‍ ഇതിനകം സ്ഥിരികരിച്ചിട്ടുണ്ട്. അരിപ്പൂ(കൊങ്ങിണി), കമ്മ്യൂണിറ്റ് പച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച, പാര്‍ത്തീനിയം, കമ്മല്‍പ്പൂ തുടങ്ങിയവ വനത്തില്‍ കാണുന്ന മറ്റു പ്രധാന അധിനിവേശ സസ്യങ്ങങ്ങളാണ്. വയനാട് വന്യജീവി സങ്കേതവുമായി അതിരിടുന്ന മുതുമല, ബന്ദിപ്പുര, നാഗര്‍ഹോള കടുവാസങ്കേതങ്ങളും മഞ്ഞക്കൊന്ന ഭീഷണിയിലാണ്.കാലാവസ്ഥ പ്രതിസന്ധിയും കാട്ടിലെ ഭക്ഷണ - ജല ശോഷണവും ,മനുഷ്യ - വന്യ ജീവി സംഘർഷത്തിന് ആക്കം കൂട്ടുന്ന ഈ കാലത്ത് മാധ്യമ പ്രവർത്തകരും വനം വകുപ്പും നടത്തിയ സംവാദം കൂടുതൽ ശ്രദ്ധേയമായി.
ശില്‍പശാലയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീം, സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ എം.ടി ഹരിലാല്‍, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അജേഷ് മോഹന്‍ദാസ് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സുനിൽകുമാർ, പ്രസ്‌ക്ലബ് പ്രസിഡന്റ് നിസാം കെ അബ്ദുളള, ട്രഷറര്‍ ജോമോന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രത്യേക ലേഖകൻ