64-മത് എൻ.ഡി.സി കോഴ്‌സിലെ ഫാക്കൽറ്റിയും കോഴ്‌സ് അംഗങ്ങളും രാഷ്ട്രപതിയെ സന്ദർശിച്ചു
- Posted on October 02, 2024
- News
- By Varsha Giri
- 28 Views
ന്യൂ ഡൽഹി :
64-ാമത് നാഷണൽ ഡിഫൻസ് കോളേജ് കോഴ്‌സിൻ്റെ ഫാക്കൽറ്റിയും അംഗങ്ങളും രാഷ്ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി.
ചലനാത്മകമായ ആഗോള ഭൗമ-രാഷ്ട്രീയ അന്തരീക്ഷം നിരവധി വെല്ലുവിളികൾ ഉയർത്തുന്നതായി ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. സമീപകാലത്ത് വളരെ വേഗതയിൽ സംഭവവികാസങ്ങൾ അരങ്ങേറുന്നത് , ഒരു ദശാബ്ദത്തിന് മുമ്പ് നമുക്ക് മുൻകൂട്ടി കാണാൻ കഴിയുമായിരുന്നില്ല. അതിനാൽ, സിവിൽ സർവീസ്, പ്രതിരോധ സേവനങ്ങൾ നിന്നുമുള്ള എല്ലാ ഓഫീസർമാരും തങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ദുർബലതകളെക്കുറിച്ചും അത്തരം വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്ന ശക്തികളെക്കുറിച്ചും അറിഞ്ഞിരിക്കണം. അവരുടെ സംഘടനകളുടെയും രാജ്യത്തിന്റെയും മനുഷ്യരാശിയുടെയും വലിയ നന്മയ്‌ക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ കഴിയുക എന്നതാണ് അവർക്ക് ഉണ്ടായിരിക്കേണ്ട ശക്തി. നൂതനാശയമാണ് അവരെ ഭാവി സജ്ജരാക്കുന്ന മറ്റൊരു ഘടകം, രാഷ്‌ട്രപതി പറഞ്ഞു
ഇന്ന്, നമ്മുടെ സുരക്ഷാ ആശങ്കകൾ പ്രദേശിക സമഗ്രത സംരക്ഷിക്കുന്നതിനും അപ്പുറത്തേക്ക് വ്യാപിച്ചിട്ടുണ്ട്. സാമ്പത്തികം, പരിസ്ഥിതി, ഊർജ്ജo, സൈബർ സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ദേശീയ ക്ഷേമത്തിൻ്റെ മറ്റ് മേഖലകളാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ആശങ്കകളെ അഭിസംബോധന ചെയ്യുന്നതിന് തീവ്രമായ ഗവേഷണവും സമഗ്രമായ സമീപനവും ആവശ്യമാണ്.
ദേശീയ സുരക്ഷയ്ക്ക് സൈബർ ആക്രമണങ്ങൾ വലിയ ഭീഷണിയായി ഉയർന്നുവന്നിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സൈബർ ആക്രമണങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള സാങ്കേതിക ഇടപെടലും മികച്ച പരിശീലനം ലഭിച്ചതുമായ മനുഷ്യവിഭവശേഷിക്കൊപ്പം ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യവും ആവശ്യമാണ്. ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ കഴിയുന്ന സുരക്ഷിതമായ രാജ്യവ്യാപക സംവിധാനം സൃഷ്ടിക്കാൻ സിവിൽ സർവീസുകളും സായുധ സേനകളും കൈകോർക്കേണ്ടതുണ്ട്. സാങ്കേതിക മുന്നേറ്റം, രാജ്യങ്ങൾക്ക് ഡിജിറ്റൽ അടിസ്ഥാന സൗകര്യം സജ്ജീകരിക്കേണ്ടതും ഉപയോഗപ്പെടുത്തേണ്ടതും നിർബന്ധമാക്കിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. വലിയ അളവിലുള്ള ഡാറ്റയും സൂക്ഷ്മമായ വിവരങ്ങളും ഭരണസംവിധാനങ്ങളിൽ ലഭ്യമാണ്. അവ സുരക്ഷിതമായിരിക്കണം . ഈ പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കാനും അത് പരിഹരിക്കാൻ കൃത്യമായ നടപടികൾ കൈക്കൊള്ളാനും അവർ എല്ലാവരോടും അഭ്യർത്ഥിച്ചു.