61 പൊതുഗതാഗതം
- Posted on December 10, 2023
- Literature
- By Dency Dominic
- 113 Views
ചക്രം കണ്ടെത്തിയോരോർമ്മ
ചാക്രിക ചലനത്തിന്റെ
പൊരുളും തേടി മാനവ
നലഞ്ഞ പഴയ
കാലം
സഞ്ചാരപൊരുളറിഞ്ഞു
ചക്രത്തിൽ സഞ്ചരിച്ച നാൾ
നൂതന പാതകൾ വേഗം
കീഴടക്കിയ നാളുകൾ
സ്വതന്ത്രമായ് സഞ്ചരിച്ചു
തുടങ്ങിയ മാനവന്റെ
പുരോഗതിയതിശയി
പ്പിക്കുന്ന വേഗത്തിലായി
ദൂരെ പറന്നു പറന്നിപ്പോൾ
ചന്ദ്രനിൽ വരെ പോയി
ശാസ്ത്ര പുരോഗതിയിൽ നാം
ഊറ്റം കൊള്ളുന്ന ദിനങ്ങൾ
ഇവിടെ ശമ്പളമില്ലാ
തൊരു കൂട്ടർ പണിയെടുക്കുന്നു
നവോത്ഥാന കേരളം
നാണക്കേടാൽ മുഖം കുനിക്കുന്നു
സഞ്ചാരം സുഗമമായി
നടക്കാത്ത നാട്ടിലെന്തു
സ്വാതന്ത്ര്യത്തെപ്പറ്റി നമ്മൾ
വാതോരാതെ പറയും സർ
എത്രനാൾ കണി കണ്ടോനെ
പഴി ചാരി നിൽക്കും നമ്മൾ
"രാഹുകാല"മെത്ര നാളു
രക്ഷാകവചം തീർത്തിടും
പൊതുവിടങ്ങൾ ഒന്നൊന്നായി
നശിപ്പിക്കുന്ന നാട്ടിൽ
എന്തു വിപ്ലവത്തെപ്പറ്റി നാം
പ്രസംഗിക്കുമിനിമേലിൽ
എണ്ണയ്ക്കോ വില കൂടുന്നു
ജീവനക്കാർ ദുരിതത്തിൽ
കഷ്ടം പൊതുഗതാഗതം
വഴിയിൽ, പൊതുജനം
പുരയാണു കത്തുന്നതു
സാ,റിപ്പോൾ തീ കെടുത്തണ
മല്ലെങ്കിലോ കൈയിൽ നിന്നു
സർവവും വഴുതി പോകും
വഴിയിൽ നരകിക്കുവാൻ
എന്തു പിഴച്ചു നാട്ടുകാർ
ജീവനക്കാരെ പെരു
വഴിയിൽ നിർത്തിയതാര് ?
പണം കൊടുത്തു കടിക്കും
പട്ടിയെ വാങ്ങിയ കഥ
പോലെ, പൊതുജനം
നരകിക്കുന്നു തെരുവിൽ
എത്രയേറെ നാളായിതു
ചർച്ച ചെയ്യുന്നു വിപ്ലവ
കേരളം,പരിഹരിക്കാൻ
പറ്റില്ലെങ്കിൽ പ്രസംഗം വേണ്ട
ശരിയുത്തരമല്ലല്ലോ
കേൾക്കുന്നതിന്നലയോളം
പഠിച്ച പാഠങ്ങളെങ്ങനെ
വേഗം മറക്കും നമ്മൾ
അവകാശങ്ങൾ ഉള്ളവർ
ജനങ്ങളും ജീവനക്കാരു
മവർ സഹായം ചോദിക്കാൻ
വിധിക്കപ്പെട്ടവരല്ല
ഇന്നും തുടർക്കഥ പോലെ
സ്വാതന്ത്ര്യത്തിന്നടിക്കല്ലാണ്
സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യ
മതുതേടിയലയുന്നു നാം
പൊതു ഗതാഗതം ശക്തിപ്പെടണം
വേലക്കു കൃത്യമായി
കൂലി ലഭിക്കണം
ഓരോ മലയാളിയും മനസ്സിൽ
കൊതിക്കുന്നു സർ
കവിത : ബി ഷിഹാബ്