നേപ്പാളിലെ ജെൻ സി വിപ്ലവം; ലക്ഷക്കണക്കിന് യുവതീ യുവാക്കളെ തെരുവിലിറക്കിയ 36 വയസുകാരനായ സുദൻ ഗുരുങ് ആരാണ്?



*സി.ഡി. സുനീഷ്*


*കാഠ്മണ്ഡു:* നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനതിരെ അതിശക്തമായ യുവജന പ്രതിഷേധത്തിനായിരുന്നു നേപ്പാള്‍ സാക്ഷ്യംവഹിച്ചത്. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള 26 സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ആണ് സര്‍ക്കാര്‍ നിരോധിച്ചത്. ജെന്‍ സി പ്രതിഷേധമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പ്രതിഷേധ പ്രകടനം അക്രമാസക്തമായതിന് പിന്നാലെ നേപ്പാൾ തലസ്താനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങൾ നേതൃത്വം നൽകിയ പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. മുന്നൂറിലധികംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ അടക്കം പ്രധാന നഗരങ്ങളിൽ ജന ജീവിതം സ്തംഭിച്ചിരുന്നു. സെപ്റ്റംബര്‍ നാലാംതീയതിയായിരുന്നു നിരോധനം നിലവില്‍ വന്നത്.



ഡിജിറ്റല്‍ സ്വാതന്ത്ര്യത്തിനും അഴിമതിക്കുമെതിരേ നേപ്പാളില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ മുഖമാണ് 36-കാരനായ സാമൂഹികപ്രവർത്തകൻ സുദന്‍ ഗുരുങ്. ഹാമി നേപ്പാള്‍ എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റാണ് ഇദ്ദേഹം. 2015-ലുണ്ടായ ഭൂകമ്പത്തില്‍ അദ്ദേഹത്തിന് തന്റെ കുഞ്ഞിനെ നഷ്ടമായതിന് പിന്നാലെയാണ് നേരത്തെ ഇവന്റ് ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ചിരുന്ന ഗുരുങ്, സാമൂഹികപ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്. ആ അനുഭവം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും യുവജനങ്ങളുടെ കാര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ ഗുരുങ്ങിന് പ്രചോദനമാവുകയായിരുന്നു. സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ടുള്ള നിരവധി പ്രചാരണങ്ങള്‍ക്കാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗുരുങ് നേതൃത്വം നല്‍കിയത്.


സ്‌കൂള്‍ യൂണിഫോം ധരിച്ചും പുസ്തകങ്ങള്‍ കൈകളിലേന്തിയും പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമാകാന്‍ നിര്‍ദേശിച്ച് ആയിരക്കണക്കിന് കുട്ടികളെയാണ് ഗുരുങ് റാലിയുടെ ഭാഗമാക്കിയത്. അതിലൂടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരായ റാലികളെ സമാധാനപരവും അതേസമയം പ്രതീകാത്മകവുമാക്കി അദ്ദേഹം മാറ്റി. എന്നാല്‍ പ്രതിഷേധം സംഘര്‍ഷത്തിന് വഴിമാറുകയും രക്തച്ചൊരിച്ചിലില്‍ കലാശിക്കുകയുമായിരുന്നു. സാമൂഹികമാധ്യമ നിരോധനം നിലവില്‍ വരുന്നതിന് മുന്‍പേതന്നെ പ്രതിഷേധത്തിനുള്ള റൂട്ടുകളെ കുറിച്ചും സുരക്ഷാമുന്‍കരുതലുകളെ കുറിച്ചും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഗുരുങ്ങും അദ്ദേഹത്തിന്റെ എന്‍.ജി.ഒയും വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ജെന്‍ സികളുടെ പ്രതിഷേധം കടുത്തതിന് പിന്നാലെ സാമൂഹികമാധ്യമ നിരോധനം പിന്‍വലിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പ്രതിഷേധക്കാര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രമേഷ് ലേഖക് രാജിവെച്ചു. അതേസമയം കെ.പി. ഒലി ശര്‍മ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ചയും കാഠ്മണ്ഡുവില്‍ പ്രതിഷേധമുണ്ടായി. നൂറുകണക്കിന് യുവാക്കളാണ് സംഘടിച്ചെത്തിയത്.


രാജ്യസുരക്ഷയുടെ പേരിലാണ് സോഷ്യൽ മീഡിയക്ക് നിരോധനം ഏർപ്പെടുത്തിയത് എന്നാണ് നേപ്പാൾ സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ, അഴിമതിയും ദുർഭരണവും മൂടി വെയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്നാണ് ചെറുപ്പക്കാർ ആരോപിക്കുന്നത്. സംഘർഷങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെയ്ക്കുകയും ചെയ്തിരുന്നു.


അതിനിടെ, നേപ്പാളിൽ ജനകീയ പ്രക്ഷോഭങ്ങൾ ആളിക്കത്തിയതിന് പിന്നാലെ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി രാജിവെച്ചു. നില വഷളായതോടെ കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ഡൽ പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് ഒലി അധികാരം ഒഴിഞ്ഞതോടെ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് താൽക്കാലിക ശമനമായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തിന് ഇടപെടാൻ കഴിയണമെങ്കിൽ പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്ന് ജനറൽ സിഗ്ഡൽ വ്യക്തമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.


പ്രതിഷേധങ്ങൾ രൂക്ഷമായതോടെ, ഒരു സർവ്വകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. ഇതിനിടെ, ഭക്തപൂരിലെ ബാൽക്കോട്ടിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് സമീപം നടന്ന വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെ പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like