കേരള സ്‌കൂൾ  എഡ്യൂക്കേഷൻ കോൺഗ്രസ്സ് - 2023 ന് ഏപ്രിൽ തുടക്കം.

  • Posted on March 31, 2023
  • News
  • By Fazna
  • 136 Views

തിരുവനന്തപുരം : കേരള സ്‌കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് - 2023 ഇന്ന് തിരുവനന്തപുരം കോവളം വെള്ളാർ കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. ഏപ്രിൽ  1 മുതൽ  3 വരെയാണ് കോൺഗ്രസ്‌. നവകേരളസൃഷ്ടിക്കുവേണ്ടി പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ ഇടപെടലുകൾ എന്ന ആശയം മുൻനിർത്തി പൊതുവിദ്യാഭാസ വകുപ്പിനുവേണ്ടി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ നൂതനമായ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുവാനും പങ്കുവയ്ക്കാനുമുള്ള വേദി ഒരുക്കുക വഴി കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ  എങ്ങനെ കൂടുതൽ  ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നതാണ് പ്രാഥമികമായ ലക്ഷ്യം. ആദ്യ സെഷനിൽ  കേരള വിദ്യാഭ്യാസം- ചരിത്രം, വർത്തമാനം, പുതിയ പ്രതീക്ഷകൾ എന്ന വിഷയത്തിൽ കാലടി  ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. എം.വി. നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഏപ്രിൽ  1 ന് വൈകുന്നേരം നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി ഡോ. ബുലകി ഡാസ് കല്ല മുഖ്യാതിഥിയായിപങ്കെടുക്കും. ചടങ്ങിൽ  ചീഫ് സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ മോഡറേറ്ററാകും. കർണ്ണാടക, തമിഴ്‌നാട് സർക്കാരുകളുടെ പ്രതിനിധികളും യോഗത്തിൽ  പങ്കെടുക്കും. രണ്ടാം ദിവസം രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം എന്ന വിഷയത്തിൽ  നാഷണൽ  യൂണിവേഴ്‌സിറ്റി ഓഫ് എഡ്യൂക്കേഷണൽ  പ്ലാനിംഗ് ആന്റ് അഡ്മിനിസ്‌ട്രേഷൻ മുൻ വൈസ് ചാൻസിലർ ജെ.ബി. തിലക് മുഖ്യപ്രഭാഷണം നടത്തും.വൈകീട്ട് കേരളത്തിലെ പൊതുവിദ്യാഭാസ പ്രവർത്തനങ്ങൾ വിവിധ ഏജൻസികളുടെ ഡയറക്ടർമാർ അവതരിപ്പിക്കും. വൈകുന്നേരം 7 മണിക്ക് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മഴയൊലി എന്ന പരിപാടി അരങ്ങേറും. ഏപ്രിൽ  3 ന് രാവിലെ ഫിൻലാന്റ് ഹെ സിങ്കി സർവ്വകലാശാലാ പ്രൊഫസർ ജൊന്ന കങ്കാസ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഫിൻലാന്റ് വിദ്യാഭ്യാസ മാതൃകയെ സംബന്ധിച്ച സംവാദം ഉണ്ടാകും. ഉച്ചയ്ക്കുശേഷം നടക്കുന്ന സമാപന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ  ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭാസവകുപ്പ് മന്ത്രി അധ്യക്ഷനാവും. ഒമ്പത് സെഷനുകളിലേയും മികച്ച അക്കാദമിക പേപ്പറുകൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. വിവിധ സെഷനുകളിൽ  വിദഗ്ദ്ധരായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ പണ്ഡിതർ പങ്കെടുക്കും.മൂന്ന് ദിവസങ്ങളിലായി  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 പ്രതിനിധികൾ പരിപാടിയുടെ ഭാഗമാകും. ഒമ്പത് സബ്തീമുകളിലായി നൂറ്റി എൺപത് പേപ്പറുകൾ അവതരിപ്പിക്കപ്പെടും.

സ്വന്തം ലേഖകൻ.


Author
Citizen Journalist

Fazna

No description...

You May Also Like