പിടിവിട്ട് കോവിഡ് വ്യാപനം; സൂക്ഷിച്ചില്ലെങ്കില്‍ കേരളം ദുരന്തത്തിലേക്ക്

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ നിയന്ത്രണങ്ങളില്‍ വീഴ്ച സംഭവിക്കുന്നത് കേരളത്തെ വലിയ ഒരു ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു

സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനം വലിയൊരു ദുരന്തത്തിന്റെ വക്കില്‍. രാജ്യത്തെ താരതമ്യേന ചെറിയ സംസ്ഥാനമായ കേരളം ഇന്ന് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യയിലെ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ആശുപത്രികളും കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സജ്ജമാക്കിയ കേന്ദ്രങ്ങളും രോഗികളെ കൊണ്ട് നിറയുന്ന സ്ഥിതിയിലാണ്. ഇന്നലെ സംസ്ഥാനത്ത് ഉന്നതതല യോഗം നടന്നതിനാല്‍ കോവിഡ് രോഗികളുടെ എണ്ണം നേരത്തെ സമാഹരിച്ചതായിട്ടുപോലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 4538 കേസുകളാണ്. ഇന്നലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്നെ 400 ഓളം രോഗികള്‍ കേരളത്തിലെ ഐസിയുവിലുണ്ട്. അതില്‍ തന്നെ നൂറോളം പേര്‍ വെന്റിലേറ്റര്‍ സഹായത്തിലുമാണ്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഭാരവാഹികള്‍ തന്നെ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം കേരളത്തില്‍ കോവിഡ് പരിശോധന നടത്തുന്ന 100 രോഗികളില്‍ 13 ലേറെ പേര്‍ പോസീറ്റീവ് ആകുന്നുണ്ട്. അതായത് കേരളത്തിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13.6 ശതമാനമാണ്. എന്നാല്‍ കേരളത്തേക്കാള്‍ ജനസാന്ദ്രത കൂടിയ മുംബൈയില്‍ ഇത് 12 ശതമാനമായിരുന്നു. ചെന്നൈയില്‍ പത്ത് ശതമാനുവം കൊല്‍ക്കത്തയില്‍ എട്ടുശതമാനവുമാണെന്നിരിക്കെ കേരളത്തിലെ ഉയര്‍ന്ന ടി പി ആര്‍, കോവിഡ് വ്യാപനത്തിന്റെ രൂക്ഷ സ്വഭാവമാണ് കാണിക്കുന്നത്.

രോഗമറിയാത്ത രോഗികളും കൂടുന്നു

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ രോഗമുണ്ടെന്ന് അറിയാത്ത രോഗികളുടെ എണ്ണവും സമൂഹത്തില്‍ വര്‍ധിക്കുന്നതായി ആശങ്കയുമുണ്ട്. ഈ ആശങ്ക ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ പങ്കുവെയ്ക്കുന്നുമുണ്ട്. അതിനിടെ വന്‍തോതില്‍ രോഗവ്യാപനമുള്ള നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലും കടകളിലും സാമൂഹിക അകലം പാലിക്കപ്പെടുന്നുമില്ല.

-Ad-

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങളും അതുറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും പോലീസും രംഗത്തുണ്ടായെങ്കിലും രോഗം അതിരൂക്ഷമായി വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നുമില്ല. അതേസമയം നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ട സര്‍ക്കാര്‍, സന്നദ്ധ സേവന സംവിധാനങ്ങള്‍ ദുര്‍ബലമാവുകയും ചെയ്യുന്നു.

കേരളത്തിലെ പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗവ്യാപനം കൂടുകയാണ്. പല പോലീസ് സ്‌റ്റേഷനുകളിലും പോസിറ്റീവ് കേസുകളും പ്രൈമറി കോണ്‍ടാക്റ്റുകളും ക്രമാതീതമായി ഉയര്‍ന്നതോടെ അത്യാവശ്യ സേവനത്തിന് പോലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നുവേണ്ട എല്ലായിടത്തുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം വരുന്നുണ്ട്. സമൂഹത്തിലെ രോഗികളെ പരിശോധനയിലൂടെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കിയാല്‍ മാത്രമേ വ്യാപനം കുറയ്ക്കാന്‍ സാധിക്കു. എന്നാല്‍, അവിടെയാണിപ്പോള്‍ പാളിച്ച സംഭവിച്ചിരിക്കുന്നത്.

കേരളത്തില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളുടെ വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ 3.5 ശതമാനമാണ്. ഇന്ത്യയുടെ ശരാശരിയുടെ ഇരട്ടിയാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗ വ്യാപനം കുറയുന്നതിന്റെ സൂചന കാണുമ്പോള്‍ കേരളത്തില്‍ രോഗം അതിരൂക്ഷമായി പടരുകയാണ്. എറണാകുളം, കൊല്ലം നഗരങ്ങളില്‍ ഏഴ് ദിവസത്തിനിടെ ആക്ടീവ് കേസുകളുടെ എണ്ണം ഇരട്ടിയായപ്പോള്‍ കണ്ണൂരില്‍ മൂന്ന് മടങ്ങായിരിക്കുന്നു. അതായത് കേരളം അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ പിടിയിലാണ്.

എന്തുകൊണ്ട് ഇത് സംഭവിച്ചു?

നാട്ടില്‍ ഒന്നോ രണ്ടോ പോസിറ്റീവ് കേസുകള്‍ ഉണ്ടായ നാളുകളില്‍ ഓരോ വീട്ടിലും പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരുമെത്തി കാര്യങ്ങള്‍ തിരിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ അണ്‍ലോക്കിംഗ് ആരംഭിച്ചതോടെ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങി. ലോക്ക്ഡൗണ്‍ മൂലം ഉപജീവനമാര്‍ഗ്ഗം അടഞ്ഞ പലരും ജീവിക്കാന്‍ വേണ്ടി പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു വിഭാഗം കോവിഡ് ജലദോഷപനിപോലുള്ള ഒരു അസുഖമാണെന്ന ധാരണയിലും പേടിയില്ലാതെ നടക്കാന്‍ തുടങ്ങി.

ഇതോടെ രോഗ വ്യാപനം ചെറുക്കാനുള്ള ബ്രേക്ക് ദി ചെയ്ന്‍ സംവിധാനം പൊളിഞ്ഞു. തുണിക്കടകള്‍, പലചരക്ക് കടകള്‍, മീന്‍ – മാംസക്കച്ചവട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തിരക്കേറുന്ന കാഴ്ചയാണ് സമീപ ദിവസങ്ങളില്‍ കണ്ടത്. മാത്രമല്ല, ഗുരുതര സ്വഭാവമില്ലാത്ത കോവിഡ് രോഗികള്‍ സ്വന്തം വീട്ടില്‍ ക്വാറന്റൈനില്‍ ഇരുന്നാല്‍ മതിയെന്ന നിര്‍ദേശം വന്നതോടെ ഗ്രാമീണ മേഖലയില്‍ ആ വീട്ടില്‍ നിന്നുള്ള മറ്റംഗങ്ങള്‍ നിയന്ത്രണമില്ലാതെ പുറത്തിറങ്ങാനും തുടങ്ങി.

തൊഴിലുറപ്പ് തൊഴിലാളികള്‍, മറ്റ് കൂലിവേലകള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കിടയിലെല്ലാം ഇപ്പോള്‍ രോഗവ്യാപനം കൂടുതലാണ്. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കിടയിലും കോവിഡ് വ്യാപനമുണ്ട്. ഇതില്‍ പലതിന്റെയും ഉറവിടം പോലും അറിയില്ലെന്നതാണ് ഏറ്റവും ഭീതിജനകമായ കാര്യം.

ഇനി എന്ത് ചെയ്യും?

കേരളത്തില്‍ ഇനിയൊരു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. പക്ഷേ രോഗവ്യാപന ഇതുപോലെ തുടര്‍ന്നാല്‍ നാം ശക്തമെന്ന് കരുതുന്ന ആരോഗ്യസംവിധാനം ശിഥിലമാകും. ഇപ്പോള്‍ തന്നെ ആശുപത്രി കിടക്കകള്‍ മുതല്‍ പലതിനും ക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. സാമൂഹിക അകലം കര്‍ശനമായി പാലിക്കാതെ രോഗ വ്യാപനത്തിന്റെ ചങ്ങല തകര്‍ക്കാന്‍ സാധിക്കില്ല. ഇത് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല.

കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ ജനങ്ങള്‍ പുലര്‍ത്തിയ ഭയം കലര്‍ന്ന ജാഗ്രത തുടര്‍ന്നേ മതിയാകൂ. രോഗത്തെ ഭയക്കുക തന്നെ വേണം. ചെറുപ്പക്കാര്‍ക്ക് രോഗം വന്നുപോയാല്‍ പ്രശ്‌നമില്ലെന്ന ധാരണയുണ്ട്. അത് ശരിയല്ല. അവര്‍ മൂലം മുതിര്‍ന്നവര്‍ക്ക് അസുഖം വന്നാല്‍, അവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ മരണ സംഖ്യ കുത്തനെ ഉയരും. ഇറ്റലിയിലും മറ്റും നാം കണ്ടതുപോലെ മൃതശരീരങ്ങള്‍ ഇവിടെയും വീഴും. കേരളത്തില്‍ അത് സംഭവിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുന്ന ഘടകങ്ങളില്ല.

ചിക്കന്‍പോക്‌സ് പോലയോ മറ്റോ കോവിഡ് ഒരുവട്ടം വന്നാല്‍ രോഗപ്രതിരോധ ശേഷി ആര്‍ജ്ജിക്കുമെന്നും പിന്നീട് വരില്ലെന്നും പറയുന്നതും തെറ്റാണ്. പലര്‍ക്കും രണ്ടും മൂന്നും വട്ടം കോവിഡ് വരുന്നുണ്ട്. അത്തരം ഘട്ടങ്ങളില്‍ കോവിഡ് മാരകമാകുന്നുമുണ്ട്. അതുകൊണ്ട് ജാഗ്രത മാത്രമല്ല ഭയവും ഈ ഘട്ടത്തില്‍ വേണ്ടിയിരിക്കുന്നു.

താന്‍ മൂലം മറ്റൊരാള്‍ക്ക് കോവിഡ് വരാന്‍ പാടില്ലെന്ന ഉത്തരവാദിത്ത ബോധം ഓരോ വ്യക്തിക്കും വേണം. അനാവശ്യയാത്രകള്‍ ഒഴിവാക്കുക. കൈകള്‍ കഴുകുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും സ്വന്തം ഉത്തരവാദിത്തമാക്കുക. വീടുകള്‍ക്കുള്ളില്‍ പോലും സാമൂഹിക അകലം നിര്‍ബന്ധമാക്കുക.

സര്‍ക്കാര്‍ പറയുന്നത് പോലെ ജീവന്റെ വിലയുള്ള ജാഗ്രതയാണ് ഇനി വേണ്ടത്. അല്ലെങ്കില്‍ കേരളം ഇതുവരെ അഭിമുഖീകരിക്കാത്ത ദുരന്തം കാണേണ്ടിവരും. 

Dhanam online


Author
ChiefEditor

enmalayalam

No description...

You May Also Like