"നാട്ടിൽ എവിടെയാ?"
- Posted on November 02, 2023
- Localnews
- By Dency Dominic
- 147 Views
ആൾതാമസമില്ലാത്ത വീടുകളും, വയോധികർ മാത്രം താമസിക്കുന്ന വീടുകളും കൂടി വരികയാണ്
ചന്ദ്രനിലും ചായക്കടയിടാൻ ധൈര്യമുള്ള, തേങ്ങ അരച്ച കറിയും, വെളിച്ചെണ്ണ തേച്ചൊരു കുളിയും മുടക്കാത്ത മലയാളികൾ, പക്ഷെ ഇപ്പോൾ കേരളത്തിലുള്ളതിനേക്കാൾ കൂടുതൽ പുറംനാടുകളിലാണ്. 1972 കാലഘട്ടത്തിലാണ് കേരളത്തിൽ നിന്നും ആളുകൾ, ഗൾഫ് നാടുകളിലേയ്ക് കുടിയേറ്റം നടത്തുന്നത്. ഒരു വലിയ ശതമാനം ആളുകൾ ഗൾഫ് നാടുകളിലേയ്ക്ക് കുടിയേറിയ ഈ പ്രതിഭാസത്തെ 'ഗൾഫ് ബൂം' എന്നാണറിയപ്പെടുന്നത്. ഇന്നും അന്യനാടുകളിലേയ്ക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണത്തിൽ കുറവില്ല. ആൾതാമസമില്ലാത്ത വീടുകളും, വയോധികർ മാത്രം താമസിക്കുന്ന വീടുകളും കൂടി വരികയാണ്. കേരളത്തിലെ യുവാക്കൾ സ്വപ്നങ്ങൾ പേറി അന്യനാടുകളിലേയ്ക്ക് പലായനം ചെയ്യുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പലയാവർത്തി നടത്തിയിട്ടും പരിഹാരങ്ങൾ ഒന്നുമുണ്ടായിട്ടില്ല.
ജോലിക്ക് വേണ്ടിയും, ഉന്നത വിദ്യാഭാസത്തിന് വേണ്ടിയും വിദേശത്തേയ്ക്ക്, യുവാക്കളെ കുടിയേറാൻ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വ്യക്തിസ്വാതന്ത്ര്യം, മെച്ചപ്പെട്ട ജീവിതനിലവാരം, സാമൂഹിക സുരക്ഷ, ജോലിയോടുള്ള ആദരവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അഭ്യസ്തവിദ്യർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലിയോ ശമ്പളമോ ലഭിക്കാത്തതും, വിദ്യാഭ്യാസ മേഖലയിലെ കാര്യക്ഷമതയില്ലായ്മയും യുവാക്കളെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്നു. രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള വ്യവസ്ഥിതിയോടുള്ള നിരാശയും രോഷവും യുവാക്കളെ ഇന്ത്യ വിടാൻ കാരണമാകുന്നുണ്ട്. ഈ അവസ്ഥ ഇനിയും തുടർന്നാൽ കേരളം ഒരു വൃദ്ധസദനമാകും.