വെല്ലുവിളികള്‍ക്കെതിരെ സാഹിത്യത്തെ ആയുധമാക്കുക: മന്ത്രി സജി ചെറിയാന്‍.


സാഹിത്യം കേവലം ആസ്വാദനത്തിനുള്ള ഉപാധി മാത്രമല്ല, അത് സാമൂഹിക വിമർശനത്തിനുള്ള മൂർച്ചയേറിയ ആയുധം കൂടിയാണെന്നും ജനാധിപത്യമൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ അതിനെതിരെ സാഹിത്യത്തെ ആയുധമാക്കണമെന്നും സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍. സാഹിത്യ അക്കാദമിയുടെ 69-ാം വാർഷികാഘോഷവും 2024-ലെ പുരസ്കാരങ്ങളുടെ സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയും അസഹിഷ്ണുതയും ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന സങ്കീർണ്ണമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.  ഈ സാഹചര്യത്തിൽ, സത്യം നിർഭയമായി വിളിച്ചുപറയാനും മാനവികതയുടെയും മതേതരത്വത്തിന്റെയും പക്ഷത്തുനിന്നു സംസാരിക്കാനും എഴുത്തുകാർക്കു വലിയ ഉത്തരവാദിത്തമുണ്ട്. എഴുത്തുകാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പവും നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും ഈ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ യുഗത്തിലെ വായനാരീതിയുടെ മാറ്റങ്ങൾ, യുവതലമുറയെ സാഹിത്യത്തിലേക്ക് ആകർഷിക്കൽ, ആഗോള സാഹിത്യവുമായുള്ള നിരന്തര സംവാദം എന്നിവയെല്ലാം നാം ഗൗരവമായി കാണണം. ഈ വെല്ലുവിളികളെ അതിജീവിച്ച്, മലയാള സാഹിത്യത്തെ ലോക ഭൂപടത്തിൽ കൂടുതൽ ശക്തമായി അടയാളപ്പെടുത്താൻ വരും വർഷങ്ങളിലും അക്കാദമിക്കു സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു.



വരും തലമുറ മലയാളത്തെ ഉപേക്ഷിക്കുമോ എന്ന ഉത്കണ്ഠ ശമിച്ചിട്ടില്ലാത്ത കാലമാണിതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ പറഞ്ഞു. ഉപരിപഠനം, വിദേശജോലി, നവമാധ്യമങ്ങളുടെ ഇടപെടലുകള്‍, മറ്റു ഭാഷാവ്യവഹാരങ്ങള്‍ തുടങ്ങിയവയിലൂടെ ഭാഷയുടെ അനേക വിതാനങ്ങള്‍ മറയുമ്പോള്‍ മലയാളഭാഷ മരിച്ചുകൊണ്ടിരിക്കുകയാണ്. ഭാഷയെ വീണ്ടെടുക്കുക എന്നതാണ് എഴുത്തുകാരുടെ പ്രാഥമികധര്‍മ്മം. ഹിംസയുടെ വിവിധ രൂപങ്ങള്‍ക്കെതിരായ പ്രതിരോധം തീര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും ആഗോളീകരണമാണ് ഈ കാലത്തെ ഏറ്റവും വലിയ ഹിംസയെന്നും അദ്ദേഹം പറഞ്ഞു. സ്തുതിപാഠകരെ മാത്രം നിലനിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പല തരത്തിലുള്ള ആധിപത്യങ്ങളുടെ കാലമാണിത്. നീതിബോധത്തിന്റെയും ലാവണ്യത്തിന്റെയും സമന്വയമാണ് സാഹിത്യത്തിന്റെ ധര്‍മ്മമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


വിശിഷ്ടാംഗത്വം, സമഗ്ര സംഭാവന പുരസ്കാര ജേതാക്കള്‍ക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്ന ആദ്യ സെഷനില്‍ പി. ബാലചന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. അക്കാദമി നിർവാഹക സമിതി അംഗം ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തി. അക്കാദമി നിർവാഹക സമിതി അംഗം  എം.കെ. മനോഹരൻ പ്രശസ്തിപത്രം വായിച്ചു.  വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, നിർവാഹക സമിതി അംഗം വി.എസ്. ബിന്ദു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി സി.പി. അബൂബക്കർ സ്വാഗതവും മാനേജർ പി.കെ. മിനി നന്ദിയും പറഞ്ഞു.


സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ‘ഭാഷയിലെ ഭാഷകൾ’ എന്ന വിഷയത്തിൽ ഡോ. കാവുമ്പായി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ  സംവാദം നടന്നു. അക്കാദമി ജനറൽ കൗൺസിൽ അംഗം എൻ. രാജൻ സ്വാഗതവും  പബ്ലിക്കേഷൻസ് ഓഫീസർ എൻ.ജി. നയനതാര നന്ദിയും പറഞ്ഞു.  വൈകീട്ട് 3.30-ന് അക്കാദമി അവാർഡുകളുടെയും എൻഡോവ്മെന്റ് അവാർഡുകളുടെയും സമർപ്പണം നടന്നു. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സച്ചിദാനന്ദൻ പുരസ്കാരസമർപ്പണം നിർവഹിച്ചു. അക്കാദമി ജനറൽ കൗൺസിൽ അംഗം ഇ.പി. രാജഗോപാലൻ അക്കാദമി അവാർഡ് ജേതാക്കളെയും ഡോ. ആര്‍. ശ്രീലതാവർമ്മ എൻഡോവ്മെന്റ് അവാർഡ് ജേതാക്കളെയും പരിചയപ്പെടുത്തി. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍, നിർവാഹക സമിതി അംഗം കെ.പി. രാമനുണ്ണി, ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. സി. രാവുണ്ണി, വിജയരാജമല്ലിക, പ്രോഗ്രാം കോഡിനേറ്റർ കെ.എസ്. സുനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like