ജീനോമിക് ഡാറ്റാ സെന്റര്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കരുത്ത് പകരും: മുഖ്യമന്ത്രി

തിരുവനന്തപുരം: കെ-ഡിസ്‌ക് വിഭാവനം ചെയ്ത ജീനോമിക് ഡാറ്റാ സെന്റര്‍, മൈക്രോബയോം മികവിന്റെ കേന്ദ്രം എന്നീ പദ്ധതികള്‍ കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വന്‍മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന കെ-ഡിസ്‌ക്  ഇന്നവേഷന്‍ ദിനാചരണത്തില്‍ കേരള ജീനോം ഡേറ്റ സെന്റര്‍, മെക്രോബയോം മികവിന്റെ കേന്ദ്രം, എന്നീ പദ്ധതികളുടെ ആരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  മെഡിക്കല്‍ ഗവേഷണ രംഗത്തും ആരോഗ്യ പരിരക്ഷ രംഗത്തും സുപ്രധാന പങ്കുവഹിക്കാന്‍ കേരള ജീനോം ഡാറ്റാ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന് സാധിക്കും.

 രോഗ പ്രതിരോധത്തിനും ചികിത്സ ലഭ്യമാക്കുന്നതിനും പുതിയ ചികിത്സാ രീതികള്‍ അവലംബിക്കുന്നതിനുമുള്ള സാധ്യത തുറന്നു തരുന്ന ശാസ്ത്ര മേഖലയാണ് ജീനോമിക്‌സ്. മെഡിക്കല്‍ ഗവേഷണത്തിലും പരിശീലനത്തിനുമുള്ള സാമ്പ്രദായിക സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വരുംകാല ചികിത്സാ രീതികള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുന്നതിനും ജീനോമിക്‌സ് സഹായകമാകുമെന്നും അതിനുള്ള കേരളത്തിന്റെ ചുവടുവെപ്പായി ജീനോമിക് ഡാറ്റാ സെന്റര്‍ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂതന ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യത്തിന് വഴികാട്ടാന്‍ കേരളത്തെ പ്രാപ്തമാക്കുന്ന പദ്ധതിയായി ജീനോം ഡാറ്റാ സെന്റര്‍ മാറും. പ്രാഥമിക മേഖലയിലെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുവാനും  പുതിയ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഗവേഷണ സ്ഥാപനങ്ങള്‍, ബയോടെക് കമ്പനികള്‍ എന്നിവയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും പുതിയ സെന്റര്‍ സഹായകമാകും. കേരള ജീനോം ഡാറ്റാ സെന്റര്‍ രൂപീകരിക്കുന്നതിലൂടെ ജനിതകവിവരങ്ങള്‍  വിശകലനം  ചെയ്തുകൊണ്ട്  ആരോഗ്യം, കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളില്‍  സുപ്രധാന പങ്ക് വഹിക്കാന്‍ സംസ്ഥാനത്തിന് സാധിക്കും.

 ആരോഗ്യ സംരക്ഷണം,  കൃഷി, പരിസ്ഥിതി ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ നവീകരണത്തിന് വഴിയൊരുക്കുവാന്‍ പുതിയ പദ്ധതിയിലൂടെ കേരളത്തിന് കഴിയും. ആദ്യഘട്ടത്തില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സസ്യങ്ങള്‍, മൃഗങ്ങള്‍, സൂക്ഷ്മജീവികള്‍ എന്നിവയുടെ ജീനുകള്‍ കേന്ദ്രീകരിച്ചാകും നടക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഞ്ച് വര്‍ഷം കൊണ്ട് 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ഗവേഷണ രംഗത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ച മേഖലയാണ് മൈക്രോബയോം. വര്‍ദ്ധിച്ചുവരുന്ന രോഗങ്ങളും വാര്‍ദ്ധക്യകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മെക്രോബയോമിന് സാധിക്കും.  ആരോഗ്യ മുന്നേറ്റത്തിന് ഉതകുന്ന വലിയ ജ്ഞാന ശാഖയാണ് മെക്രോബയോം റിസര്‍ച്ച്. വ്യവസായ രംഗത്തും മെക്രോബയോം ഇന്‍ഡസ്ട്രി എന്ന പേരില്‍ പുതിയ സാധ്യതള്‍ ഉയര്‍ന്നു വരികയാണ്. ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് സര്‍ക്കാര്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത്. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കരുത്ത് പകരുന്നതാണ് മെക്രോബയോം മികവിന്റെ കേന്ദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ജിഎസ്ടി വകുപ്പിന്റെ  പൗര സംതൃപ്തി സര്‍വെ പ്രവര്‍ത്തന സജ്ജമായതായും മുഖ്യമന്ത്രി അറിയിച്ചു. ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ഒരു ആശയം പ്രോഗ്രാം വിജയികള്‍ക്കുള്ള പുരസ്‌കാരവും മുഖ്യമന്ത്രി സമ്മാനിച്ചു.

യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം ജേതാക്കള്‍ക്കുള്ള പുരസ്‌കാര വിതരണവും സൈ ജീനോം റിസേര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാം സന്തോഷ്, ഡോ. അമിതാഭ ചൗധരി എന്നിവര്‍ ചേര്‍ന്ന് രചിച്ചകേരള ജീനോം ഡേറ്റാ സെന്റര്‍ പദ്ധതി വിശദീകരണ പുസ്തകത്തിന്റെ പ്രകാശനവും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വ്വഹിച്ചു.

യോഗത്തില്‍ വി.കെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍,  കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍, കെ- ഡിസ്‌ക് മാനേജ്‌മെന്റ് സര്‍വ്വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സജിത പി.പി എന്നിവര്‍ പങ്കെടുത്തു.


സ്വന്തം ലേഖകൻ 

Author
Citizen Journalist

Goutham Krishna

No description...

You May Also Like