പിച്ചവയ്ക്കുന്നു, സിംഹക്കൂട്ടിലെ കുഞ്ഞിക്കാലുകൾ.
- Posted on February 25, 2026
- News
- By Goutham prakash
- 46 Views
തിരുവനന്തപുരം : മുലപ്പാലില്ലാത്ത നാളുകൾ, ശ്വാസം മുറിഞ്ഞ നിമിഷങ്ങൾ, ഇടയ്ക്ക് നിലച്ചുപോകുമെന്ന് ഭയപ്പെടുത്തിയ ഹൃദയമിടിപ്പ്... എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തിരുവനന്തപുരം മൃഗശാലയിലെ കുട്ടിസിംഹങ്ങൾ പിച്ചവച്ചു തുടങ്ങി. നൈല–ലിയോ എന്നീ സിംഹങ്ങൾക്ക് ജനുവരി 21-ന് ജനിച്ച രണ്ട് കുഞ്ഞുങ്ങളാണ് മൃഗശാല ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കരുതലിൽ പുതുജീവൻ നേടിയെടുത്തത്. കഴിഞ്ഞ പ്രസവത്തിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട നൈലയ്ക്ക് ഇത്തവണയും ബുദ്ധിമുട്ടായിരുന്നു.
പ്രസവത്തിന് സാധാരണയിൽ കൂടുതൽ സമയം എടുത്തതിനാൽ മൂന്ന് കുഞ്ഞുങ്ങളിൽ ഒരാളെ തുടക്കത്തിലേ നഷ്ടമായി. ശേഷിച്ച രണ്ട് കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരമായതോടെ വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ജിജോ, നഹാസ്, അനിമൽ കീപ്പർ അനിൽ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് ചികിത്സ ആരംഭിച്ചു. കുഞ്ഞുങ്ങൾ അതിജീവിക്കുമോ എന്ന സംശയമുണ്ടായിരുന്നതിനാൽ നൈലയുടെ പ്രസവവും കുഞ്ഞുങ്ങളുടെ പരിചരണവും അധികൃതർ പരസ്യപ്പെടുത്തിയിരുന്നില്ല.
ആദ്യത്തെ 10 ദിവസം കണ്ണുതുറക്കാതിരുന്ന കുഞ്ഞുങ്ങളെ ഇൻക്യൂബേറ്ററിലായിരുന്നു പരിപാലിച്ചിരുന്നത്. ഇതിനിടയിൽ പെൺകുഞ്ഞിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായെങ്കിലും സംഘത്തിന്റെ 24 മണിക്കൂർ നീണ്ട പരിശ്രമം ഫലം കണ്ടു. ഫ്രഞ്ച് ബ്രാൻഡായ റോയൽ കാനിൻ പാൽപ്പൊടി നൽകിത്തുടങ്ങിയതോടെ കുഞ്ഞുങ്ങൾ ആരോഗ്യം വീണ്ടെടുത്തു. ജനിച്ചപ്പോൾ 1.850 കിലോ ഉണ്ടായിരുന്ന ആൺകുഞ്ഞ് ഇപ്പോൾ 3.150 കിലോയായും 1.650 കിലോ ഉണ്ടായിരുന്ന പെൺകുഞ്ഞ് 2.850 കിലോയായും ഭാരം കൂടി.
"ഏറ്റവും അപകടകരമായ ആദ്യ 30 ദിവസങ്ങൾ പിന്നിട്ടതായും ഇനിയും കടമ്പകൾ ബാക്കിയുണ്ടെന്നും മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി പറഞ്ഞു. ആശുപത്രിയിലെ നഴ്സറിയിൽ കഴിയുന്ന കുഞ്ഞുങ്ങൾ സ്വന്തമായി ഇറച്ചി കഴിച്ചു തുടങ്ങുന്നതോടെ (ഏകദേശം മൂന്ന് മാസത്തിനുശേഷം) തുറന്ന കൂടുകളിലേക്ക് മാറ്റും. അതിനുശേഷമായിരിക്കും കുഞ്ഞുങ്ങൾക്ക് പേരിടുകയെന്നും അവർ അറിയിച്ചു."
