തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി സർക്കാർ അട്ടിമറിച്ചു - കെ സി ജോസഫ്.
തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടി ബജറ്റിൽ നീക്കിവെച്ച തുകയുടെ മൂന്നാം ഗഡുവിന്റെ ഭാഗമായ 1251 കോടി രൂപ സാമ്പത്തിക വർഷം അവസാനിക്കാൻ അഞ്ചു ദിവസം മാത്രം ഉള്ളപ്പോഴും കൈമാറ്റം ചെയ്യാതെ പദ്ധതിയെത്തന്നെ പിണറായി സർക്കാർ അട്ടിമറിച്ചുവെന്ന് മുൻ ഗ്രാമ വികസന വകുപ്പ് മന്ത്രി കെ സി ജോസഫ് കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി മൂലം അര ലക്ഷം രൂപക്ക് മേലുള്ള എല്ലാ ബില്ലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പണി പൂർത്തിയാക്കി ബില്ലുകൾ സമർപ്പിച്ചിട്ടും പണം നൽകാൻ കഴിയാത്ത ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം എത്തി നിൽക്കുന്നത്.തന്മൂലം പ്രവർത്തി ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ല . നടപ്പുവർഷം ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 7488 കോടി രൂപയാണ് ബജറ്റിൽ പദ്ധതി പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിരിക്കുന്നത്. മൂന്നു ഗഡുക്കളായിട്ടാണ് ഈ പണം നൽകേണ്ടത്. ഇതിൽ രണ്ടു ഗഡുക്കൾ നൽകിക്കഴിഞ്ഞു. മൂന്നാം ഗഡുവായ 1876 കോടി രൂപ ജനുവരി മാസത്തോടു കൂടിയാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറേണ്ടത്. മാർച്ച് 27 ആയിട്ടും മൂന്നാം ഗഡുവിന്റെ ഭാഗമായ 1251 കോടി രൂപ റിലീസ് ചെയ്തിട്ടില്ല. തുക നൽകാൻ ധനവകുപ്പിനോട് ആവശ്യപ്പെട്ടുവെന്ന് മാത്രം പറഞ്ഞു തദ്ദേശവകുപ്പ് മന്ത്രിയും കൈ കഴുകുകയാണ് .സ്പിൽ ഓവറായി ഈ തുക വകമാറ്റാനാണ് സർക്കാറിന്റെ ഉദ്ദേശമെന്നു വ്യക്തമാണ് .ഫലത്തിൽ നടപ്പു സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും ഈ തുക അടുത്ത വർഷത്തെ ചെലവിൽപ്പെടുത്തി മാറ്റും.തന്മൂലം ഈ വർഷത്തെ പദ്ധതി പ്രവർത്തനം പൂർത്തീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയാതെ വരുകയും അടുത്ത വർഷം പദ്ധതി വിഹിതത്തിൽ കുറവ് വരികയും ചെയ്യും .ഇത് സാമ്പത്തിക മാനേജ്മെന്റിന്റെ പരാജയത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് കെ സി ജോസഫ് പറഞ്ഞു.
സ്വന്തം ലേഖകൻ.