*വനം വന്യജീവി സംഘർഷം കുറയ്ക്കാൻ വിവിധ റേഞ്ചുകളിൽ തീവ്ര യജ്ഞം*

തിരുവനന്തപുരം: കേരളത്തിലെ വനാതിർത്തികളിൽ ജീവിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുമായി വനം വകുപ്പ് ആവിഷ്കരിച്ച നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിവിധ ഫോറസ്റ്റ് ഡിവിഷനുകളിൽ തീവ്ര യജ്ഞ പരിപാടികൾ ആരംഭിച്ചു. മനുഷ്യ-വന്യ ജീവി സംഘർഷം കുറയ്ക്കുന്നതിനായി പുതുതായി 100 കി.മി. സോളാർ ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. പാലക്കാട് നെമ്മാറ വനം ഡിവിഷൻ ആലത്തൂർ താലൂക്കിൽ വനാതിർത്തിയിൽ 4 കി.മി ഫെൻസിംഗ് ഈ ആഴ്ച പൂർത്തീകരിക്കും. നിലവിലുള്ള രണ്ടായിരത്തോളം കിലോമീറ്റർ  വേലികളുടെ അറ്റകുറ്റപ്പണികളും ആരംഭിച്ചു. ആലത്തൂർ റേഞ്ചിലെ മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള വനാതിർത്തികളിൽ 17.9 കിലോ മീറ്റർ  സോളാർ ഫെൻസിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടുണ്ട്.  

ഇതിൻ്റെ  സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുന്നതിന്  സ്റ്റേഷൻ സ്റ്റാഫുകൾ, വാച്ചർമാർ, പ്രദേശവാസികൾ, കർഷകർ, യുവജന സംഘടനകൾ, എൻജിഒകൾ എന്നിവരുടെ സഹകരണത്തോടെ  ഒരു മാസം നീണ്ടുനിൽക്കുന്ന സ്പെഷ്യൽ മൺസൂൺ ഡ്രൈവാണ്  ആരംഭിച്ചിട്ടുള്ളത്. വയനാട് ഡിവിഷനിലും പുതിയ ഫെൻസിംഗ് നിർമ്മാണം തുടങ്ങി. 


 നഷ്ടപരിഹാര വിതരണം കാര്യക്ഷമമാക്കുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. വനപാതകളിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി 100 കിലോമീറ്റർ നീളത്തിൽ അടിക്കാട് തെളിക്കുന്ന 'വിസ്ത ക്ലിയറൻസ്' പദ്ധതിക്കും തുടക്കമായി.


 പാമ്പുകളെ റെസ്ക്യൂ ചെയ്യുന്ന 'സർപ്പ' പദ്ധതിയുടെ രണ്ടാം ഘട്ടവും  ആരംഭിച്ചു.  നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി

  സർപ്പ ആപ്പ് കൂടുതൽ ഉപഭോക്തൃ സൗഹൃദമായിട്ടുണ്ട്. പാമ്പിനെ കണ്ടെത്തിയാൽ ഉടൻ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാൻ കഴിയും.  പാമ്പുകടിയേറ്റാൽ ഉടൻ എത്തേണ്ട ആശുപത്രികളുടെ പട്ടികയും ആപ്പിൽ പുതുക്കി നൽകിയിട്ടുണ്ട്. സർപ്പ രണ്ടാം ഘട്ട ഡ്രൈവിൻ്റെ ഭാഗമായി തെന്മല, പാലക്കാട്, കോന്നി, പുനലൂർ, മൂന്നാർ ഡിവിഷനുകളിലെ വനാതിർത്തിയിലെ ജനവാസ മേഖലയിൽ നിന്ന് പെരുമ്പാമ്പ് 7, മൂർഖൻ - 2, മറ്റിനങ്ങൾ - 3 എന്നിങ്ങനെ റെസ്ക്യൂ ചെയ്ത് വനത്തിൽ തുറന്നു വിട്ടിട്ടുണ്ട്.  


കാട്ടുപന്നി, നാടൻ കുരങ്ങ് എന്നിവയുടെ ശല്യം നിയന്ത്രിക്കുന്നതിന് നിയമപരമായ ഭേദഗതികൾക്കായി കേന്ദ്ര സർക്കാരിന് നൽകാൻ പുതുക്കിയ പ്രൊപ്പോസൽ തയ്യാറാക്കി വരുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like