കൊച്ചിയെ അടുത്തറിഞ്ഞ് ബിനാലെയിൽ പൈതൃക, കല പദയാത്ര.

കൊച്ചി: ബിനാലെയുടെ ഭാഗമായി കൊച്ചിയുടെ ചരിത്രവും സംസ്‌കാര വൈവിധ്യവും പൗരാണിക വാസ്‌തുവിദ്യയും ആരാഞ്ഞു നടത്തിയ പൈതൃക, കല പദയാത്ര വിവിധ ദേശങ്ങളിൽ നിന്നുള്ളവർ പങ്കാളികളായി. സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച മുൻസിപ്പാലിറ്റിയായ മട്ടാഞ്ചേരിയിലെ സിനഗോഗിൽ നിന്നാരംഭിച്ച പദയാത്ര കേരളത്തിലെ ആദ്യ യൂറോപ്യൻ ടൗൺഷിപ്പെന്ന് അറിയപ്പെടുന്ന ഫോർട്ട്കൊച്ചിയിലെ വാസ്കോ സ്‌ക്വയറിൽ സമാപിച്ചു. ജൈൻ ക്ഷേത്രമുൾപ്പെടെ ചരിത്രപപ്രധാന ആരാധനാലയങ്ങൾ, വിവിധ സമൂഹങ്ങളുടെ കോളനികൾ, തെരുവുകൾ, വാണിജ്യകേന്ദ്രങ്ങൾ, പണ്ടകശാലകൾ, പുരാതന ശിൽപ വസ്‌തുവിദ്യ മിഴിവേകുന്ന കെട്ടിടങ്ങൾ തുടങ്ങി മൊത്തം 25 കേന്ദ്രങ്ങളിൽ സംഘം കാൽനടയായി എത്തി. രാജ ഭരണചരിത്രം, കൽവത്തി തുടങ്ങിയ സ്ഥലപ്പേരുകളുടെ വ്യുത്പത്തി എന്നിവയെല്ലാം പദയാത്ര ക്യൂറേറ്റ് ചെയ്‌ത ആർക്കിടെക്റ്റും ഗവേഷകയുമായ അസ്‌ന പർവീൺ വിശദീകരിച്ചു. നഗരവും തനത് സംസ്‌കാരവും പരുവപ്പെട്ടത് എങ്ങനെയെന്നും ചരിത്രപശ്ചാത്തലത്തിൽ അവർ വിവരിച്ചു. ബിനാലെ പോലൊരു കല, സംസ്‌കാര സംഗമമേളയ്ക്ക് വേദിയാകാൻ കൊച്ചി പോലിരിടം അത്യപൂർവ്വമാണെന്ന് യാത്രയിൽ പങ്കെടുത്തവർ ആസ്‌പിൻവാൾ ഹൗസിൽ പ്രതികരിച്ചു. ബിനാലെ ഫൗണ്ടേഷനും കോ എർത്ത് ഫൗണ്ടേഷനും ചേർന്നാണ് യാത്ര സംഘടിപ്പിച്ചത്. ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ഫിനാൻസ് സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറും ഇ - ഹെൽത്ത് പ്രോജക്‌ട് ഡയറക്‌ടറുമായ മുഹമ്മദ് വൈ സഫീറുള്ള എന്നിവർ ബിനാലെ സന്ദർശിക്കാനെത്തി. കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജേർണലിസം വിദ്യാർഥികൾ മുതിർന്ന ഫോട്ടോഗ്രാഫർ പി മുസ്‌തഫയുടെ നേതൃത്വത്തിൽ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയുമായി ആസ്‌പിൻവാൾ ഹൗസിൽ സംവദിച്ചു.
സ്വന്തം ലേഖകൻ.