വൗ വീക്കിൽ പുതുതലമുറയിലെ വനിതാ ചേഞ്ജ് മേക്കേഴ്സിനെ ആദരിച്ച് ക്രാഫ്റ്റ്സ് വില്ലേജ്

  • Posted on March 09, 2023
  • News
  • By Fazna
  • 165 Views

കോവളം: മാറ്റത്തിനു വഴികാട്ടുന്ന വിവിധമേഖലകളിൽനിന്നുള്ള യുവതികളെ ആദരിച്ചുകൊണ്ട് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൻ്റെ വേൾഡ് ഓഫ് വിമൻ വീക്കിന് ഔപചാരിക ഉദ്ഘാടനം. വില്ലേജിൻ്റെ വനിതാവാരാഘോഷമായി മാർച്ച് 6 മുതൽ 12 വരെ വൈവിദ്ധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുന്ന വൗ വീക്ക് ലോകവനിതാദിനത്തിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വിവിധതുറകളിൽ മാറ്റങ്ങൾ കൊണ്ടുവരികയും മികച്ച സംഭാവനകൾ നല്കുകയും ചെയ്ത 14 ‘ചെയിഞ്ജ് മേക്കേഴ്സി’നെയാണ് ചടങ്ങിൽ ആദരിച്ചത്. ഡിഐജി ആർ. നിശാന്തിനിയും എസ്എഫ്എസ് ഹോംബ്രിഡ്ജ് ഹോടൽ ആൻഡ് സ്വീറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്റ്റർ അദ്വൈത ശ്രീകാന്ത് എന്നിവരും മുഖ്യാതിഥികളായി. ചടങ്ങിൽ ‘ഹ്യൂമൻസ് ഓഫ് കേരള’ സ്ഥാപകൻ രാഹുൽ റോയി, ക്രാഫ്റ്റ്സ് വില്ലേജ് സിഒഒ ശ്രീപ്രസാദ്, ബിസിനസ് ഡിവിഷൻ മാനേജർ സതീശ് എന്നിവർ ആശംസ നേർന്നു. വീൽ ചെയറിൽ ജീവിച്ച് ലോകറെക്കോഡ് കരസ്ഥമാക്കിയ ഇൻഡ്യയിലെ ആദ്യ വീൽച്ചെയർ നാടകാഭിനേത്രിയും ജോഷ് ടോക്ക് ആൻഡ് മോട്ടിവേഷണൽ സ്പീക്കറുമായ അഞ്ജുറാണി റോയി ആദരം ഏറ്റുവാങ്ങിയപ്പോൾ സദസ് ഉള്ളുനിറഞ്ഞു കരഘോഷം മുഴക്കി. സാമൂഹികപ്രവർത്തനമേഖലയിലെ മികവിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങിയ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അംഗമായ സ്നേഹ പടയനെ വിശിഷ്ടാതിഥിയായ മന്ത്രി സ്വന്തം ശിഷ്യ എന്നു സ്നേഹവായ്പോടെ പരിചയപ്പെടുത്തിയതും സദസ്സു സ്വീകരിച്ചതു കയ്യടിയോടെ. കോവിഡ്ക്കാലത്ത് ആരോഗ്യപ്രവർത്തകരെ അണുബാധയിൽനിന്നു രക്ഷിച്ച് ആരോഗ്യപ്രവർത്തകർക്കു ക്ഷാമമുണ്ടാകാതെ കാത്ത ഹോസ്പിറ്റൽ ഇൻഫെക്ഷൻ കണ്ട്രോൾ നഴ്സായ സൂസൻ ചാക്കോയ്ക്കും സദസ് സ്നേഹം ചൊരിഞ്ഞു. വീൽ ചെയറിൽ കഴിഞ്ഞുകൊണ്ട് ജീവകാരുണ്യപ്രവർത്തനവും ധനശേഖരണവും നടത്തുകവഴി സമൂഹമാദ്ധ്യമങ്ങളിൽ സുപരിചിതയായ ഡോ. ഫാത്തിമ അൽസയ്ക്കുവേണ്ടി അമ്മയാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്. ഇടുക്കിയിലെ കർഷകർക്കു ലോകവിപണി കണ്ടെത്താൻ ‘ഗ്രാമ്യ’ എന്ന സാമൂഹികസംരംഭത്തിലൂടെ ശ്രമിക്കുന്ന അന്നു സണ്ണി, പഠനത്തിൽ പലതലങ്ങളിലുള്ള ബുദ്ധിമുട്ടുകൾ നീക്കാൻ ‘ഇവോൾവേഴ്സ്’ എന്ന ന്യൂ ഏജ് ഫിനിഷിങ് സ്കൂൾ നടത്തുന്ന ശ്രീജ മുകുന്ദനും ‘സ്പെയർ’ എന്ന വ്യക്തിത്വവികസനപരിപാടി നടപ്പാക്കുന്ന ഹേമ ഗോപാലകൃഷ്ണനും, മാദ്ധ്യമപുരസ്ക്കാരം നേടിയ അന്താരാഷ്ട്ര മൈൻഡ് പവർ ട്രയിനറും ജിസി കോച്ചും ജേണലിസ്റ്റും എഴുത്തുകാരിയും ഒക്കെയായ ജിൽവ ജാൻസൺ, ‘യുവേഴ്സ് മൈൻഡ്ഫുളി’ എന്ന മാനസികാരോഗ്യവേദിയുടെ സ്ഥാപകയായ ഏറ്റവും പ്രായം കുറഞ്ഞ ചേയ്ഞ്ജ് മേക്കർ അവാർഡ് ജേതാവായ അനഘ രാജേഷ്, മികച്ച ആർക്കിടെക്റ്റായ അമൃത കിഷോർ, ചെറുകിടസംരംഭകരെ സംഘടിപ്പിക്കുന്ന ‘വൺ ലിറ്റിൽ ഏർത്ത്’ എന്ന സ്ഥാപനത്തിൻ്റെ നെടുംതൂണായ അനഘ ഉണ്ണി, ‘ക്ലാരിറ്റി ബ്രൂ’ എന്ന ലൈഫ് കോച്ചിങ് കമ്പനി നടത്തുന്ന പരിശീലകയും സംരംഭകയുമായ റീതു ജോർജ്ജ് എന്നിവർക്കെല്ലാം മന്ത്രിയും മറ്റു പ്രധാന അതിഥികളും ചേർന്നു പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. സംഗീതരംഗത്തെ മികവിനുള്ള പുരസ്ക്കാരങ്ങൾ നേടിയ മലയാളിയായ ഹിന്ദി റാപ് ഗായിക അനുമിത നടേശനും 2020-ൽ ഇറങ്ങിയ ‘പെൺ റാപ്’ എന്ന ആർബത്തിലൂടെ ശ്രദ്ധേയയായ സ്ത്രീശാക്തീകരണപ്രവർത്തകയും ഗാനരചയിതാവും ആയ ഇന്ദുലേഖയും അംഗീകാരം ഏറ്റുവാങ്ങി വേദിയിൽ പാടിയതും സദസിനു ഹരമായി. തുടർന്ന്, പുഷ്പവതിയുടെ ഗസലുകളും മഹാലക്ഷ്മിയും സംഘവും അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തവും അരങ്ങു നിറച്ചു. രാവിലെ 7 30 മുതൽ വൈകിട്ട് 6 വരെ പ്രധാന വേദിയിൽ അനിമൽ ഫ്ലോ, മാക്രേം, ആംഗ്യഭാഷ, മൺപാത്രനിർമ്മാണം, ജ്വല്ലറി ആർട്ട്, അമ്പെയ്ത്, ഇന്റർവ്യൂ ക്രാക്കിങ്, തുടങ്ങിയ വിഷയങ്ങളിൽ ശില്പശാലകൾ നടന്നു. ‘കൃഷിയും വനിതാസംരംഭകരും’ എന്ന വിഷയത്തിൽ നബാർഡിൻ്റെ സഹകരണത്തോടെയുള്ള സെമിനാറും ഉണ്ടായിരുന്നു. ക്രാഫ്റ്റ് വില്ലേജിലെ സ്ഥിരം ക്രാഫ്റ്റ്സ് സ്റ്റുഡിയോകൾക്കു പുറമെ, നബാർഡിൻ്റെ ആഭിമുഖ്യത്തിലുള്ള പ്രത്യേകകരകൗശലസ്റ്റോളുകളും മുപ്പതോളം വനിതാസംരംഭകരുടെ സ്റ്റോളുകളും പ്രശസ്ത ചിത്രകാരി സജിത ശങ്കറിന്റെ പെയിന്റിങ്ങുകളുടെ പ്രദർശനവും വൗ വീക്കിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ .

Author
Citizen Journalist

Fazna

No description...

You May Also Like