നെടുമങ്ങാട് ഡി വൈ എസ് പി നടപടി ക്ഷണിച്ചു വരുത്തരുത്: മനുഷ്യാവകാശ കമ്മീഷൻ

  • Posted on March 30, 2023
  • News
  • By Fazna
  • 83 Views

തിരുവനന്തപുരം : നെടുമങ്ങാട് ഡി വൈ എസ് പി   നടപടി ക്ഷണിച്ചു വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.  ഏപ്രിൽ 17ന് നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരാകാൻ ജില്ലാ റൂറൽ പോലീസ് മേധാവി മുഖാന്തിരം ഡി വൈ എസ് പിക്ക് സമൻസ് അയക്കാനും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവായി. കോവിഡ് ബാധിച്ച് വീട്ടിൽ  ക്വാറൻ്റീനിൽ കഴിഞ്ഞിരുന്ന ഭാര്യക്ക് ന്യൂമോണിയ കലശലായതിനെ തുടർന്ന് ഇരുചക്രവാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ നെടുമങ്ങാട് എസ് ഐ വാഹനം തടഞ്ഞ് പിഴ ചുമത്തി  അപഹസിച്ചതിനെതിരെ നെടുമങ്ങാട് വാളിക്കോട് സ്വദേശി കെ.ജെ.ബിനു സമർപ്പിച്ച പരാതിയിലാണ് നടപടി.പരാതി അന്വേഷിക്കാൻ നെടുമങ്ങാട് ഡി വൈ എസ്..പിക്ക് കമ്മീഷൻ 20 21  ജൂണിൽ നിർദ്ദേശം നൽകിയിരുന്നു.എന്നാൽ റിപ്പോർട്ട് നൽകിയില്ല. നാല് ഓർമ്മക്കുറിപ്പുകൾ അയച്ചിട്ടും മറുപടി നൽകിയില്ല. തുടർന്ന് 2023 ഫെബ്രുവരി 17 ന് റിപ്പോർട്ടുമായി നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. എന്നാൽ ഹാജരായില്ല. തുടർന്ന് മാർച്ച് 16 ന് ഹാജരാകാൻ  നിർദ്ദേശിച്ചെങ്കിലും ഹാജരായില്ല.  ഇത്തരം നടപടി പരാതിക്കാരന് നേരെയുള്ള മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഡി വൈ എസ് പിയുടെ നടപടി  ഗൗരവമായി കാണുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.ഡി വൈ എസ് പി ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാൻ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ അതും  17 ന്  ഹാജരാക്കണം.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like