സമത്വമല്ല, വേണ്ടത് ലിംഗനീതി

  • Posted on January 13, 2023
  • News
  • By Fazna
  • 110 Views

തിരുവനന്തപുരം: സമഭാവനയോടെ ട്രാൻസ് സമൂഹത്തെ ഉൾക്കൊള്ളേണ്ടതുണ്ടെന്നും ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് വേണ്ടതെന്നും ട്രാൻസ് സമൂഹത്തിലെ ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ വിജയരാജമല്ലികയും സൂര്യ ഇഷാനും അമേയ പ്രസാദും അഭിപ്രായപ്പെട്ടു. നിയമസഭാ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി നടന്ന 'മലയാളത്തിലെ മഴവിൽ അനുഭവങ്ങൾ' എന്ന പാനൽ ചർച്ചയിലാണ് ട്രാൻസ് സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ആവശ്യമായ നടപടികളെക്കുറിച്ചും അവർ മനസ്സുതുറന്നത്.

സ്വന്തം നാട്ടിൽ നിന്നും രക്തബന്ധങ്ങളിൽ നിന്നുപോലും പലപ്പോഴും അവഗണന നേരിടുന്ന ട്രാൻസ് സമൂഹത്തെക്കുറിച്ച് കാര്യമായ അവബോധം സർക്കാർ തലത്തിൽ നടക്കുണ്ടെന്ന് വിജയരാജമല്ലിക പറഞ്ഞു. ജനനം മുതൽ പോരാടുന്ന ഈ വിഭാഗക്കാരെ മറ്റുള്ളവർ യഥാർത്ഥമായി മനസ്സിലാക്കേണ്ടതുണ്ട്. ഭാഷയേക്കാൾ മലയാളിയുടെ മനോഭാവത്തിൽ മാറ്റം വേണം. ട്രാൻസ്ജെൻഡർ വിഷയം അവതരിപ്പിക്കുമ്പോൾ ഭാഷയിൽ മാന്യമായ വാക്കുകളില്ല. ഭാഷ പരിമിതമാണെങ്കിൽ പുതിയ പദങ്ങൾ കണ്ടെത്തണം. പുതിയ എഴുത്തുകാർ വരുന്നതിനാൽ ഭാഷയെക്കുറിച്ച് പ്രതീക്ഷയുണ്ടെന്നും വിജയരാജമല്ലിക വ്യക്തമാക്കി.

ട്രാൻസ് സമൂഹത്തിനായി പുതിയ നിയമങ്ങൾ ആവശ്യമില്ലെന്നും നിലവിലെ നിയമങ്ങളിൽ ഉൾക്കൊള്ളിക്കലാണ് ആവശ്യമെന്നും സൂര്യ ഇഷാൻ ചൂണ്ടിക്കാട്ടി. പൊതുയിടങ്ങളിൽ നിരവധി ബുദ്ധിമുട്ടുകളാണ് ഇപ്പോഴും അനുഭവിക്കുന്നത്. സംരക്ഷിക്കേണ്ടവരും ഒപ്പം നിർത്തേണ്ടവരും   ട്രാൻസ് സമൂഹത്തെ അകറ്റുകയാണ്. എന്നാൽ കൂടുതൽ ആളുകൾ വ്യക്തമായ ബോധ്യത്തോടെ അടുപ്പിക്കുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വേണം. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ട്രാൻസ്  സമൂഹം എല്ലായിടത്തും സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയാണെന്നും സൂര്യ ഇഷാൻ അഭിപ്രായപ്പെട്ടു.

സ്‌കൂൾതലം മുതൽ അവബോധം നൽകിയാലേ ഭിന്നമായി കാണാതെ തുല്യ അവകാശികൾ എന്ന ബോധ്യം വേരുറപ്പിക്കാനാകൂ എന്ന് അമേയ പ്രസാദ് പറഞ്ഞു.  സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പ്രധാന പ്രശ്നം ഭാഷാക്ഷാമമാണെന്ന്   ചർച്ചയിൽ മോഡറേറ്ററായിരുന്ന നിരൂപകനും എഴുത്തുകാരനുമായ സുനിൽ സി ഇ ചൂണ്ടിക്കാട്ടി.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like